2014-05-07 20:16:35

മനുഷ്യപീഡനങ്ങളെ
സഭ നിഷ്പക്ഷമായി ചെറുക്കും


7 മെയ് 2014, ജനീവ
മനുഷ്യപീഡനങ്ങളെ സഭ എതിര്‍ക്കുമെന്ന്, ആര്‍ച്ചുബിഷപ്പ് സില്‍വാനോ
തൊമാസി പ്രസ്താവിച്ചു. മാനുഷിക പീഡനങ്ങളെയും അവകാശ ലംഘനങ്ങളെയും സഭ എവിടെയും എപ്പോഴും എതിര്‍ക്കുമെന്ന്, ഐക്യരാഷ്ട്ര സഭയുടെ ജനീവ ആസ്ഥാനത്തുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് തൊമാസി പ്രസ്താവിച്ചു.

മെയ് 6-ാം തിയതി ചൊവ്വാഴ്ച ജനീവയില്‍ ചേര്‍ന്ന ഐക്യാരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മിഷന്‍റെ പീഡനങ്ങള്‍ക്കെതിരായ സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് തൊമാസി ഇങ്ങനെ പ്രസ്താവിച്ചത്.

കഴിഞ്ഞ 10 വര്‍ഷക്കാലമായി കുട്ടികളുടെ ലൈംഗിക പീഡനം ഇല്ലാതാക്കുവാനും, ഇരകളായവരെ തുണയ്ക്കുവാനും, കുറ്റാക്കരെ കണ്ടെത്തി സഭാ നിയമങ്ങള്‍ക്കനുസൃതമായി ശിക്ഷിക്കുവാനും, ദേശീയ പ്രാദേശിക തലങ്ങളില്‍ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളതും നടപ്പാക്കിയിട്ടുള്ളതും ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തില്‍ വിവരിച്ചു.

2004-നും 2013-നും ഇടയക്ക് പീഡനക്കേസുകളുമായി ബന്ധപ്പെട്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 848 വൈദികരെ വത്തിക്കാന്‍ സഭാ നിയമങ്ങളുടെ വെളിച്ചത്തില്‍ത്തന്നെ വൈദികവൃത്തിയില്‍നിന്നും ഒഴിവാക്കി സഭയുടെ ശിക്ഷാനടപടികള്‍‍ സ്വീകരിച്ചിട്ടുള്ളത് സ്ഥിതിവിവരക്കണക്കുകളുടെ വെളിച്ചത്തില്‍ ആര്‍ച്ചുബിഷപ്പ് തൊമാസി വെളിപ്പെടുത്തി.

കുട്ടികളുടെ ലൈംഗികപീഡനവും, അജാത ശിശുക്കളുടെ ഹത്യയും ഒരുപോലെ മാനുഷിക പീഡനമാണെന്നും, എല്ലാത്തര പീഡനങ്ങളെയും സഭ നിഷ്പക്ഷമായി സാമൂഹ്യനന്മയുടെ വെളിച്ചത്തില്‍ നിരീക്ഷിക്കുകയും, സഭ ആഗോളതലത്തില്‍, വ്യക്തികളും സ്ഥാപനങ്ങളും ഒത്തൊരുമിച്ച് ഇതിനെതിരെ പോരാടുമെന്നും സമ്മേളനത്തിന് ആര്‍ച്ചുബിഷപ്പ് തൊമാസി ഉറപ്പുനല്കി.









All the contents on this site are copyrighted ©.