2014-05-14 18:44:12

ആന്‍റണ്‍ ദുര്‍ക്കോവിച്ച്
വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക്


14 മെയ് 2014, വത്തിക്കാന്‍
റൊമേനിയന്‍ രക്തസാക്ഷി ബിഷപ്പ് ആന്‍റണ്‍ ദുര്‍ക്കോവിക്ക് വാഴ്ത്തപ്പെട്ടവരുടെ
പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടും.

പാപ്പാ ഫ്രാന്‍സിസ് 2013 ഒക്ടോബര്‍ 31-ല്‍ പുറപ്പെടുവിച്ച ഡിക്രി പ്രകാരമാണ് റൊമേനിയിലെ കമ്യൂണിസ്റ്റ് പീഡനകാലത്ത് രക്തസാക്ഷിത്വം വരിച്ച ബുക്കാറെസ് രൂപതാദ്ധ്യക്ഷന്‍,
ബിഷപ്പ് ആന്‍റണ്‍ ദുര്‍ക്കോവിക്ക് വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നതെന്ന്, വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാത്തോ മെയ് 14-ാം തിയതി ബുധനാഴ്ച, വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

മെയ് 17-ാം തിയതി ശനിയാഴ്ച രാവിലെ ബുക്കാറസ് കത്തിഡ്രല്‍ ദേവാലയത്തില്‍ കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാത്തോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ദിവ്യബലിമദ്ധ്യേ രക്തസാക്ഷിയായ ബിഷപ്പ് ആന്‍റണ്‍ ദുര്‍ക്കോവിക്ക് വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടും.

രണ്ടാം ലോകാ മഹായുദ്ധത്തിനുശേഷം റോമേനിയയില്‍ വിശ്വാസം പ്രചരിപ്പിക്കുന്നതിലും ക്രിസ്തീയ മൂല്യങ്ങള്‍ പഠിപ്പിക്കുന്നതിലും തീക്ഷ്ണമതിയായിരുന്ന ബിഷപ്പ് ദുര്‍ക്കോവിക്ക് കമ്യൂണിസ്റ്റ് ഭരണത്തിന്‍റെ പീഡനങ്ങള്‍ക്കു വിധേയനായി 1951 ഡിസംബര്‍ 21-ാം തിയതിയാണ് രക്തസാക്ഷിത്വം വരിച്ചതെന്ന് കര്‍ദ്ദിനാള്‍ അമാത്തോ അറിയിച്ചു.

1888-ല്‍ ഓസ്ട്രിയായിലെ ഹോണിലാണ് ദുര്‍ക്കോവിക്കിന്‍റെ ജനനം.
1949-ല്‍ റോമേനിയന്‍ കമ്യൂണിസ്റ്റ് ഭരണകൂടം ബുക്കാറെസ്റ്റില്‍ അദ്ദേഹത്തെ ബന്ധിയാക്കിയശേഷം, 1951-വരെ ജയില്‍വാസം അനുഭവിക്കുകയും നിരവധിയായ പീഡനങ്ങള്‍ക്ക് വിധേയനാക്കപ്പെടുകയും ചെയ്തിട്ടുള്ളതിന് തെളിവുകള്‍ ഉണ്ടെന്ന്, കര്‍ദ്ദിനാള്‍ അമാത്തോ അഭിമുഖത്തില്‍ വെളിപ്പെടുത്തി.









All the contents on this site are copyrighted ©.