2014-05-05 18:54:33

വചനവേദിയും വിരുന്നുമേശയും
ഉത്ഥിതന്‍റെ സാന്നിദ്ധ്യപൂരം


5 മെയ് 2014, വത്തിക്കാന്‍
1. പാപ്പായുടെ ത്രികാലപ്രാര്‍ത്ഥന പ്രഭാഷണം :
ക്രിസ്തുവിന്‍റെ മരണശേഷം നഷ്ടധൈര്യരായി എമ്മാവൂസിലേയ്ക്ക് ഒളിച്ചോടിയ ശിഷ്യന്മാരുടെ പക്കലേയ്ക്ക് ഉത്ഥിതന്‍ പിന്‍തുടര്‍ന്നു ചെല്ലുന്നു. തന്‍റെ പീഡകളുടെയും മരണത്തിന്‍റെയും രഹസ്യം തിരുവെഴുത്തുകളുടെ വെളിച്ചത്തില്‍ അവിടുന്ന് മാര്‍ഗ്ഗമദ്ധ്യേ അവര്‍ക്ക് ഒരപരിചിതനെപ്പോലെ കൂടെ നടന്ന് വ്യാഖ്യാനിച്ചുകൊടുത്തു. മിശിഹായില്‍ അതെല്ലാം സംഭവിക്കേണ്ടത് ദൈവിക പദ്ധതിയായിരുന്നെന്ന് അവര്‍ക്ക് അപ്പോള്‍ മനസ്സിലായി. അവരുടെ ഹൃദയങ്ങളില്‍ മെല്ലെ പ്രത്യാശയുടെ തിരിതെളിഞ്ഞു.

തിരുവെഴുത്തുകള്‍ വ്യാഖ്യാനിച്ചുകൊടുത്തുകൊണ്ട് തങ്ങളുടെ മനസ്സുതുറന്ന അനിതര സാധാരണനായ വ്യക്തിയോട് ആ രാവില്‍ കൂടെ വസിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ക്രിസ്തു അവരോടൊപ്പം ഭവനത്തില്‍ പ്രവേശിച്ചു. ഭക്ഷണവേളയില്‍ അവര്‍ ഒരുമിച്ചിരുന്നു. അപ്പം മുറിക്കവെ അവര്‍ ക്രിസ്തുവിനെ തിരിച്ചറിഞ്ഞു. ഗുരുവിന്‍റെ നവമായ സാന്നിദ്ധ്യം അവര്‍ക്ക് അനുഭവവേദ്യമായി. ഉടനെഅവിടുന്ന് അപ്രത്യക്ഷനാവുകയും ചെയ്തു. പിന്നെ ഉടനെ ജരൂസലേമിലേയ്ക്ക് തിരിച്ചുപോകണമെന്നും, അപ്പംമുറിച്ചപ്പോള്‍ തങ്ങള്‍ ഉത്ഥിതനെ തിരിച്ചറിഞ്ഞ വിവരം മറ്റു ശിഷ്യന്മാരോടും പോയി പറയണമെന്നായിരുന്നു എമ്മാവൂസിലെത്തിയ രണ്ടു ശിഷ്യന്മാരുടെ തീരുമാനം.

എമ്മാവൂസിലേയ്ക്കുള്ള വഴി വിശ്വാസജീവിതത്തിലെ നമ്മുടെയും യാത്രയാണ്. വചനവും ദിവ്യകാരുണ്യവുമാണ് ക്രിസ്തുവിനെ കണ്ടെത്താവുന്ന രണ്ടു സവിശേഷമായ വേദികള്‍. ഞായറാഴ്ചകളില്‍ നാം ദിവ്യബലിക്ക് അണയുന്നതുപോലും ജീവിതക്ലേശങ്ങളോടും വ്യഥകളോടും കൂടെയാണ്. ജീവിതം മുറിക്കപ്പെടുമ്പോള്‍ നാമും ദുഃഖിതരായി, ഭയന്ന് ദൈവികപദ്ധതിക്ക് പുറകുതിരിയുകയും,, നമ്മുടെ തന്നെ നിഗൂഢമായ എമാവൂസുകളിലേയ്ക്ക് ഒളിച്ചോടുകയുമാണ് ചെയ്യുന്നത്. എന്നാല്‍ വചനത്തിന് കാതോര്‍ക്കുകയാണെങ്കില്‍ തിരുവെഴുത്തുകള്‍ നമുക്ക് ക്രിസ്തു വ്യാഖ്യാനിച്ചു തരും. നമ്മുടെ ഹൃദയങ്ങളെ അവിടുന്ന് വിശ്വാസവും പ്രത്യാശയുംകൊണ്ട് ഊഷ്മളമാക്കും. നിത്യജീവന്‍റെ അപ്പമായി ക്രിസ്തു തന്നെത്തന്നെ നമുക്ക് പകുത്തുനല്കുന്നത് ദിവ്യബലിയിലാണ്. അപ്പത്തിലും വചനത്തിലും തന്‍റെ സജീവ സാന്നിദ്ധ്യം ഉത്ഥിതനായ ക്രിസ്തു വെളിപ്പെടുത്തുന്ന വേദിയാണ് പരിശുദ്ധ കര്‍ബ്ബാന. അതു നമ്മെ പ്രകാശിപ്പിക്കുകയും ജീവിതദൗത്യം പങ്കുവ്യ്ക്കുന്ന ജരൂസലേം സമൂഹങ്ങളിലേയ്ക്ക്, നമ്മുടെ സഹോദരങ്ങളുടെ പക്കലേയ്ക്കും, സമൂഹത്തിലേയ്ക്കുമെല്ലാം തിരികെ നയിക്കുന്നു.

