2014-05-08 17:44:17

ക്രൈസ്തവപീഡനം സഭകളില്‍
ഐക്യദാര്‍ഢ്യം വളര്‍ത്തും


8 മെയ് 2014, വത്തിക്കാന്‍
പീഡനങ്ങള്‍ ക്രൈസ്തവരുടെ ഇടയില്‍ ഇനിയും കൂട്ടായ്മ വളര്‍ത്തുമെന്ന്,
പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ആദ്യ നൂറ്റാണ്ടിലും അധികമായി കഴിഞ്ഞ നൂറ്റാണ്ടില്‍ ക്രൈസ്തവര്‍ രക്തസാക്ഷികളായിട്ടുണ്ടെന്ന് പാപ്പ ഫ്രാന്‍സിസ് പ്രസ്താവിച്ചു.
മെയ് 8-ാം തിയതി വ്യാഴാഴ്ച രാവിലെ ആഗോള അര്‍മേനിയന്‍ ക്രൈസ്തവ സമൂഹത്തിന്‍റെ പരമാദ്ധ്യക്ഷന്‍, പാത്രിയര്‍ക്കിസ് കരേക്കിന്‍ ദ്വിതയനുമായി വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രസ്താവിച്ചത്.

അര്‍മേനിയായിലെ ക്രൈസ്തവ പീഡനത്തിന്‍റെയും രക്തസാക്ഷിത്വത്തിന്‍റെയും ചരിത്രം അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ 20-ാം നൂണ്ടാല്‍ നടന്നിട്ടുള്ള ക്രൈസ്തവപീഡനങ്ങളും രക്തസാക്ഷിത്വവും മറ്റേതു കാലത്തേയുംകാള്‍ അധികമാണെന്നു വിശേഷിപ്പിച്ചത്.

ആദിമ ക്രൈസ്തവ സമൂഹത്തിലെന്ന പോലെ ഇക്കാലഘട്ടത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ മക്കള്‍ ചിന്തുന്ന രക്തവും അനുഭവിക്കുന്ന പീഡകളും നവോത്ഥാനത്തിന്‍റേയും ഐക്യത്തിന്‍റേയും വിത്തുപാകുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ന് ആഗോളതലത്തില്‍ നിരീക്ഷിക്കപ്പെടുന്ന രക്തസാക്ഷിത്വവും ക്രൈസ്തവ പീഡനങ്ങളും ചിതറിക്കിടക്കുന്ന സഭകള്‍ തമ്മില്‍ വളരേണ്ട ഐക്യത്തിനുള്ള ഓര്‍മ്മപ്പെടുത്തലിന്‍റെ കാഹളമാണെന്ന് പാപ്പാ ആശംസാപ്രഭാഷണത്തില്‍ പരാമര്‍ശിച്ചു.

1999-മുതല്‍ ആഗോള അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായി സ്ഥാനമെടുത്ത കരേക്കിന്‍ ദ്വിതിയന്‍ ക്രിസ്തു ജയന്തിവര്‍ഷം 2000-ാമാണ്ടു മുതല്‍, പാപ്പാ ഫ്രാന്‍സിസിന്‍റെ സ്ഥാനാരോഹണ കര്‍മ്മംമുതല്‍ വത്തിക്കാനില്‍ വന്ന് വിവിധ ആവശ്യങ്ങളില്‍ പങ്കെടുക്കുകയും പാപ്പാമാരുമായി സൗഹൃദബന്ധം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്.

ഭാരതത്തില്‍ ചെന്നൈ നഗരം കേന്ദ്രീകരിച്ച് (Parris Corner) 16-ാം നൂറ്റാണ്ടില്‍ തുടക്കമിട്ട ചെറിയ അര്‍മേനിയന്‍ ക്രൈസ്തവ സമൂഹവും അവരുടെ പ്രാര്‍ത്ഥനാലയവും ഇന്നും സജീവമായി നിലനില്ക്കുന്നു എന്നത് ശ്രദ്ധേയമാണ്.









All the contents on this site are copyrighted ©.