2014-05-15 19:50:11

മലിനീകരണത്തിനെതിരെ
പാപ്പാ ഫ്രാന്‍സിസ്


14 മെയ് 2014, വത്തിക്കാന്‍
മെയ് 14-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് പരിസ്ഥിതി മലിനീകരണത്തിനെതിരെ പാപ്പാ ശബ്ദമുയര്‍ത്തിയത്.

തെക്കെ ഇറ്റലിയില്‍ ‘തീയും വിഷവും’ fire and poison എന്നു വിശേഷിപ്പിക്കപ്പെടുന്ന കമ്പാനിയ Campania പ്രവിശ്യയിലെ പരിസ്ഥിതി സംരക്ഷണ പ്രതിനിധിസംഘത്തെ കൂടിക്കാഴ്ചയുടെ അന്ത്യത്തില്‍ അഭിവാദ്യംചെയ്തുകൊണ്ടാണ് പാരിസ്ഥിതിക മലിനീകരണവും നശീകരണവും മനുഷ്യാവകാശ ലംഘനമാണെന്ന് പാപ്പാ സമര്‍ത്ഥിച്ചത്. ഇറ്റലിയില്‍ മാത്രമല്ല, ലോകത്തിന്‍റെ ഇതരഭാഗങ്ങളിലും അധോലോക പ്രസ്ഥാനങ്ങളും സാമൂഹ്യവരുദ്ധരും പരിസ്ഥിതിയുടെ മേഖലയില്‍ നുഴഞ്ഞുകയറിക്കൊണ്ട് മലിനീകരണ നശീകരണ പ്രകൃയകളില്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

നേപ്പിള്‍സിനും കസേര്‍ത്തായ്ക്കും ഇടയ്ക്കുള്ള ഇറ്റലിയുടെ പ്രകൃതി സുന്ദരമായ ഭൂപ്രദേശമാണ് അനിയന്ത്രിതമായ മാലിന്യനിക്ഷേപംമൂലം അത് എന്നും പുകയും വിഷവാതകവും കുമിഞ്ഞുപൊങ്ങുന്ന പ്രദേശമായി മാറിയിരിക്കുകയാണെന്ന് പാപ്പാ കുറ്റപ്പെടുത്തി. കമോറാ camorra എന്ന് ഇറ്റാലിയനില്‍ വിളിക്കുന്ന പാരിസ്ഥിതിക അധോലോക പ്രസ്ഥാനമാണ് അനധികൃതമായ മാലിന്യനിക്ഷേപത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ നിരീക്ഷിച്ചിട്ടുള്ളതാണ്.

ഇറ്റലിയുടെ മദ്ധ്യസ്ഥനും പരിസ്ഥിതിയെയും പ്രകൃതിയെയും പ്രേമിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ പേരാണ് പാപ്പാ ബര്‍ഗോളിയോ സ്വീകരിച്ചത്. ലാളിത്യമാര്‍ന്ന ജീവിതവും, പാവങ്ങളോടുള്ള പ്രതിപത്തിയും, പ്രകൃതി പരിപാലനയിലുള്ള താല്പര്യവും തന്‍റെയും ജീവിതദൗത്യായി പാപ്പാ ഫ്രാന്‍സിസ് സ്വീകരിച്ചിരിക്കുന്നു.









All the contents on this site are copyrighted ©.