2014-05-14 11:51:18

ചെറുപ്പക്കാർക്ക് മാതൃകയാകുന്ന സുവിശേഷ കഥാപാത്രങ്ങൾ: മാർപാപ്പയുടെ സന്ദേശം


പ്രിയപ്പെട്ട യുവജനങ്ങളേ,

എന്തു സന്ദേശമാണ് നിങ്ങൾക്ക് നൽകേണ്ടതെന്ന് ഞാൻ ആലോചിക്കുകയായിരുന്നു. “ഒച്ചപ്പാടുണ്ടാക്കുക”, “നിർഭയരായിരിക്കുക”, “സ്വാതന്ത്ര്യത്തോടെ ജീവിക്കണം”, എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ നിങ്ങളോട് പറഞ്ഞുകഴിഞ്ഞു. ഇനിയും എന്താണ് നിങ്ങളോട് പറയേണ്ടത് എന്നു ചിന്തിക്കുമ്പോൾ സുവിശേഷത്തിലെ ചില യുവജനപ്രതിനിധികളാണ് എന്‍റെ മനസിൽ വരുന്നത്. യേശുവിനെ കണ്ടുമുട്ടിയ, യേശുവിനോട് സംസാരിച്ച ചില യുവജനങ്ങൾ.
ഇത് നിങ്ങൾക്ക് ഉപകാരപ്പെടുമെന്നു തോന്നുന്നുണ്ടെങ്കിൽ സ്വീകരിക്കാം ഇല്ലെങ്കിൽ തള്ളിക്കളയാം!

ആദ്യം, യുവഅപ്പസ്തോലൻമാരെ നോക്കാം. എല്ലാവരുമല്ലെങ്കിലും, അപ്പസ്തോലൻമാരിൽ ചിലർ ചെറുപ്പക്കാരായിരുന്നു. ഉദാഹരണത്തിന്, വി.യോഹന്നാൻ വളരെ ചെറുപ്പമായിരുന്നു. യേശു എന്ന വ്യക്തി അവരെ ആഴത്തിൽ സ്വാധീനിച്ചു, വികാരഭരിതരാക്കി. യേശുവുമായുള്ള കൂടിക്കാഴ്ച്ച അവര്‍ക്ക് അത്യാവേശകരമായിരുന്നു. “ഞങ്ങൾ കണ്ടു, മിശിഹായെ ഞങ്ങൾ കണ്ടു”, “പ്രവാചകൻമാർ പറഞ്ഞ മിശിഹായെ ഞങ്ങൾ കണ്ടു” എന്ന് കൂട്ടുകാരോടൊക്കെ അവർ ആർത്തുഘോഷിച്ചു. യേശുവിനെ കണ്ടുമുട്ടിയ ശിഷ്യൻമാർക്ക് സംഭവിച്ചതു നോക്കൂ! എന്തൊരാവേശമായിരുന്നു അവർക്ക്. എന്നാൽ, പിന്നീട് അവർക്കും വീഴ്ച്ചകളുണ്ടായി. അവർ പതറിപ്പോയി. പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞു, യൂദാസ് ഒറ്റുകൊടുത്തു. മറ്റുള്ളവരൊക്കെ അവനെ ഉപേക്ഷിച്ച് ഓടിപ്പോയി. ഇതൊക്കെ എന്തിനാണ് നിങ്ങളോട് പറയുന്നത്? യേശുവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം അവനോടു വിശ്വസ്തനായിരിക്കാൻ എളുപ്പമല്ല, വിശ്വസ്തരായിരിക്കുവാൻ ഒരു പോരാട്ടം തന്നെ വേണ്ടി വന്നേക്കും എന്നു വിശദീകരിക്കാനാണ്.