പ്രിയ സഹോദരങ്ങളേ, പരിശുദ്ധ കന്യകാനാഥയുടെ മാദ്ധ്യസ്ഥത്താല്‍ തങ്ങളുടെ ജീവിത ദിവ്യബലിവേദികയില്‍ ഉത്ഥിതനായ ക്രിസ്തുവിനാല്‍ രൂപാന്തരപ്പെടുത്തുന്ന അനുഭവം ഓരോ ക്രൈസ്തവനും ഉണ്ടാവട്ടെയെന്നു പ്രാര്‍ത്ഥിക്കാം. ഇടറുന്ന നമ്മുടെ പാദങ്ങളെ ക്രിസ്തുവിന്‍റെ വചനവെളിച്ചവും, നിരാശയാല്‍ തളരുന്ന ജീവിത നിമിഷങ്ങളില്‍ അപ്പം മുറിച്ചു പങ്കുവയ്ക്കുന്ന അവിടുത്തെ വിരുന്നുമേശയും മുന്നോട്ടു പോകുവാനുള്ള ആത്മീയ ഉണര്‍വ്വു നമുക്കു പകരട്ടെ
എന്ന് പ്രാര്‍ത്ഥിക്കുന്നു.

2. ത്രികാല പ്രാര്‍ത്ഥനയെ തുടര്‍ന്നുള്ള ആശംസകളും അഭിവാദ്യങ്ങളും :
ഇനിയും സംഘര്‍ഷത്തില്‍ കഴിയുന്ന ഉക്രനിലെ ജനങ്ങള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ത്രികാല പ്രാര്‍ത്ഥനയ്ക്കുശേഷമുള്ള ആശംസകള്‍ പാപ്പാ തുടര്‍ന്നത്.
ഈ ദിവസങ്ങളില്‍ നടന്ന അഭ്യന്തര സംഘര്‍ഷങ്ങളില്‍ മരണമടഞ്ഞ അവിടത്തെ നിര്‍ദ്ദോഷികളായ ജനങ്ങളെയും അവരുടെ കുടുംബങ്ങളെയും കന്യാകാനാഥയുടെ മാദ്ധ്യസ്ഥ്യത്തിന് പാപ്പാ സമര്‍പ്പിച്ചു. സമാധാനവും സാഹോദര്യവും ഉക്രെയിനില്‍ പുനര്‍സ്ഥാപിതമാകാന്‍ ഏവരുടെയും തുടര്‍ന്നുള്ള പ്രാര്‍ത്ഥനയും പാപ്പാ അഭ്യര്‍ത്ഥിച്ചു.

90-ാം വാര്‍ഷികത്തിലെത്തിയ ക്രിസ്തുവിന്‍റെ തിരുഹൃദയത്തിന്‍റെ നാമത്തിലുള്ള യൂണിവേഴ്സിറ്റിയിലെ (L’Universita cattolica del Sacra Cuore) പ്രഫസര്‍മാരെയും വിദ്യാര്‍ത്ഥികളെയും മറ്റ് സ്റ്റാഫ് അംഗങ്ങളെയും പാപ്പാ തുടര്‍ന്ന് അഭിവാദ്യംചെയ്തു. അതില്‍ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന വിഖ്യാതമായ റോമിലെ ‘ജെമേലി’ ആശുപത്രി (Gemelli Polyclinic) സന്ദര്‍ശിക്കാനുള്ള തന്‍റെ ആഗ്രഹവും പാപ്പാ ആശംസകളുടെമദ്ധ്യേ വെളിപ്പെടുത്തി.
ഇററലിയുടെയും യൂറോപ്പിന്‍റെയും മാത്രമല്ല, ലോകത്തിന്‍റെ തന്നെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയിട്ടുള്ള എല്ലാ തീര്‍ത്ഥാടകരെയും പാപ്പാ അഭിവാദ്യംചെയ്തു.
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരം നിറഞ്ഞുനിന്ന ജനമദ്ധ്യത്തില്‍ സന്നിഹിതരായിരുന്ന ഏതാനും സംഘടനകളുടെ കൂട്ടങ്ങളെ പാപ്പാ പേരെടുത്തു പറയുകയും, അവരുടെ സാന്നിദ്ധ്യത്തിന് പ്രത്യേകം നന്ദി പറയുകയുംചെയ്തു.

ആശീര്‍വ്വാദം നല്കിക്കൊണ്ടും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുമാണ് അപ്പോസ്തില അരമനയുടെ അഞ്ചാം നിലയിലെ ജാലകത്തില്‍നിന്നും പാപ്പാ പിന്‍വാങ്ങിയത്. പാപ്പായെ കാണുകയും ശ്രവിക്കുകയുംചെയ്ത ആയിരങ്ങള്‍ ആത്മനിര്‍വൃതിയോടെ കരഘോഷംമുഴക്കി.








All the contents on this site are copyrighted ©.