2014-05-10 18:21:48

പാവങ്ങളെ ഒഴിവാക്കുന്ന
സാമ്പത്തികനയം വ്യാപകമെന്ന്


പാവങ്ങളെ ഒഴിവാക്കുന്ന സാമ്പത്തികനയം
വ്യാപകമാകുന്നുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ്

10 മെയ് 2014, വത്തിക്കാന്‍
മെയ് 9-ാം തിയതി വെള്ളിയാഴ്ച രാവിലെ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വത്തിക്കാനിലെത്തി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. യുഎന്നിന്‍റെ വിവിധ പരിപാടികളുടെയും അതുമായി ബന്ധപ്പെട്ട സാമ്പത്തിക സംവിധാനങ്ങളുടെയും പ്രതിനിധി സംഘത്തോടൊപ്പമാണ് കി മൂണ്‍ വത്തിക്കാനിലെത്തിയത്. പാപ്പാ ഫ്രാന്‍സിസും ബാന്‍ കി മൂണുമായി അപ്പസ്തോലിക അരമനയില്‍ ആദ്യം നടന്ന സ്വാകാര്യ കൂടിക്കാഴ്ചയെ തുടര്‍ന്ന് യുഎന്‍ സംഘത്തിന് പാപ്പാ സന്ദേശം നല്കി സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു.

മനുഷ്യകുലത്തിന്‍റെ സമഗ്രവികസനവും ജനതകള്‍ തമ്മിലുള്ള സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വവും ഇന്നിന്‍റെ ആവശ്യമാണ്, എന്നു പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ആരംഭിച്ചത്. തന്‍റെ മുന്‍ഗാമികളും വിശുദ്ധരുമായ ജോണ്‍ 23-ാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നീ പാപ്പാമാര്‍ അതിനായി അശ്രാന്തപരിശ്രമം നടത്തിയിട്ടുള്ളവരാണെന്ന് പാപ്പാ ഫ്രാന്‍സിസ് അനുസ്മരിച്ചു. ലോകസമാധാനം, മനുഷ്യാന്തസ്സ്, വ്യക്തികളുടെ സംരക്ഷണം, വിശിഷ്യാ പാവങ്ങളുടെ സാമ്പത്തിക സാംസ്ക്കാരിക പുരോഗതി എന്നീ മേഖലകളില്‍ ഐക്യരാഷ്ട്ര സഭയുടെ വിവിധ വിഭാഗങ്ങള്‍ ചെയ്യുന്ന പുരോഗമനപരമായ പ്രവൃത്തനങ്ങളെ പാപ്പാ പ്രശംസിച്ചു.

സഹസ്രാബ്ദ വികസന ലക്ഷൃങ്ങളെ കേന്ദ്രീകരിച്ച് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ യുഎന്‍ നേടിയിട്ടുള്ള വിജയങ്ങള്‍ സ്തുത്യര്‍ഹമാണെന്ന് പ്രസ്താവിച്ച പാപ്പാ,
ഈ മേഖലകളില്‍ ഇനിയും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കേണ്ടതുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.
അച്ചടക്കമുള്ള ഭരണസംവിധാനം നേടിയ വിജയത്തില്‍ സംതൃപ്തരായി ഒരിക്കലും പിന്‍വാങ്ങുകയില്ല, മറിച്ച് കൂടുതല്‍ വിജയം കൈവരിക്കാനായി പിന്നെയും സംഘടിതമായി പരിശ്രമിക്കുകയാണു ചെയ്യുന്നത്. മാനവകുലത്തിന്‍റെ നല്ലൊരു ശതമാനം ജനങ്ങളും ആഗോള നന്മയുടെയും പുരോഗതിയുടെയും നേട്ടങ്ങളില്‍ പങ്കുചേരാന്‍ സാധിക്കാതെ, രണ്ടാം തരക്കാരായി പുറംതള്ളപ്പെടുന്നതിനാല്‍ കൂടുതല്‍ നേട്ടങ്ങള്‍ക്കായി ഇനിയും പരിശ്രമിക്കേണ്ടതുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. സുസ്ഥിതി വികസനപദ്ധതികള്‍ ധീരതയോടും ഔദാര്യത്തോടുംകൂടെ സംവിധാനംചെയ്തുകൊണ്ട് ദാരിദ്ര്യത്തിന്‍റെയും വിശപ്പിന്‍റെയും പ്രതിസന്ധികളെ നേരിടുവാനും, ദാരിദ്ര്യരം ഇല്ലാതാക്കുവാനും ആഗോളതലത്തില്‍ പരിശ്രമിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു. സാമൂഹ്യ പുരോഗതിക്കും മാനവിക സുസ്ഥിതിക്കും ആധാരമായ നല്ലപരിസ്ഥിതി, തൊഴില്‍ മേഖല, കുടുംബങ്ങള്‍ എന്നിവയുടെ ഭദ്രത ഉറപ്പുവരുത്തിക്കൊണ്ടുവേണം സമഗ്രവികസന പദ്ധതികള്‍ വളര്‍ത്തിയെടുക്കാനെന്നും യുഎന്‍ പ്രതിനിധിസംഘത്തോട് പാപ്പാ അഭ്യര്‍ത്ഥിച്ചു.

