2014-05-10 11:41:13

സ്നേഹംകൊണ്ടു തീര്‍ക്കേണ്ട
ഇടയവാതായനങ്ങള്‍ - ക്രിസ്തു നല്ലിടയന്‍


RealAudioMP3
വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 10, 1-10
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ആട്ടിന്‍തൊഴുത്തിലേയ്ക്കുള്ള വാതിലിലൂടെയല്ലാതെ മറ്റു വഴിക്കു കടക്കുന്നവന്‍ കള്ളനും കവര്‍ച്ചക്കാരനുമാണ്. എന്നാല്‍, വാതിലിലൂടെ പ്രവേശിക്കുവന്‍ ആടുകളുടെ ഇടയനാണ്. കാവല്‍ക്കാരന്‍ അവനു വാതില്‍ തുറന്നുകൊടുക്കുന്നു. ആടുകള്‍ അവന്‍റെ സ്വരം കേള്‍ക്കുന്നു. അവന്‍ തന്‍റെ ആടുകളെ പേരുചൊല്ലി വിളിക്കുകയും പുറത്തേയ്ക്കു നയിക്കുകയും ചെയ്യുന്നു. തനിക്കുള്ളതിനെയെല്ലാം പുറത്തിറക്കിയിട്ട് അവന്‍ അവയ്ക്കുമുന്‍പേ നടക്കുന്നു. അവന്‍റെ സ്വരം തിരിച്ചറിയുന്നതുകൊണ്ട് ആടുകള്‍ അവനെ അനുഗമിക്കുന്നു. അവ ഒരിക്കലും അപരിചിതനെ അനുഗമിക്കുകയില്ല. അന്യരുടെ സ്വരം അറിയാത്തതിനാല്‍ അവ അവരില്‍‍നിന്ന് ഓടിയകലും.
യേശു അവരോട് ഈ ഉപമ പറഞ്ഞു. എന്നാല്‍, അവിടുന്നു തങ്ങളോടു പറഞ്ഞത് എന്തെന്ന് അവര്‍ മനസ്സിലാക്കിയില്ല.

അതുകൊണ്ട് യേശു വീണ്ടും പറഞ്ഞു. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാനാണ് ആടുകളുടെ വാതില്‍. എനിക്കു മുന്‍പേ വന്നവരെല്ലാം കള്ളന്മാരും കവര്‍ച്ചക്കാരുമായിരുന്നു. ആടുകള്‍ അവരെ ശ്രവിച്ചില്ല. ഞാനാണ് വാതില്‍, എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും. അവന്‍ അകത്തു വരുകയും പുറത്തു പോവുകയും മേച്ചില്‍സ്ഥലം കണ്ടെത്തുകയും ചെയ്യും. മോഷ്ടിക്കുവാനും കൊല്ലുവാനും നശിപ്പിക്കുവാനുമാണ് കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവന്‍ നല്കുവാനും അത് സമൃദ്ധമായി നല്കുവാനുമാണ്.

എറണാകുളം നോര്‍ത്ത് സ്റ്റേഷനായിരുന്നു സ്ഥലം. ട്രെയിന്‍ വരുന്ന ശബ്ദം കേള്‍ക്കാം.
വണ്ടി പ്ലാറ്റഫോമില്‍ അടുത്തു. എല്ലാവരും വണ്ടിയില്‍ കയറാനും, സീറ്റു പിടിക്കാനും ഓടുകയാണ്. അന്ധനായ കളിപ്പാട്ട വില്‍പ്പനക്കാരന്‍റെ പൊക്കണം ആരോ തിരക്കില്‍ തട്ടി താഴെയിട്ടു. ചിതറി വീണ കളിപ്പാട്ടങ്ങളുടെ ശബ്ദംമാത്രം പാവംമനുഷ്യന്‍ കേള്‍ക്കുന്നുണ്ട്.
അയാള്‍ അമ്പരന്നു മാറിനിന്നു. ട്രെയിന്‍ കടന്നുപോയി.
ആള്‍ പെരുമാറ്റം നിലച്ചപ്പോള്‍ ആരോ ഒരാള്‍ കളിപ്പാട്ടങ്ങള്‍ ശേഖരിച്ച് അയാളുടെ തട്ടത്തില്‍ കൊണ്ടുചെന്നു വച്ചു. കിലുങ്ങുന്ന അവസാനത്തെ കളിപ്പാട്ടവും അയാള്‍ പെറുക്കിവച്ചിട്ട്, അന്ധനായ മനുഷ്യനെ കൈക്കുപിടിച്ച് സ്വസ്ഥമായ സ്ഥലത്തെത്തിച്ചു. അപ്പോള്‍ അന്ധന്‍ ആ മനുഷ്യന്‍റെ കൈയ്യില്‍ മുറുക്കെ പിടിച്ചിട്ട് വിതുമ്പി. “എന്നെ ഇത്രത്തോളം സഹായിക്കുവാനും, നയിക്കുവാനും സര്‍, നിങ്ങള്‍ ക്രിസ്തുവോണോ?”

