2014-05-05 16:48:55

വി.ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്കുവേണ്ടി ഫ്രാൻസിസ് പാപ്പായുടെ കൃതജ്ഞതാബലി


05 മെയ് 2014, റോം
റോമിലെ പോളിഷ് ഇടവക ദേവാലയത്തിൽ ഫ്രാൻസിസ് മാർപാപ്പ വി.ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്കുവേണ്ടി കൃതജ്ഞതാബലി അർപ്പിച്ചു. സെന്‍റ് സ്റ്റാനിസ്ലാവ് ദേവാലയത്തിൽ ഞായറാഴ്ച രാവിലെ മാർപാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ച പ.കുർബ്ബാനയിൽ നൂറുകണക്കിന് പോളിഷ് കത്തോലിക്കർ സംബന്ധിച്ചു. പോളണ്ട് സ്വദേശിയായ വി.ജോൺ പോൾ രണ്ടാമൻ പാപ്പ, പോളണ്ടിലെ ക്രക്കോവ് അതിരൂപതാധ്യക്ഷനായി ശുശ്രൂഷചെയ്യുമ്പോഴാണ് 1978 ഒക്ടോബറിൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.

കഠിന പരീക്ഷണങ്ങളിലൂടെ കടന്നു പോയ ചരിത്രമുള്ളവരാണ് പോളിഷ് ജനതയെന്ന് മാർപാപ്പ തന്‍റെ വചന സന്ദേശത്തിൽ അനുസ്മരിച്ചു. ഉത്ഥാനത്തിന്‍റെ മഹത്വം പ്രാപിക്കാൻ പീഢാസഹനവും – കുരിശും അനിവാര്യമാണെന്ന് അനുഭവത്തിലൂടെ പഠിച്ചവരാണ് പോളണ്ടുകാർ. സഹനത്തിന്‍റെ പാതയിലൂടെ ഉദാത്തമായി സഞ്ചരിച്ച വി.ജോൺ പോൾ രണ്ടാമൻ പാപ്പ പോളണ്ടിന്‍റെ മഹനീയ പുത്രനാണ്. സഹനത്തിന്‍റെ പാതയിൽ അദ്ദേഹത്തിന്‍റെ മാതൃക അനുകരിക്കാൻ നാം സന്നദ്ധരാണോ എന്ന് ആത്മവിചിന്തനം ചെയ്യാനുള്ള അവസരമാണിതെന്നും പാപ്പ അഭിപ്രായപ്പെട്ടു.

ദിവ്യബലി മധ്യേ വായിച്ച സുവിശേഷ ഭാഗത്തെ ആസ്പദമാക്കി, എമ്മാവൂസിലേക്ക് പോയ ശിഷ്യൻമാരുടെ അനുഭവത്തെക്കുറിച്ചും പാപ്പ തദവസരത്തിൽ വിശദീകരിച്ചു. ലക്ഷ്യബോധം നഷ്ടമായ അവസ്ഥയിലാണ് ആ ശിഷ്യൻമാർ എമ്മാവൂസിലേക്ക് നീങ്ങിക്കൊണ്ടിരുന്നത്. എന്നാൽ ഉത്ഥിതനായ ക്രിസ്തുനാഥൻ അവരുടെ സഹയാത്രികനായപ്പോൾ അവരുടെ യാത്ര അർത്ഥപൂർണ്ണമായി. ഉത്ഥിതനായ ക്രിസ്തുവിന് സാക്ഷ്യമേകുക എന്ന ഏക ലക്ഷ്യത്തോടെയായിരുന്നു അവരുടെ മടക്കയാത്ര. ഉത്ഥിതനായ ക്രിസ്തു ഇന്ന് ഇവിടെ നമ്മുടെ മധ്യേ ഉണ്ട്. അവിടുന്ന് നമ്മോടൊത്ത് സഞ്ചരിക്കുന്നു. നവവിശുദ്ധൻ ജോൺ പോൾ രണ്ടാമൻ പാപ്പ പറയാറുള്ളതുപോലെ “നാം നാടോടികളല്ല, തീർത്ഥാടകരാണ്” എന്ന ബോധ്യം നമുക്കുണ്ടായിരിക്കണമെന്ന് പാപ്പാ ഫ്രാൻസിസ് ദിവ്യബലിയിൽ സംബന്ധിച്ച പോളിഷ് വിശ്വാസ സമൂഹത്തെ ഓർമ്മിപ്പിച്ചു.







All the contents on this site are copyrighted ©.