പാവങ്ങളെ ഒഴിവാക്കുന്ന സാമ്പദ് വ്യവസ്ഥ, ദുര്‍വ്യയത്തിന്‍റെ സംസ്ക്കാരം,
മരണസംസ്ക്കാരം എന്നിവ മാനവികതയുടെ മനസ്സാക്ഷിയില്‍ വ്യാപകമായ അംഗീകാരം മെല്ലെ പിടിച്ചുപറ്റുന്നുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

ക്രിസ്തുവിന്‍റെ ദര്‍ശനഭാഗ്യത്തില്‍ മാനസാന്തരപ്പെട്ട സഖേവൂസ് എന്ന ധനികനായ ചുങ്കാരന്‍റെ സുവിശേഷസംഭവം തുടര്‍ന്ന് പാപ്പാ യുഎന്‍ സംഘത്തിന് വ്യാഖ്യാനിച്ചു കൊടുത്തു (ലൂക്കാ 19, 1-10). പങ്കുവയ്ക്കലിന്‍റെയും സാമൂഹ്യനീതിയുടെയും പരിവര്‍ത്തനമാണ് ക്രിസ്തുവും സഖേവൂസും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫലമായി സംഭവിച്ചത്. സാമ്പത്തിക രാഷ്ട്രീയ സംരംഭങ്ങളുടെ തുടക്കത്തിലും അന്ത്യത്തിലും വ്യക്തികളില്‍നിന്നും, വിശിഷ്യ ഉള്ളവരില്‍നിന്നും ഉന്നതരില്‍നിന്നും ഈ മനംമാറ്റമാണ് പ്രതീക്ഷിക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. അങ്ങനെ സഖേവൂസിന്‍റേതുപോലുള്ള ഔദാര്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും ധീരമായ തീരുമാനവും മാനസാന്തരവും രാഷ്ട്രീയ സാമ്പത്തിക ഏജെന്‍സികളിലും മനംമാറ്റത്തിന് വഴിതെളിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അതുപോലെ യുഎന്നിന്‍റെയും ആഗോളസാമൂഹ്യ വ്യവസ്ഥിതിയെ ഐക്യദാര്‍ഢ്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും മനോഭാവം നയിക്കുന്നുണ്ടോ എന്നു ചിന്തിക്കുന്നതും നല്ലതാണെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.