നയിക്കുന്നവനും അപരനെ തുണയ്ക്കുന്നവനും എല്ലാ അര്‍ത്ഥത്തിലും അണിയുന്നത് ക്രിസ്തുവിന്‍റെ ഇടയഭാവമാണ്. നല്ലിടയനായ ക്രിസ്തുവിന്‍റെ സ്നേഹം പങ്കുവയ്ക്കുകയാണ്. അതുകൊണ്ടാണ് പൗലോസ് അപ്പസ്തോലന്‍ കണക്കെ ഒരാള്‍ വിളിച്ചുപറഞ്ഞത്,
“ഞാനല്ല, എന്നില്‍ ക്രിസ്തുവാണ് ജീവിക്കുന്നത്” (ഗലാത്തി. 2, 20).
സ്വന്തം ആടുകളെ കൊന്നുതിന്നുന്ന കെട്ട-ഇടയന്മാരും, ആടുകള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്ന നല്ലിടയന്മാരുമുണ്ട് ലോകത്ത്. ഇന്നത്തെ സുവിശേഷത്തില്‍ ക്രിസ്തു നല്ലിടയന്‍റെ ഉപമ പറയുന്നു.

“ഇസ്രായേലിന്‍റെ ഇടയനേ, തന്‍റെ ആട്ടിന്‍പറ്റത്തെപ്പോലെ ജോസഫിനെ നയിച്ചവനേ, എന്നെ ചെവിക്കൊള്ളണമേ...” (സങ്കീര്‍ത്തനം 80, 1) എന്ന് സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവത്തെ ഇടയനായി ഇസ്രായേല്‍ ജനം കണക്കാക്കി. ദൈവജനത്തെ നയിക്കുന്നവര്‍ ഇടയന്മാരാണ്. ദാവീദ് ഇടയച്ചെറുക്കനായിരുന്നു. പിന്നീട് രാജാവ് എന്ന നിലയില്‍ അയാള്‍ ഇസ്രായേലിന്‍റെ ഇടയനായിരുന്നു. എന്നാല്‍ ഇസ്രായേലിന്‍റെ പിന്നീടു വന്ന ഇടയന്മാര്‍.ആടുകളെ പോറ്റുന്നതിനു പകരം തങ്ങളെത്തന്നെ പോറ്റുന്നവരായിത്തീര്‍ന്നു
“അവര്‍ കൊഴുത്തതിനെ കൊന്നുതിന്നുകയും, മേദസ്സു ഭക്ഷിക്കുകയും അതിന്‍റെ രോമംകൊണ്ടു വസ്ത്രമുണ്ടാക്കി ധരിക്കുകയും ചെയ്തു. ദുര്‍ബ്ബലമായ ആടുകളെ അവര്‍ താങ്ങിയില്ല. മുറിവേറ്റവയെ വച്ചുകെട്ടിയില്ല. വഴിതെറ്റിയതിനെ തിരികെ കൊണ്ടുവന്നില്ല. കാണാതായതിനെ തേടിയില്ല. മാത്രമല്ല, അവര്‍ കഠിനമായും ക്രൂരമായും അവയോടു അവര്‍ പെരുമാറി. അവയെ തിരയാനോ, തേടുവാനോ ആരുമുണ്ടായില്ല” (എസേക്കിയേല്‍ 34, 1-10). എന്നാണ് എസേക്കിയേല്‍ പ്രവാചകന്‍ പറയുന്നത്. അതിനാല്‍ ദൈവം തന്നെ ഇസ്രായേലില്‍ ഇടയനായി വരുമെന്ന് എസെക്കിയേല്‍ പ്രവചിച്ചിട്ടുണ്ട്. “ഇതാ, ഞാന്‍തന്നെ എന്‍റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും, ഞാന്‍ അവയെ നയിക്കും” (എസെ. 34, 11).
“ഞാനാണ് ആടുകളുടെ വാതില്‍, ഞാനാണ് നല്ല ഇടയന്‍” (യോഹ. 10. 10-11).
ക്രിസ്തുവാണ് ആട്ടിന്‍പറ്റത്തെ ജീവനിലേയ്ക്കു നയിക്കുന്ന സ്നേഹകവാടം. അവിടുന്ന് നിത്യതയിലേയ്ക്കുള്ള വാതിലാണ്.

