2014-05-06 17:17:59

സാക്ഷ്യമേകാത്ത ക്രൈസ്തവ ജീവിതം ഫലശൂന്യമെന്ന് മാർപാപ്പ


06 മെയ് 2014, വത്തിക്കാൻ
ക്രിസ്തുവിന് സാക്ഷ്യം നൽകാത്ത ക്രൈസ്തവ ജീവിതം ഫലശൂന്യമെന്ന് ഫ്രാൻസിസ് മാർപാപ്പ. ചൊവ്വാഴ്ച രാവിലെ പേപ്പൽ വസതിയായ സാന്താ മാർത്താ മന്ദിരത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നൽകുകയായിരുന്നു പാപ്പ. സാക്ഷ്യം ക്രിസ്തീയ ജീവിതത്തിൽ അവിഭാജ്യമാണെന്ന് പാപ്പ വിശ്വാസ സമൂഹത്തെ ഉത്ബോധിപ്പിച്ചു. സഭയിലെ പ്രഥമ രക്തസാക്ഷിയായ വി.സ്റ്റീഫനെക്കുറിച്ചുള്ള വിശുദ്ധ ഗ്രന്ഥ ഭാഗം ആസ്പദമാക്കിയായിരുന്നു പാപ്പായുടെ വചനസമീക്ഷ. കത്തോലിക്കാ സഭ, മതപഠനം നടത്തുന്ന ഒരു സർവ്വകലാശാലയല്ല, ക്രിസ്ത്വാനുയായികളുടെ കൂട്ടായ്മയാണെന്ന് മാർപാപ്പ വിശ്വാസികളെ ഓർമ്മിപ്പിച്ചു.

‘രക്തസാക്ഷിത്വം’ എന്ന പദത്തിന്‍റെ ഗ്രീക്ക് മൂലത്തിന് ‘സാക്ഷ്യം’ എന്നു കൂടി അർത്ഥമുണ്ട്. സാക്ഷ്യത്തിന്‍റെ പാത ജീവത്യാഗത്തോളം നയിച്ചേക്കാമെന്നാണ് അതിന്‍റെ പൊരുളെന്ന് പാപ്പ വിശദീകരിച്ചു. ക്രിസ്ത്യാനി ആയിരിക്കുക എന്നാൽ ക്രിസ്തുവിന്‍റെ കാൽപാടുകൾ പിഞ്ചെന്ന്, ക്രിസ്തുവിന് സാക്ഷ്യം നൽകുക എന്നാണർത്ഥം. അതൊരു പക്ഷേ ജീവ ത്യാഗം വരെ എത്തിച്ചേർന്നേക്കാം. സാക്ഷ്യം നൽകാത്ത ക്രൈസ്തവനെ മനസിലാക്കാനാവില്ല. ഒരുപാട് ആശയങ്ങളും, ദൈവശാസ്ത്ര ചിന്തകളും, കുറേ നല്ല കാര്യങ്ങളും, കൽപനകളും ഉള്ള ഒരു മതവിഭാഗമല്ല നമ്മൾ. യേശു ക്രിസ്തുവിനെ അനുഗമിക്കുന്ന, ക്രിസ്തുവിന് സാക്ഷ്യം നൽകുന്ന, -സാക്ഷ്യം നൽകാൻ ആഗ്രഹിക്കുന്ന- ഒരു ജനമാണ് നാം. ക്രിസ്തു സാക്ഷ്യത്തെ പ്രതി ജീവൻ ത്യജിക്കേണ്ട സാഹചര്യം പോലുമുണ്ടായേക്കാം.

സാക്ഷ്യം എല്ലായ്പ്പോഴും ഫലദായകമാണ്. അനുദിന ജീവിതത്തിലോ, പ്രതിസന്ധികളിലോ, പീഡനത്തിന്‍റേയും മരണത്തിന്‍റേയും മുമ്പിലോ, നാം നൽകുന്ന സാക്ഷ്യം ഒരിക്കലും വിഫലമാകില്ല. ക്രിസ്തു സാക്ഷ്യം സഭയ്ക്ക് മാതൃഭാവം നൽകി, സഭയെ ഫലദായകയായി മാറ്റുന്നു. നേരെമറിച്ച് ഉൾവലിഞ്ഞിരിക്കുന്ന സഭ, വെറുമൊരു ‘മതപഠന ശാലയായി’ പരിണമിക്കും. വലിയ ആശയങ്ങളും, മനോഹര ദേവാലയങ്ങളും, ചരിത്ര സ്മാരകങ്ങളുമൊക്കെ സ്വന്തമായുണ്ടെങ്കിലും, സാക്ഷ്യമേകാത്ത സഭ വന്ധ്യയാണ്. ഇക്കാര്യം ക്രൈസ്തവരെ സംബന്ധിച്ചും വാസ്തവമാണ്. സാക്ഷ്യമേകാത്ത ക്രൈസ്തവർ വന്ധ്യതയിൽ കഴിയുന്നവരാണ്.

രണ്ടു ചിത്രങ്ങൾ ഇന്ന് നമ്മുടെ മുൻപിൽ തെളിയുന്നുണ്ട്. ക്രിസ്തുവിന്‍റെ നാമത്തിൽരക്തസാക്ഷിത്വംവരിച്ച വി.സ്റ്റീഫൻ. ഇന്ന് ലോകത്തിന്‍റെ പലഭാഗത്തും, പീഡനം ഭയന്ന് പലായനം ചെയ്യുന്ന ക്രിസ്ത്യാനികൾ. അവരെ അനുസ്മരിച്ചുകൊണ്ട് നമുക്ക് ആത്മവിചിന്തനം നടത്താം, എങ്ങനെയാണ് എന്‍റെ സാക്ഷ്യം? യേശുവിന് സാക്ഷ്യം നൽകുന്ന ക്രിസ്ത്യാനിയാണോ ഞാൻ? അതോ, ഈ വിഭാഗത്തിലെ വെറുമൊരു അംഗസംഖ്യ എന്ന നിലയിലാണോ ഞാൻ ജീവിക്കുന്നത്? ക്രിസ്തു സാക്ഷ്യത്താൽ ഫലദായകമാണോ എന്‍റെ ജീവിതം? പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാതെ വന്ധ്യതയിലാണോ ഞാൻ കഴിയുന്നത്?

ക്രിസ്തുവിന്‍റെ സജീവ സാക്ഷികളായിരിക്കാൻ വിശ്വാസികളെ ക്ഷണിച്ചുകൊണ്ടാണ് മാർപാപ്പ തന്‍റെ വചന സന്ദേശം ഉപസംഹരിച്ചത്.







All the contents on this site are copyrighted ©.