2014-05-14 18:35:31

കുടിയേറ്റനയങ്ങള്‍ക്ക്
സംഘടിതമായ പ്രതിവിധി വേണം


14 മെയ് 2014, റോം
കുടിയേറ്റനയങ്ങള്‍ക്ക് സംഘടിതമായ പ്രതിവിധി കണ്ടെത്തണമെന്ന്, യൂറോപ്യന്‍ മനുഷ്യാവകാശ കമ്മിഷന്‍റെ ഡയറക്ടര്‍, ലീഡിയോ ഓ,കെയിന്‍ പ്രസ്താവിച്ചു. ഇറ്റലിയുടെ തീരങ്ങളില്‍, ലാമ്പെദൂസാ പ്രദേശത്ത് മെഡിറ്ററേനിയന്‍ കടലില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ ദുരന്തങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് യൂറോപ്യന്‍ യൂണിയന്‍ ഇനിയും സംഘടിതമായ തീരുമാനവും പ്രതിവിധികളും കുടിയേറ്റമേഖലയില്‍ കണ്ടെത്തണമെന്ന് മെയ് 14-ന് ഇറക്കിയ പ്രസ്താവനയിലാണ് ഓ,കെയിന്‍ അഭ്യര്‍ത്ഥിച്ചത്.

ആസന്നമാകുന്ന യൂറോപ്പിയന്‍ പാര്‍ലിമെന്‍ററി തിരഞ്ഞെടുപ്പില്‍ കുടിയേറ്റം ശ്രദ്ധേയമാകുന്ന വിഷയമാണെന്നും, യൂറോപ്പിലെ മറ്റു രാജ്യങ്ങള്‍ കൂടുതലായി കുടിയേറ്റക്കാരുടെ പ്രശ്നങ്ങളില്‍ സഹായിക്കണമെന്ന അഭ്യാര്‍ത്ഥന
ഇറ്റലി നിരന്തരമായി ഉയര്‍ത്തുന്നുണ്ടെന്നും, ഓ,കെയിന്‍ ചൂണ്ടിക്കാട്ടി.

സാമൂഹ്യവും രാഷ്ട്രീയവും കാലാവസ്ഥാപരവുമായ കെടുതികളില്‍പ്പെട്ട് ജീവരക്ഷാര്‍ത്ഥം യൂറേപ്പിലേയ്ക്ക് കുടിയേറുന്നവര്‍ ആദ്യമെത്തുന്നത് ഇറ്റലിയുടെ സര്‍ദീനിയ, ലാമ്പദൂസ പ്രവിശ്യയിലാണെന്നും, മറ്റു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നും വേണ്ടുവോളം സഹകരണം ലഭിക്കാത്തതിനാല്‍ കുടിയേറ്റക്കാരെ ന്യായമായും മനുഷ്യാവകാശപരമായി കൈകാര്യംചെയ്യുന്നതിനും, സുരക്ഷിതമായി അവരെ ജീവിതമേഖലകളില്‍ എത്തിക്കാന്‍ സാധിക്കാതെ പോകുന്നുണ്ടെന്നും ഓ,കെയിന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞവര്‍ഷം ജൂലൈ മാസത്തില്‍ പാപ്പാ ഫ്രാന്‍സിസ് ഇറ്റലിയുടെ തീരങ്ങളിലേയ്ക്കു നടത്തിയ ഇടയസന്ദര്‍ശനങ്ങള്‍ കുടയേറ്റക്കാരെക്കുറിച്ചുള്ള ആകുലതയും ആശങ്കയും കൊണ്ടായിരുന്നെന്നും, പാപ്പായുടെ നിരന്തരമായ അഭ്യര്‍ത്ഥനകള്‍ കുടിയേറ്റമേഖലയില്‍ ഇനിയും യൂറോപ്യന്‍ രാജ്യങ്ങള്‍ കാണിക്കേണ്ട മെച്ചപ്പെട്ട പ്രതിബദ്ധതയാണ് ആവശ്യപ്പെടുന്നതെന്നും യൂറോപ്യന്‍ മനുഷ്യാവകാശ കമ്മിഷന്‍റെ ഡയറക്ടര്‍ ഓ,കെയിന്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.