ജീവോത്ഭവത്തിന്‍റെ ആദ്യനിമിഷമായ ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണത്തിന്‍റെ അന്ത്യനിമിഷംവരെ പിവിത്രവും അഭംഗവുമായ ജീവനെക്കുറിച്ച് അവബോധമുണ്ടെങ്കില്‍, നമുക്ക് ദൈവപരിപാലന സമൃദ്ധമായി നല്കുന്ന എല്ലാ നന്മകളും, അത് ഭൗമികമോ, ബൗദ്ധികമോ, ആത്മീയമോ ആവട്ടെ, അന്യായമായി പിടിച്ചുവച്ചിട്ടുണ്ടെങ്കില്‍ പങ്കുവയ്ക്കുവാനും, തിരികെ കൊടുക്കുവാനും കടപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്‍റെയും സഖേവൂസിന്‍റെയും കൂടിക്കാഴ്ച നമ്മെ പഠിപ്പിക്കുന്നത്, എല്ലാ സാമ്പത്തിക സാമൂഹ്യ സംവിധാനങ്ങള്‍ക്കപ്പുറം, അപരന്‍റെ വിശിഷ്യാ പാവങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചുള്ള ഉദാരവും ഫലപ്രദവും പ്രായോഗികവുമായ തുറവ് ആഗോളതലത്തില്‍ വളര്‍ത്തിയെടുക്കണം എന്നാണ്. സഖേവൂസിനോട് തൊഴില്‍ ഉപേക്ഷിക്കുവാനോ, സ്വത്തുക്കള്‍ ഉപേക്ഷിക്കുവാനോ ക്രിസ്തു ആവശ്യപ്പെട്ടില്ല, മറിച്ച് ഉള്ളതില്‍നിന്നും ഉദാരമായിട്ടും സന്തോഷത്തോടുംകൂടെ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന മനോഭാവം വളര്‍ത്തിയെടുക്കുവാനാണ് ആവശ്യപ്പെട്ടത്.

മുന്‍ഗാമിയായ പാപ്പാ ബനഡിക്ടിനോടൊപ്പം, പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു (Benedict XVI, Caritas in Veritate, 6, 24-40), ശാസ്ത്രസാങ്കേതിക പുരോഗതിയോടൊപ്പം ഔദാര്യപൂര്‍ണ്ണവും നിസ്വാര്‍ത്ഥവും ഹൃദയവിശാലയതയുള്ളതുമായ സമര്‍പ്പണമുണ്ടെങ്കില്‍ മാത്രമേ മാനവികതയുടെ ഐക്യദാര്‍ഢ്യം യാഥാര്‍ത്ഥ്യമാക്കാനാവൂ. രാഷ്ട്രങ്ങളുടെ സാമ്പത്തിക നേട്ടങ്ങള്‍ എല്ലാവര്‍ക്കുമായി ന്യായമായി വിതരണം ചെയ്യപ്പെടുവാനും പങ്കുവയ്ക്കപ്പെടുവാനും പൊതുമേഖല സ്വകാര്യമേഖല പ്രസ്ഥാനങ്ങള്‍ ഒരുപോലെ ഒത്തൊരുമിച്ചു ആഗോളതലത്തില്‍ പരിശ്രമിച്ചെങ്കില്‍ മാത്രമേ, മാനവികതയുടെ സമഗ്രപുരോഗതി സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ. ധാര്‍മ്മിക അടിത്തറയുള്ളതും മതരാഷ്ട്രീയ മിമാംസകള്‍ക്ക് അതീതമായ, വിശിഷ്യാ പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ഉള്‍ക്കൊള്ളുന്നതും, സാഹോദര്യവും ഐക്യദാര്‍ഢ്യവും ലക്ഷൃംവയ്ക്കുന്നതുമായ സമഗ്രപുരോഗതിക്കായി ഒത്തൊരുമിച്ച് പരിശ്രമിക്കണമെന്നും പാപ്പാ ആഹ്വാനംചെയ്തു. യുഎന്‍ ആഗോളതലത്തില്‍ ചെയ്യുന്ന എല്ലാ ഉദ്യമങ്ങള്‍ക്കും തന്‍റെ പ്രാര്‍ത്ഥനയും ആശീര്‍വ്വാദവും നേര്‍ന്നുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.