2014-05-06 17:16:35

വത്തിക്കാൻ വാനനിരീക്ഷണ കേന്ദ്രത്തിൽ വേനൽക്കാല ശിൽപശാല


06 മെയ് 2014, വത്തിക്കാൻ
വത്തിക്കാൻ വാനനിരീക്ഷണ കേന്ദ്രത്തിന്‍റെ 14ാമത് വേനൽക്കാല ശിൽപശാല ജൂൺ ഒന്നിന് ആരംഭിക്കും. ‘വിദൂരത്തും സമീപത്തുമുള്ള, ചെറുതും വലുതുമായ ആകാശ ഗംഗകൾ’ എന്ന പ്രമേയം ആസ്പദമാക്കി നടത്തുന്ന ശിൽപശാലയിൽ 22 രാജ്യങ്ങളിൽ നിന്നുള്ള വാനശാസ്ത്ര ഗവേഷണ വിദ്യാർത്ഥികൾ പങ്കെടുക്കും. രണ്ടാഴ്ച്ചക്കാലം നീളുന്ന ശിൽപശാലയിൽ പങ്കെടുക്കാനെത്തുന്ന ഗവേഷകരിൽ രണ്ടുപേർ വൈദിക വിദ്യാർത്ഥികളാണെന്നത് കൗതുകകരമാണ്.
രണ്ടുവർഷത്തിലൊരിക്കലാണ് വത്തിക്കാൻ വാനനിരീക്ഷണ കേന്ദ്രം അന്താരാഷ്ട്ര ശിൽപശാലയ്ക്ക് ആതിഥ്യമേകുക. കാസിൽ ഗൺഡോൾഫോയിൽ പാപ്പായുടെ വേനൽക്കാല വസതിക്കു സമീപമാണ് വത്തിക്കാന്‍റെ ജ്യോതിശാസ്ത്ര - ഭൗതികശാസ്ത്ര കേന്ദ്രം.







All the contents on this site are copyrighted ©.