ഇനി നിങ്ങളോടൊന്ന് ചോദിക്കട്ടെ, “എപ്പോഴാണ് നിങ്ങൾ യേശുവിനെ കണ്ടുമുട്ടിയത്”? “എങ്ങനെയായിരുന്നു ആ അനുഭവം”? “നിങ്ങൾ ഇനിയും യേശുവിനെ കണ്ടുമുട്ടിയിട്ടില്ലേ”? “ക്രിസ്ത്വാനുഭവത്തിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണോ നിങ്ങൾ”? ചെറുപ്പക്കാരായ അപ്പസ്തോലൻമാർ ക്രിസ്തുവിനെ കണ്ടുമുട്ടിയതെങ്ങനെയെന്ന് അനുസ്മരിക്കുവിൻ, പത്രോസും, യാക്കോബും, യോഹന്നാനും, നാഥാനിയേലുമൊക്കെ യേശുവിനെ കണ്ടുമുട്ടിയതെങ്ങനെയാണെന്നും ആ കൂടിക്കാഴ്ച്ച അവരെ എങ്ങനെ സ്വാധീനിച്ചുവെന്നും ധ്യാനിക്കുവിൻ.

സുവിശേഷത്തിലെ യുവജനങ്ങളെ അനുസ്മരിക്കുമ്പോൾ മനസിൽ തെളിയുന്ന മറ്റൊരു ചിത്രം ധനികനായ യുവാവിന്‍റേതാണ്, നല്ലൊരു പയ്യൻ! “ഗുരോ, നിത്യജീവൻ പ്രാപിക്കാൻ ഞാൻ എന്തുചെയ്യണം?” എന്ന് അവൻ യേശുവിനോട് ആരാഞ്ഞു. “പത്തു കൽപനകൾ പാലിക്കുക”, യേശു അവന് മറുപടി നൽകി. “ഞാനതെല്ലാം പാലിക്കുന്നുണ്ട്” ഉടനടി അവൻ പ്രത്യുത്തരിച്ചു. “യേശു അവനെ സ്നേഹിച്ചു” എന്നാണ് സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ, യേശു അവനോടു പറഞ്ഞു, “പക്ഷേ, നിനക്ക് ഒരു കുറവുണ്ട്, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക, എന്നിട്ട് വന്ന് എന്നെ അനുഗമിക്കുക, സുവിശേഷം പ്രഘോഷിക്കുക.” അപ്പോൾ അവൻ സങ്കടത്തോടെ മടങ്ങി. കാരണം അവന് വളരെയേറെ സ്വത്തുണ്ടായിരുന്നു. ക്രിസ്തുവിനുവേണ്ടി അതെല്ലാം ഉപേക്ഷിക്കാൻ അവന് മനസുണ്ടായിരുന്നില്ല. അവന്‍റെ സ്വത്തായിരുന്നു അവന്‍റെ സങ്കടത്തിന് കാരണം.

യേശുവിനെ അനുഗമിച്ച അപ്പസ്തോലൻമാർ സന്തോഷത്താൽ നിറഞ്ഞപ്പോൾ, ധനികനായ യുവാവിന്, സങ്കടത്തോടെ മടങ്ങേണ്ടി വന്നു!

