2014-05-14 19:06:08

മനുഷ്യത്വത്തിനു നിരക്കാത്ത
യുദ്ധസന്നാഹങ്ങള്‍ ഒഴിവാക്കണം


24 ഏപ്രില്‍ 2014, ജനോവ
മനുഷ്യത്വത്തിനു നിരക്കാത്ത യുദ്ധസന്നാഹങ്ങള്‍ നിറുത്തലാക്കണമെന്ന്
ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു.

സ്വതന്ത്രമായ മാരകായുധങ്ങളുടെ ശേഖരത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ ജനീവ അസ്ഥാനത്ത് മെയ് 13-ാം തിയതി ചെവ്വാഴ്ച ചേര്‍ന്ന അന്തര്‍ദേശിയ സമ്മേളനത്തിലാണ് പരുശുദ്ധസിംഹാസനത്തിന്‍റെ വക്താവ്, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി ഇങ്ങനെ പ്രസ്താവിച്ചത്.

നവസങ്കേതികതയുടെ ചുവടുപിടിച്ച് ഇന്ന് രാഷ്ട്രങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന മാരകായുധങ്ങള്‍ മാനവികതയ്ക്കോ മനുഷ്യസംസ്ക്കാരത്തിനോ ഇണങ്ങാത്തതാണെന്നും, വിവേചനമില്ലാത്ത ഈ ആയുധശേഖരത്തില്‍നിന്നും രാഷ്ട്രങ്ങള്‍ പിന്‍തിരിയണമെന്നും, മാനവികതയെ മാനിക്കുന്നതും അന്തര്‍ദേശീയ ധാര്‍മ്മിക നയങ്ങള്‍ക്ക് ഇണങ്ങുന്ന വിധത്തില്‍ രാഷ്ട്രങ്ങള്‍ ഈ മേഖലയില്‍ പെരുമാറണമെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

മനുഷ്യന്‍റെ ജീവ-മരണ സംബന്ധിയായ ഉപകരണങ്ങളാണ് ആയുധങ്ങളെന്നും, അവ മാനവികതയുടെ സംസ്ക്കാരത്തിന് ഇണങ്ങാത്തതാകയാല്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും, നവസാങ്കേതികത ജീവനെ സംരക്ഷിക്കുവാനും പരിപോഷിപ്പിക്കുവാനും ഉതകുന്ന വിധത്തില്‍ രാഷ്ട്രങ്ങള്‍ തിരിച്ചുവിടണമെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി പ്രബന്ധത്തിലൂടെ ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ചു.

സ്വതന്തമായ സാങ്കേതിക ആയുധശേഖരം മാനവികതയുടെ ധാര്‍മ്മികതയ്ക്ക് ചേരാത്തതാകയാല്‍, യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍പ്പോലും മനുഷ്യന്‍റെ ധാര്‍മ്മിക യുക്തി മാരകായുധങ്ങളുടെ ഉപയോഗം അംഗീകരിക്കുകയോ പിന്‍തുണയ്ക്കുകയോ ചെയ്യുകയില്ലെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി.

ഈ മേഖലയില്‍ രാഷ്ട്രങ്ങള്‍ കാണിക്കുന്ന അനാസ്ഥ വ്യാപമായ ക്രമക്കേടുകളിലേയ്ക്കും, പൂര്‍വ്വോപരി മാനവികതയ്ക്കു നിരക്കാത്ത വിധത്തിലുള്ള ക്രൂരതയും കൊല്ലും കൊലയും ലോകത്ത് ഈ നവസഹ്രാബ്ദത്തില്‍ അരങ്ങേറുവാന്‍ ഇടയാക്കുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി ചൂണ്ടിക്കാട്ടി.









All the contents on this site are copyrighted ©.