2014-05-07 19:06:27

പാപ്പായെ സ്വീകരിക്കാന്‍
വിശുദ്ധനാട് ഒരുങ്ങുന്നു


7 മെയ് 2014, ജരൂസലേം
പാപ്പായുടെ വിശുദ്ധനാടു സന്ദര്‍ശനത്തിന് ഒരുക്കമായി നവനാള്‍
പ്രാര്‍ത്ഥന ആരംഭിക്കുന്നു.

മെയ് 24-മുതല്‍ 26-വരെയുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ വിശുദ്ധനാട് സന്ദര്‍ശനം ഫലപ്രാപ്തമാകുന്നതിനും, മദ്ധ്യപൂര്‍വ്വദേശത്ത് സമാധാനം പുനര്‍സ്ഥാപിതമാകുന്നതിനും വേണ്ടിയാണ് നവനാള്‍ പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നതെന്ന് ജെരൂസലേമിലെ ലത്തീന്‍ പാത്രിയര്‍ക്കിസ്, ഫവത് ത്വാല്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് റോമിന്‍റെ മെത്രാനും ആഗോള സഭാദ്ധ്യക്ഷനുമായ, ദൈവദാസന്‍ പോള്‍ ആറാമന്‍ പാപ്പായും കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് അത്തനാഗോറസ് പ്രഥമനുമായി വിശുദ്ധനാട്ടില്‍വച്ചു നടന്ന കൂടിക്കാഴ്യയുടെ ചരിത്രസ്മരണയുമായിട്ടാണ്
പാപ്പാ ഫ്രാന്‍സിസ് സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും ദൂതനായി വിശുദ്ധാനാടു സന്ദര്‍ശിക്കുന്നതെന്ന് പ്രസ്താവന വ്യക്തമാക്കി.

വിശുദ്ധനാട്ടിലെ പുണ്യസ്ഥലങ്ങളില്‍ തുടര്‍ച്ചയായി 9 ദിവസങ്ങളില്‍ വ്യക്തിപരവും കൂട്ടവുമായ പ്രാര്‍ത്ഥനകള്‍ പാപ്പായുടെ സന്ദര്‍ശന വിജയത്തിനും ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെയും, വിശിഷ്യാ മദ്ധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവരുടെ സമാധാനപരമായ സഹവര്‍ത്തിത്വത്തിനും സുസ്ഥിതിക്കുവേണ്ടി സമര്‍പ്പിക്കുമെന്നും ലത്തീന്‍ പാത്രിയര്‍ക്കേറ്റിന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

“സ്വര്‍ഗ്ഗീയ പിതാവേ, അങ്ങ് എപ്പോഴും മക്കളോട് കരുണയുള്ളവനും സ്നേഹാര്‍ദ്രനുമാണല്ലോ. അങ്ങെ തിരുക്കുമാരന്‍റെ ജനനം, ജ്ഞാനസ്നാനം, പരസ്യജീവിതം, കുരിശുമരണം, ഉത്ഥാനം എന്നിവയാല്‍ പവിത്രമായ നാട്ടിലേയ്ക്ക് സന്ദര്‍ശനം നടത്തുന്ന പാപ്പാ ഫ്രാന്‍സിസിന് അങ്ങ് തുണയായിരിക്കണമേ, അദ്ദേഹത്തെ വിശുദ്ധീകരിക്കണമേ, അനുഗ്രഹിക്കണമേ!
അങ്ങേ സംരക്ഷയുടെ കവചത്താല്‍ ഈ വിശ്വാസതീര്‍ത്ഥാടകനെയും, ശ്രേഷ്ഠഗുരുവിനെയും, വിനീതദാസനെയും കാത്തുപാലിക്കണമേ...” എന്നിങ്ങനെയാണ് പ്രാര്‍ത്ഥന തുടരുന്നത്.








All the contents on this site are copyrighted ©.