സുവിശേഷത്തിലെ മറ്റൊരു യുവാവാണ് ധൂർത്തനായ പുത്രൻ. തന്നിഷ്ടപ്രകാരം ജീവിക്കാൻ തീരുമാനിച്ച യുവാവ്. പിതാവിന്‍റെ ശിക്ഷണം പുച്ഛിച്ചുതള്ളിയ അവൻ, പിതൃസ്വത്തിൽ തന്‍റെ പങ്ക് ചോദിച്ചുവാങ്ങി, ദൂരദേശത്തേക്ക് യാത്രയായി. കുറേ നാൾ ധാരാളിത്തത്തിൽ ജീവിച്ചു. മദ്യവും മദിരാശിയും, പാട്ടും കൂത്തുമായി കയ്യിലുണ്ടായിരുന്ന പണമെല്ലാം തീർന്നു. അന്നാട്ടിൽ ആയിടെ രൂക്ഷമായ ക്ഷാമം കൂടി വന്നതോടെ അവന്‍റെ സ്ഥിതി വഷളായി. ജോലി തേടി അലഞ്ഞ അവന് ഒടുവിൽ കിട്ടിയത് പന്നികളെ മേയ്ക്കുന്ന ജോലിയാണ്. പിതൃസ്വത്തായി ലഭിച്ച പണം കൊണ്ട് ധാരാളിത്തത്തിൽ ജീവിച്ച ആ യുവാവ് ജീവിതത്തിലാദ്യമായി ‘വിശപ്പ്’ എന്താണെന്ന് അനുഭവിച്ചറിഞ്ഞു.
എന്നിട്ടും, നല്ലവനായ ദൈവം അവനോട് കരുണകാട്ടി. നമ്മുടെ വീഴ്ച്ചകൾ പോലും, ദൈവം നമ്മോട് സംസാരിക്കാനുള്ള അവസരമായിത്തീർക്കും. “നീ തോറ്റുപോയി, നീ ചെയ്തുകൂട്ടിയതൊക്കെ കണ്ടില്ലേ” എന്ന ശകാരിച്ച്, അവനെ ഉപേക്ഷിക്കുന്നതിനു പകരം, ദൈവം അവന്‍റെ മനസിൽ പ്രത്യാശയുടെ വിത്തുപാകി. സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കൂ, “അപ്പോൾ അവന് സുബോധമുണ്ടായി. അവൻ പറഞ്ഞു: എന്‍റെ പിതാവിന്‍റെ എത്രയോ ദാസൻമാർ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു. ഞാനോ ഇവിടെ വിശന്നു മരിക്കുന്നു. ഞാൻ എഴുന്നേറ്റ് എന്‍റെ പിതാവിന്‍റെ അടുത്തേക്കു പോകും. ഞാൻ അവനോടു പറയും. പിതാവേ, സ്വർഗത്തിനെതിരായും നിന്‍റെ മുമ്പിലും ഞാൻ പാപം ചെയ്തു. നിന്‍റെ പുത്രൻ എന്നു വിളിക്കപ്പെടാൻ ഞാൻ ഇനി യോഗ്യനല്ല.” അങ്ങനെ അവൻ പിതാവിന്‍റെ പക്കലേക്ക് യാത്രയായി. തിരിച്ചെത്തിയപ്പോൾ, വർഷങ്ങളായി തന്നെയും കാത്തിരിക്കുന്ന അപ്പനെ കണ്ട് അവൻ അത്ഭുതസ്തബ്ദനായി! വർഷങ്ങളായി, എന്നും രാവിലേയും വൈകീട്ടും തന്‍റെ മകൻ മടങ്ങിവരുന്നുണ്ടോ എന്നു നോക്കുന്നത് ആ പിതാവിന്‍റെ പതിവായിരുന്നു. അതുകൊണ്ടാണ് ‘പിതാവ് അവനെ ദൂരെ നിന്നേ കണ്ടു’ എന്ന് സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നത്. അവൻ വരുന്നത് ദൂരെ നിന്നേ കണ്ട പിതാവ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. അവനുവേണ്ടി വിരുന്നൊരുക്കി. കലഹിച്ചു പിരിഞ്ഞ്, പിതാവിന്‍റെ സ്വത്തെല്ലാം ധൂർത്തടിച്ച ആ മഹാപാപി, അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ഒന്ന് അപ്പോൾ അനുഭവിച്ചറിഞ്ഞു, -‘കാരുണ്യത്തിന്‍റെ ആശ്ലേഷം’.

സുവിശേഷത്തിലെ മറ്റൊരു യുവാവ്, മൃതിയടഞ്ഞ യുവാവാണ്, നായിമിലെ വിധവയുടെ ഏക മകൻ. യേശുവിന് കരുണതോന്നിയത് ആ യുവാവിനോടല്ല, അവന്‍റെ അമ്മയായ വിധവയോടായിരുന്നു. വിധവയായ അമ്മ കാരണം ആ മകനിൽ അത്ഭുതം സംഭവിച്ചു, അവൻ ഉയിർപ്പിക്കപ്പെട്ടു.

