2014-05-13 17:14:41

ലാമ്പെദൂസായിൽ വീണ്ടും ദുരന്തവിലാപം


13 മെയ് 2014, ലാമ്പെദൂസ
ലാമ്പെദൂസായിൽ വീണ്ടും ദുരന്തത്തിന്‍റെ വിലാപം മുഴങ്ങുന്നു. തെക്കു-പടിഞ്ഞാറൻ ഇറ്റലിയിലെ ലാമ്പെദൂസാ ദ്വീപിലണയാൻ ശ്രമിച്ച നാൽപതിലേറെ അഭയാർത്ഥികൾ സമുദ്രയാത്രയ്ക്കിടയിൽ അതിദാരുണമായി മരണമടഞ്ഞു. ഉത്തരാഫ്രിക്കയിൽ നിന്നെത്തിയ അനധികൃത കുടിയേറ്റക്കാരാണ് മരണമടഞ്ഞവരിൽ ഭൂരിഭാഗവും. അതേസമയം, സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറിലേറെപ്പേരെ രക്ഷപ്പെടുത്താൻ ഇറ്റാലിയൻ തീരസേനയ്ക്കു സാധിച്ചു.
ലാമ്പെദൂസായിലെ അഭയാർത്ഥി കേന്ദ്രത്തിന്‍റെ ഡയറക്ടർ ഫാ.ജൊവാന്നി ലാ മന്ന, ദുരന്തത്തിൽ ദുഃഖവും വേദനയും രേഖപ്പെടുത്തി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ പാടില്ല! യുദ്ധത്തിൽ നിന്നും സ്വേച്ഛാധിപതികളുടെ ക്രൂരഭരണത്തിൽ നിന്നും രക്ഷനേടാൻ പലായനം ചെയ്യുന്ന സാധു മനുഷ്യർക്ക് അഭയമേകാനും അവരുടെ സുരക്ഷ ഉറപ്പുവരുത്താനും യൂറോപ്പിന് കടമയുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. മനുഷ്യക്കടത്തുകാരുടെ പിടിയലകപ്പെടാതെയോ, സാഹസികവും അതീവദുഷ്ക്കരവുമായ ബോട്ടുയാത്ര കൂടാതെയോ യൂറോപ്പിലെത്താൻ അഭയാർത്ഥികൾക്ക് കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളതെന്നും അദ്ദേഹം വിലപിച്ചു. മനുഷ്യജീവൻ രക്ഷിക്കാൻ എല്ലാവരും കടപ്പെട്ടിരിക്കുന്നുവെന്നും ഫാ.ജൊവാന്നി ലാ മന്ന പ്രസ്താവിച്ചു.

ഫ്രാൻസിസ് പാപ്പായുടെ ആദ്യ ഇടയസന്ദർശനങ്ങളിലൊന്ന് ലാമ്പെദൂസായിലേക്കായിരുന്നു. 2013 ജൂലൈ 8ന് ലാമ്പെദൂസാ സന്ദർശിച്ച പാപ്പ, കുടിയേറ്റ ശ്രമത്തിനിടയിൽ ജീവന്‍ പൊലിഞ്ഞ ഇരുപതിനായിരത്തോളം അഭയാര്‍ത്ഥികള്‍ക്ക് ആദരാഞ്ജലി അർപ്പിക്കുകയും, ദ്വീപിലുണ്ടായിരുന്ന കുടിയേറ്റക്കാരുമായി സ്നേഹസംവാദത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു.







All the contents on this site are copyrighted ©.