ദൈവമേ, എന്തുകൊണ്ടാണ് ഈ വാതില്‍പ്പടികള്‍ നീ ഉണ്ടാക്കിയിരിക്കുന്നത്. തടിത്തരങ്ങള്‍ കൊണ്ടല്ല, മറിച്ച് സ്നേഹംകൊണ്ടാണ്. അങ്ങെ അനന്തമായ സ്നേഹം കടമ്പയായി കുറുകെ കിടക്കുമ്പോള്‍ ആര്‍ക്കാണ് ആ സ്നേഹ വലയം വിട്ട് വഴിതെറ്റിപ്പോകാന്‍ മനസ്സുവരിക. അതൊരു ഹെബ്രായ ശീലത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. നാടോടി ഇടയന്മാര്‍ തങ്ങളുടെ ആടുകളുമായി പച്ചയായ മേച്ചില്‍പ്പുറങ്ങള്‍ തേടി യാത്രയിലാണ്. രാത്രിയില്‍ അവയെ ഏതെങ്കിലും ഗുഹയിലേയ്ക്ക് ആനയിക്കുന്നു. ഗുഹാമുഖം അടയ്ക്കുക സാദ്ധ്യമല്ല. അതുകൊണ്ട് ഇടയന്‍ ഗുഹാമുഖത്ത് കുറുകെ കിടക്കുന്നു. ഒരാടിന് പുറത്തു കടക്കണെങ്കില്‍ ഇടയന്‍റെ നെഞ്ചില്‍ ചവിട്ടാതെ തരമില്ല. ഒരു കള്ളനോ കുറുനിരക്കോ അകത്തു വരണമെങ്കിലും അയാള്‍ അറിയാതെ തരമില്ല. അതുകൊണ്ടാണ് “ആടുകളുടെ വാതില്‍ ഞാനാണ്,” എന്നു ക്രിസ്തു പറഞ്ഞപ്പോള്‍ അവിടുത്തെ കേള്‍വിക്കാരുടെ മിഴികള്‍ സജലമായത്. വീടുവിട്ടുപോയവരൊക്കെ അവനെ കുറുകെ കടന്നവരാണ്. അതിനാല്‍ ക്രിസ്തു പറഞ്ഞ ഈ വരികള്‍ അസാധാരണമായ സംരക്ഷണത്തിന്‍റെ, ദൈവിക രക്ഷണത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

അപ്പോള്‍ അഹിതമായ എന്തെങ്കിലും നമ്മുടെ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ഇടയന്‍ അറിയാതിരിക്കുന്നില്ല എന്നതും ഉറപ്പാണ്. പരിഹാരമോ പ്രതിരോധമോ ഇല്ലാത്ത ചില ദുരന്തങ്ങള്‍ എന്‍റെ ഉമ്മറത്തേയ്ക്ക് പ്രവേശിക്കുമ്പോള്‍ എന്നെ കാക്കുന്നവനും പരിക്കേല്‍ക്കുന്നുണ്ട്, എന്നോര്‍ക്കണം. അതുകൊണ്ടാണ് ‘ക്രിസ്തു ഇപ്പോഴും ശരീരത്തില്‍ സഹിക്കുന്നു’വെന്ന് പൗലോസ് അപ്പസ്തോലന്‍ പറയുന്നത്.