ഇവരിൽ ആരെപ്പോലെയാണ് നിങ്ങൾ? സന്തോഷത്തോടെ യേശുവിനെ അനുഗമിച്ച അപ്പസ്തോലൻമാരെപ്പോലെയാണോ? യേശുവിനെ അനുഗമിക്കാൻ ആഗ്രഹമുണ്ടെങ്കിലും, മറ്റനേകം കാര്യങ്ങൾ ഉള്ളതുകൊണ്ടോ, ലൗകിക സമ്പത്തിന്‍റെ കെട്ടുപാടുകൾ മൂലമോ യേശുവിനെ അനുഗമിക്കാനാകാതെ വിഷമിക്കുന്ന ധനികനായ യുവാവിന് സമാനമാണോ നിങ്ങളുടെ അവസ്ഥ? പിതാവിന്‍റെ സ്വത്തെല്ലാം ധൂർത്തടിച്ചു നശിപ്പിച്ചെങ്കിലും, ധൈര്യപൂർവ്വം മടങ്ങി വന്ന് കാരുണ്യത്തിന്‍റെ ആലിംഗനം അനുഭവിച്ചറിഞ്ഞ ആ യുവാവിനെപ്പോലെയാണോ നിങ്ങൾ? മൃതിയടഞ്ഞ യുവാവിനെപ്പോലെയാണ് നിങ്ങളെങ്കിൽ, സഭാ മാതാവ് നിങ്ങൾക്കുവേണ്ടി വിലപിക്കുന്നുണ്ടെന്നും, ആ വിലാപത്തിൽ മനസലിഞ്ഞ്, ക്രിസ്തു നിങ്ങളെ ഉയിർപ്പിക്കുമെന്നും അറിഞ്ഞുകൊള്ളുക. പറയൂ, ഇവരിൽ ആരെപ്പോലെയാണ് നിങ്ങൾ?

പിതാവേ, ഇതെന്തൊരു അനീതിയാണ്! ഉദാഹരണങ്ങളെല്ലാം ആൺകുട്ടികളെക്കുറിച്ചാണല്ലോ, ഞങ്ങൾ പെൺകുട്ടികളുടെ കാര്യമോ? എന്ന് പെൺകുട്ടികൾ ഇപ്പോൾ പരാതിപ്പെട്ടേക്കും.

