2014-05-15 20:39:39

ആയുധശേഖരവും നിര്‍ബ്ബന്ധിത കുടിയേറ്റവും
ലോകത്തിന്‍റെ ഉണങ്ങാത്ത വ്രണങ്ങള്‍


15 മെയ് 2014, വത്തിക്കാന്‍
ആയുധശേഖരവും നിര്‍ബന്ധിത കുടിയേറ്റവും ലോകത്തിന്‍റെ ഉണങ്ങാത്ത വ്രണങ്ങളാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

വത്തിക്കാനിലേയ്ക്ക് നിയമിതരായ ഇന്ത്യ ഉള്‍പ്പെടുയുള്ള 7 രാഷ്ട്രങ്ങളുടെ അംമ്പാസിഡര്‍മാരെ കൂടിക്കാഴ്ചയില്‍ സ്വീകരിക്കവെയാണ് പാപ്പാ ഇങ്ങനെ പരാമര്‍ശിച്ചത്.

സമാധനത്തെപ്പറ്റി ഒരുവശത്ത് പ്രസംഗിക്കുകയും മറുഭാഗത്ത് രാഷ്ട്രങ്ങള്‍ ആയുധങ്ങള്‍ കുന്നുകൂട്ടുകയും ചെയ്യുന്ന പ്രകൃയ വിരോധാഭാസമാണെന്നും, അതുപോലെ ജീവിതപ്രതിസന്ധികളില്‍ കുടിയേറാന്‍ നിര്‍ബന്ധതരായവരോട് ഐക്യദാര്‍ഢ്യവും സാഹോദര്യവും കാണിക്കാതെ, അവരെ പീഡിപ്പിക്കുന്നതും ചൂഷണംചെയ്യുന്നതും മനുഷ്യാന്തസ്സിനു നിരക്കാത്ത പ്രവൃത്തികളാണെന്നും പാപ്പാ വിശേഷിപ്പിച്ചു.

എത്രയോ മനുഷ്യരാണ് കുടിയേറ്റ പ്രതിഭാസത്തില്‍ മരുഭൂമിയുടെ മണലിലും, കടലിന്‍റെ മടിത്തട്ടിലും ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്നും, സഹോദരങ്ങളുടെ ഉത്തരവാദിത്തംകൂടെ നമ്മെ ഏല്പിച്ച ദൈവദൃഷ്ടിയില്‍ അസ്വീകാര്യമായ പ്രവൃത്തിയും കാഴ്ചപ്പാടും പ്രതികരണവുമാണിതെന്നും പാപ്പാ അംമ്പാസിഡര്‍മാരെ ഉദ്ബോധിപ്പിച്ചു.

മനുഷ്യകുടുംബത്തിന്‍റെ സമാധാനത്തിനുള്ള പരിശ്രമങ്ങള്‍ വികസനത്തിന്‍റെയും നീതിയുടെയും പദ്ധതികളാണെന്നും, എത്ര പരിശ്രമിച്ചാലും അത് പൂര്‍ണ്ണമാകാത്തതിനാല്‍ നിരന്തരമായ സമര്‍പ്പണം ഈ മേഖലയില്‍ ആവശ്യമാണെന്നും പാപ്പാ അഭിപ്രായപ്പെട്ടു.

സമാധാനത്തെ ഖണ്ഡിക്കുന്ന ആദ്യഘടകം ആയുധശേഖരമാണെന്നും, വിശിഷ്യ നിയമങ്ങള്‍ക്കു പുറത്ത് അനധികൃതമായ ആയുധശേഖരമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. സമാധാനത്തിന്‍റെ നവമായ കാലഘട്ടം ലോകത്ത് വിരിയിക്കണമെങ്കില്‍ രാഷ്ട്രങ്ങള്‍ ഒത്തൊരുമിച്ചും ശക്തമായും ആയുധസംഭരണത്തിനെതിരെയും നിരായുധീകരണത്തിനായും പരിശ്രമിക്കണ്ടത് ആവശ്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

അതുപോലെ കുടിയേറ്റ മേഖലയില്‍ അന്തസ്സും സ്വാതന്ത്ര്യവും സുരക്ഷയും നേടിയ ജീവിത വിജയത്തിന്‍റെയും വളര്‍ച്ചയുടെയും കഥകള്‍ ഒരുഭാഗത്ത് കേള്‍ക്കുമ്പോള്‍, മറുഭാഗത്ത് നമ്മെ വേദനിപ്പിക്കുകയും കരയിക്കുകയും ചെയ്യുന്ന ദൗര്‍ഭാഗ്യത്തിന്‍റെയും പീഡനത്തിന്‍റെയും ചൂഷണത്തിന്‍റെയും, അടിമത്വത്തിന്‍റെയും കദനകഥകളാണ് കേള്‍ക്കുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.