ബുദ്ധപാരമ്പര്യങ്ങളില്‍നിന്ന് ഇങ്ങനെ സംഭവമുണ്ട്. ഇതാ, രാത്രിയുടെ പ്രലോഭനങ്ങളിലേയ്ക്ക് പതിവായി വഴുതിപ്പോകുന്ന ശിഷ്യന്‍!
രാത്രിയില്‍ പതിവായി പുറത്തു ലാത്തുന്ന വയോധികനായ ഗുരു അതു ശ്രദ്ധിച്ചു. മതിലിനോട് ചേര്‍ത്തു വച്ചിരിക്കുന്ന പീഠം. അതില്‍ ചവിട്ടിയാണ് ഉയരമുള്ള ചുറ്റുമതിലിന് കുറുകെ ശിഷ്യന്‍ പുറത്തുകടന്നിരുന്നത്. ഗുരു കരുണയോടെ അതെടുത്ത് മാറ്റി. പിന്നെ രാവുമുഴുവന്‍ അവിടെ ചാരിനിന്നു. പുലരിയായപ്പോള്‍ ശിഷ്യന്‍ ആ വയോധികന്‍റെ കൂനില്‍ ചവിട്ടിയാണ് പിന്നെ ആശ്രമത്തിലേയ്ക്ക് ഇറങ്ങിയത്. “ഓ, ദൈവമേ!” പിന്നെ വിറങ്ങലിച്ചു പോയി. അപ്പോള്‍ ഗുരു പറഞ്ഞു. “മകനേ, സാരമില്ല. നല്ല മഞ്ഞാണ്, അസുഖമൊന്നും വരാതെ സൂക്ഷിക്കണം, കേട്ടോ...” പറയണം, ഇനി അവനെങ്ങനെ പാളുമെന്ന്!! ധാര്‍ഷ്ട്യംകൊണ്ടും ധിക്കാരംകൊണ്ടും ശകാരംകൊണ്ടും ആര്‍ക്കും ആരെയും അധികകാലം സഹായിക്കാനാവില്ല. എന്നാല്‍ സ്നേഹംകൊണ്ട് തീര്‍ത്ത ചില വാതായനങ്ങള്‍ക്കു മുന്നിലാണ് നമ്മള്‍ അധീരരായിത്തീരുന്നത്.

എന്തു ഹൃദ്യമായ സൂചനയാണ് ‘വാതില്‍’ നല്കുന്നത്! തുറന്നിട്ട വാതില്‍ കണക്കെ മനോഹരമായ എത്ര ദൃശ്യങ്ങളുണ്ട് ഭൂമിയില്‍. എന്നാല്‍ കൊട്ടിയടയ്ക്കപ്പെട്ട വാതില്‍പോലെ ഭാരപ്പെടുത്തുവയും ഈ ലോകത്തുണ്ട്.
ഫ്രാന്‍സിസിനെ ആധാരമാക്കി കണ്ട ചലച്ചിത്രം Brother Sun and Sister Moon ഓര്‍മ്മിക്കുന്നു. മഞ്ഞുവീഴുന്ന തെരുവിലൂടെ ഇറ തേടി ഫ്രാന്‍സിസും ലിയോയും അലയുകയാണ്. അവര്‍ക്കു മുന്‍പിലായി അതിവേഗത്തില്‍ ആരോ വലിച്ചടയ്ക്കുന്ന വാതിലുകളുടെ ശബ്ദം കേല്‍ക്കാം. ഹൃദയമെന്ന വ്യാസംകുറഞ്ഞ കിണറിലേയ്ക്ക് ആരോ അമ്മിക്കല്ല് എടുത്തിടുന്നതുപോലെ! മലയാളി അവന്‍റെ വാതിലുകള്‍ അടച്ചിടാന്‍ തുടങ്ങിയിട്ട് അധികം കാലമൊന്നും ആയിട്ടില്ല. അതു മാറ്റമല്ല, പുരോഗമനവുമല്ല. മറിച്ചച് ഒരപകടസൂചനയാണ്. നാഗരികതയെന്ന രോഗാതുരതയുടെ അപകടസൂചനയാണത്, മാത്രമല്ല സ്വാര്‍ത്ഥതയുടെയും. ‘ഇയാളെ എനിക്കു ഭയാണെ’ന്ന്, അയല്‍ക്കാരനെപ്പറ്റി പറഞ്ഞുപരത്തി വാതിലടച്ച് നല്ലതു ചമയുന്നവരുണ്ട്. എന്താ അയാള്‍ ഭീകരനോ?! അല്ല. അകത്തു നിറഞ്ഞു നില്ക്കുന്ന സ്വാര്‍ത്ഥയാലാണ് നാം മറ്റൊരാളെ ഭയക്കുന്നത്, ഭയപ്പെടുന്നത്.
തുറന്നിട്ട ഭവനങ്ങളാണ് യഥാര്‍ത്ഥത്തില്‍ ദേവാലയങ്ങള്‍. ‘അടച്ചിട്ട ഭവനങ്ങളില്‍ ദൈവം വസിക്കുന്നില്ല’ എന്ന ജിബ്രാന്‍റെ വരികള്‍ ചേര്‍ത്തു വായിക്കണം. വിരിച്ച കരങ്ങള്‍പോലെ മനുഷ്യന്‍റെ തുറന്ന ഹൃദയകവാടങ്ങളിലൂടെ ദൈവം ജീവിതത്തിലേയ്ക്ക് കടന്നുവരുന്നു.