ആര്‍ദ്രതയുടേയും വിശ്വസ്തതയുടേയും അർത്ഥിനികളാണ് നിങ്ങൾ. നിങ്ങളുടെ സ്ഥാനം യേശുവിനെ അനുഗമിച്ച സ്ത്രീകൾക്കൊപ്പമാണ്: നല്ല സമയത്തും മോശം സമയത്തും യേശുവിനോടൊപ്പം ഉണ്ടായിരുന്ന ആ സ്ത്രീകൾക്കിടയിൽ. ജന്മമേകാനും, ആര്‍ദ്രതയുള്ളവരായിരിക്കാനും, സന്തോഷവും സമാധാനവും പങ്കുവയ്ക്കാനും അതിവിശിഷ്ടമായ കഴിവുള്ളവരാണ് സ്ത്രീകൾ. പരിശുദ്ധ കന്യകാ മറിയമാണ് നിങ്ങളുടെ ഏക മാതൃക. വിശ്വസ്തതയുടെ പര്യായമാണ് എന്താണ് തനിക്കു സംഭവിക്കുന്നതെന്ന് മനസിലായില്ലെങ്കിലും ദൈവഹിതത്തിന് പൂര്‍ണ്ണമായും കീഴ്വഴങ്ങിയ മറിയം. ചാര്‍ച്ചക്കാരിയായ എലിസബത്തിന് സഹായം ആവശ്യമാണെന്ന് അറിഞ്ഞ ഉടൻ തന്നെ അവരുടെ പക്കലേക്ക് ഓടിയെത്തിയവൾ, ആവശ്യ നേരത്ത് ഓടിയെത്തുന്ന കന്യകാ നാഥ, സ്വപുത്രന്‍റെ ജീവരക്ഷാര്‍ത്ഥം അന്യദേശത്തേക്ക് പലായനം ചെയ്ത അമ്മ, തന്‍റെ തിരുക്കുമാരനെ വളര്‍ത്തി വലുതാക്കിയ പ.മറിയം, യേശു പരസ്യ ജീവിതം ആരംഭിച്ചപ്പോൾ അവിടുത്തെ അനുഗമിച്ചവൾ, മകന്‍റെ എല്ലാ വേദനയിലും സഹനത്തിലും പങ്കുചേര്‍ന്നവൾ!
എല്ലായ്പ്പോഴും യേശുവിന്‍റെ കൂടെയുണ്ടായിരുന്ന മറിയം, ചുറ്റുമുള്ള എല്ലാ പ്രശ്നങ്ങളും അവനെ അറിയിക്കുകയും ചെയ്തിരുന്നു, കാനായിലെ കല്യാണ വിരുന്നിൽ വീഞ്ഞ് തീര്‍ന്നുപോയപ്പോൾ സംഭവിച്ചതുപോലെ! കുരിശു മരണത്തിന്‍റെ സമയത്തും പ.അമ്മ യേശുവിന്‍റെ ചാരെ നിന്നു...
ഞങ്ങൾ പുരുഷൻമാര്‍ക്കില്ലാത്ത ഒരു കഴിവുണ്ട് സ്ത്രീകൾക്ക്. ജന്മമേകാനും ആര്‍ദ്രതയുള്ളവരായിരിക്കാനുമുള്ള കഴിവ്. നിങ്ങൾ സഭയിലെ സ്ത്രീകളാണ്. സഭ എന്ന പദം തന്നെ നോക്കൂ, അതൊരു സ്ത്രീലിംഗ പദമാണ്. പ.മറിയത്തെപ്പോലെ, സ്ത്രൈണമാണ് തിരുസഭയും. അവിടെയാണ് നിങ്ങളുടെ ഇടം. സഭ ആയിരിക്കുക, സഭയോടൊപ്പം ആയിരിക്കുക, സഭയോട് ഒന്നായിരിക്കുക! യേശുവിനോട് ചേർന്ന് സഭയ്ക്കൊപ്പം സഞ്ചരിക്കുക, നിങ്ങളുടെ ആർദ്രഭാവം പകർന്ന് സഭയെ വളർത്തുക... വാത്സല്യമയിയും, ശുശ്രൂഷാ സന്നദ്ധയും, ആശ്വാസദായിനിയുമായ പരിശുദ്ധ മറിയം നിങ്ങളെ വഴിനയിക്കട്ടെ.
ശരി, ഇപ്പോൾ പെൺകുട്ടികളുടെ പരിഭവം മാറിക്കാണുമല്ലോ, ഒടുവിൽ നിങ്ങൾ ആൺകുട്ടികളെ തോൽപ്പിച്ചില്ലേ!
യേശുനാഥനെ, ഉത്ഥിതനായ യേശുനാഥനെ, കണ്ടുമുട്ടാൻ നിങ്ങൾക്കേവർക്കും സാധിക്കട്ടേയെന്ന് ആശംസിക്കുന്നു. ഭയപ്പെടാതെ, യേശുവിലും, പരിശുദ്ധമറിയത്തിലും ദൃഷ്ടിയുറപ്പിച്ച് മുന്നോട്ട് പോവുക! നിങ്ങളുടെ പാപങ്ങളെല്ലാം അവിടുന്ന് നിങ്ങളോട് ക്ഷമിക്കും. നിങ്ങൾ മുന്നോട്ടു പോവുക.........
എനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും നിങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു.
യേശുനാഥൻ നിങ്ങളെ അനുഗ്രഹിക്കുകയും പ.മറിയം നിങ്ങളെ കാത്തു സംരക്ഷിക്കുകയും ചെയ്യുമാറാകട്ടെ.....

(ഫ്രാൻസിസ് മാര്‍പാപ്പ ബ്യൂനസ് എയിരെസിലെ യുവജനങ്ങൾക്ക് നൽകിയ സന്ദേശം, 26 ഏപ്രിൽ 2014)









All the contents on this site are copyrighted ©.