2014-05-12 16:47:51

പള്ളിക്കൂടത്തോട് ഇഷ്ടം കൂടാം


12 മെയ് 2014, വത്തിക്കാൻ
ഇറ്റാലിയൻ സ്ക്കൂൾ വിദ്യാർത്ഥികളുമായി ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച്ച നടത്തി. മൂന്നു ലക്ഷത്തിലേറെ സ്ക്കൂൾ വിദ്യാർത്ഥികളും, അധ്യാപകരും, സ്ക്കൂൾ അധികൃതരും മെയ് 10ന് വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാനെത്തിയിരുന്നു.
വിദ്യാഭ്യാസത്തോടും വിദ്യാലയത്തോടും തനിക്കുള്ള സ്നേഹത്തെക്കുറിച്ച് തദവസരത്തിൽ പങ്കുവയ്ച്ച പാപ്പ, വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികളിൽ പതറിപ്പോകരുതെന്നും, വിദ്യാലയത്തോടുള്ള സ്നേഹം കവർന്നെടുക്കാൻ ആരേയും അനുവദിക്കരുതെന്നും അവരെ ഉത്ബോധിപ്പിച്ചു.
പ്രാഥമിക വിദ്യാഭ്യാസ കാലത്തെ ഒരു അധ്യാപികയാണ് പഠനത്തേയും വിദ്യാലയത്തേയും സ്നേഹിക്കാൻ തന്നെ പരിശീലിപ്പിച്ചതെന്ന് പാപ്പ വെളിപ്പെടുത്തി. യാഥാർത്ഥ്യത്തോട് തുറവുള്ളവരായിരിക്കാനും, അപരനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കുകയും ചെയ്യുന്ന ഇടമാണ് വിദ്യാലയം. സത്യവും നന്മയും സൗന്ദര്യവും അഭ്യസിക്കാനുള്ള വേദികൂടിയാണതെന്ന് പാപ്പ വിദ്യാർത്ഥികളേയും അധ്യാപകരേയും വിദ്യാഭ്യാസ മേഖലയിലെ മറ്റെല്ലാ ഉത്തരവാദിത്വപ്പെട്ടവരേയും ഓർമ്മിപ്പിച്ചു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും പാപ്പ തദവസരത്തിൽ പരാമർശിച്ചു. ‘സത്യസന്ധമായ തോൽവിയാണ് കളങ്കിതമായ വിജയത്തേക്കാൾ നല്ലത്’.
അറിവും, വിവരവും ആർജ്ജിക്കുന്നതിനു പുറമേ, നല്ല ശീലങ്ങളും മൂല്യങ്ങളും അഭ്യസിക്കുന്നതും വിദ്യാഭ്യാസത്തിന്‍റെ ഭാഗമാണ്. മനസിന്‍റേയും, ഹൃദയത്തിന്‍റേയും, കരങ്ങളുടേയും ഭാഷ പരിശീലിപ്പിക്കുന്ന കളരിയായിരിക്കണം വിദ്യാലയമെന്നും പാപ്പ വിശദീകരിച്ചു.









All the contents on this site are copyrighted ©.