തച്ചനായിരുന്നതുകൊണ്ടാവണം ക്രിസ്തുവിന് വാതിലുകളോട് ഇത്രയും പ്രിയം. പഴയ നിയമത്തിലെ പണിക്കാര്‍ കെട്ടിയടച്ച ഇടത്തൊക്കെ ക്രിസ്തു നിറയെ ജാലകങ്ങളും കിളിവാതിലുകളും പണിതീര്‍ത്തു. അങ്ങനെ മനുഷ്യന്‍റെ ആത്മീയതയിലേയ്ക്ക് ഇളവെയിലും ചെറുകാറ്റും മഴയും തമ്പികളും പറന്നുവന്നു. എനിക്കായി സദാ തുറന്നിട്ട വാതില്‍ ക്രിസ്തുവാണ്. ഒന്നാം മണിക്കൂറില്‍ പ്രവേശിച്ചാലും പോക്കുവെയിലിന്‍റെ പൊന്നുവീണ പതിനൊന്നാം യാമത്തില്‍ വന്നാലും നമ്മെ ആന്തരികപ്രഭയുടെ നറുപുഞ്ചിരിയുമായി ക്രിസ്തു കാത്തിരിക്കുന്നു. ദൈവം കാത്തിരിക്കുന്നു, ദൈവം സ്നേഹിക്കുന്നു!

എപ്പോഴും നാം വാതില്‍ സ്ഥാപിക്കുന്നത് രണ്ട് ഇടങ്ങള്‍ക്ക് ഇടയിലാണല്ലോ. അമ്മവീട്ടില്‍ ഒഴിവുകാലം ചെലവഴിക്കാനെത്തിയ കുഞ്ഞിനെപ്പോലെ ഭൂമിയുടെ പ്രിയപ്പെട്ട വിരുന്നുകാരനായി ക്രിസ്തു വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ നമ്മള്‍ പാര്‍ക്കുന്ന ലോകത്തിലും, ഇനി പാര്‍ക്കേണ്ട മറുലോകത്തിനുംമദ്ധ്യേ അവിടുന്നു വാതിലാകുന്നു. The door between our terestrial and celestial planes. ആകാശത്തുനിന്നു വീണ മന്ന ആയിരുന്നില്ല അവിടുന്ന്. ‘അനന്തതയില്‍ നിന്നെത്തിയ ജീവന്‍റെ അപ്പമാണ്’ അവിടുന്ന് (യോഹ. 6, 51). ‘അവിടുത്തെ ഭക്ഷിക്കുന്നവരൊക്കെ ജീവിക്കുമെന്നൊരു’ (യോഹ. 6, 58) വാഗ്ദാനമുണ്ട്. എവിടെയോ ആകാശവും ഭൂമിയും തമ്മില്‍ സന്ധിക്കുന്നുണ്ട്. പഴയ നിയമത്തില്‍, പുറപ്പാടില്‍ കുഞ്ഞാടിന്‍റെ രക്തമുദ്ര പേറുന്ന വാതില്‍പ്പടികള്‍ വിട്ടിട്ട് സംഹാരദൂതന്‍ കടന്നുപോയല്ലേ. അതുപോലെ നല്ലിടയനായ ക്രിസ്തുവിന്‍റെ വിരലടയാളം നെറ്റിയില്‍ പതിഞ്ഞിട്ടുള്ള ജീവിതങ്ങളെയും ഭവനങ്ങളെയും സ്പര്‍ശിക്കാന്‍ തിന്മയും മരണവും ഭയക്കുന്നുണ്ട്, ഭയപ്പെടുന്നുണ്ട്.








All the contents on this site are copyrighted ©.