2014-05-07 20:21:24

അടയാളങ്ങള്‍ക്കപ്പുറം കാണുന്ന
കരുത്താണ് വിശ്വാസം


7 മെയ് 2014, വത്തിക്കാന്‍
ബാഹ്യമായ അടയാളങ്ങള്‍ക്കുമപ്പുറം കാണുവാനുമുള്ള കരുത്താണ് വിശ്വാസമെന്ന്
കര്‍ദ്ദിനാള്‍ പിയെത്രോ പരോളില്‍ പ്രസ്താവിച്ചു.

മെയ് 6-ാം തിയതി ചൊവ്വാഴ്ച സ്വിസ് സൈനികര്‍ക്കൊപ്പം അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നല്കിയ വചനചിന്തയിലാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പരോളിന്‍
ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

അപ്പം വര്‍ദ്ധിപ്പിച്ചു നല്കിയതിനുശേഷം അതിനെക്കാള്‍ വലിയ അത്ഭുതം
ക്രിസ്തുവില്‍നിന്നും പ്രതീക്ഷിക്കുന്ന ജനാവലിയുടെ ഉപരിപ്ലവമായ വിശ്വാസംപോലെ
ആകരുത് നമ്മുടെ വിശ്വാസമെന്നും, തന്‍റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും തന്നെത്തന്നെ നല്കിയ ക്രിസ്തു ജീവന്‍റെ അപ്പമാണെന്ന് അംഗീകരിക്കുന്നത് യഥാര്‍ത്ഥ വിശ്വാസമാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ ചൂണ്ടിക്കാട്ടി.

വചനത്തിലൂടെയും പ്രവൃത്തികളിലൂടെയും മനുഷ്യകുലത്തിന്‍റെ ജീവിതപന്ഥാവിന് വെളിച്ചമേകിയ ക്രിസ്തുവാണ് ലോകത്തിനു ലഭിച്ച വലിയ സമ്മാനമെന്ന് കര്‍ദ്ദിനാള്‍
പരോളില്‍ വചന പ്രഘോഷണമദ്ധ്യേ പ്രസ്താവിച്ചു.

വിശ്വാസ രഹസ്യത്തെക്കുറിച്ച് ധ്യാനിക്കുന്ന അവസരത്തില്‍, പത്രോസിന്‍റെ പിന്‍ഗാമിയെ സംരക്ഷിക്കുന്നതിന് 1572-ല്‍ വത്തിക്കാനില്‍ തങ്ങളുടെ ജീവന്‍ സമര്‍പ്പിക്കാന്‍ മടികാണിക്കാതിരുന്ന 147 സ്വിസ് സൈനികരെയും അവരുടെ വിശ്വാസ ധീരതയെയും
കര്‍ദ്ദിനാള്‍ പോരോളില്‍ അനുസ്മരിക്കുകയും പ്രശംസിക്കുകയും ചെയ്തു.

അങ്ങനെ ശ്രേഷ്ഠമായ പൈതൃകവും ആത്മീയ മൂല്യങ്ങളുമാണ് പരിശുദ്ധ സിംഹാസനത്തിന്‍റെ ശുശ്രൂഷയ്ക്കെത്തുന്ന സ്വിസ് സൈനികരുടെ ചരിത്രം വെളിപ്പെടുത്തുന്നതെന്നും, ചെറിയ പ്രതിസന്ധികളിലും പ്രയാസങ്ങളിലും പതറാതെ നില്ക്കുവാനും ഉത്തരവാദിത്വങ്ങള്‍ ക്ഷമയോടും ത്യാഗത്തോടുംകൂടെ നിര്‍വ്വഹിക്കാന്‍ സഹായിക്കുന്നതുമാണ് ബോധ്യമുള്ളതും ആഴമുള്ളതുമായ വിശ്വാസമെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ വത്തിക്കാന്‍റെ സേവനത്തിലുള്ള സ്വിസ്സ് ഗാര്‍ഡുകളെ ഉദ്ബോധിപ്പിച്ചു.

നിങ്ങള്‍ക്കു ലഭിക്കുന്ന സേവനകാലം വിശ്വാസത്തില്‍ വളരാനുള്ള രൂപീകരണകാലമായും അപൂര്‍വ്വ അവസരമായും കണ്ടുകൊണ്ട് സ്നേഹത്തോടും സമര്‍പ്പണത്തോടുംകൂടെ നിങ്ങള്‍ ആയിരിക്കുന്ന മേഖലകളിലും അവസരങ്ങളിലും ‘ക്രിസ്തുവിന്‍റെ അപ്പ’മായി തുടരുവാനുമുള്ള കരുത്തും കഴിവും വളര്‍ത്തിയെടുക്കണമെന്നും കര്‍ദ്ദിനാള്‍ സ്വിസ് സൈനികരെ ഉദ്ബോധിപ്പിച്ചു.
വിശ്വാസത്തില്‍ ധീരരും, സ്നേഹപ്രവര്‍ത്തികളില്‍ വിശാലഹൃദയരുമായിരിക്കുക, ഏവര്‍ക്കും സുവിശേഷസ്നേഹത്തിന്‍റെയും പ്രത്യാശയുടെയും അടയാളമായി പരിശുദ്ധസിംഹാസനത്തിന് അഭിമാനത്തോടും സന്തോഷത്തോടുംകൂടെ സേവനംചെയ്യുക എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ പരോളിന്‍ വചനചിന്തകള്‍ ഉപസംഹരിച്ചത്. 1506-ലാണ് വത്തിക്കാനില്‍ സ്വിസ്സ് സൈന്യത്തിന്‍റെ തുടക്കം. 30 പുതിയ സൈനികരുടെ സേവനത്തിലേയ്ക്കുള്ള ഔദ്യോഗിക പ്രവേശനം അവസരമാക്കിയാണ് കര്‍ദ്ദിനാള്‍ പരോളില്‍ വത്തിക്കാനിലെ സ്വിസ് സൈനികര്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചത്.









All the contents on this site are copyrighted ©.