2014-05-02 09:51:20

പാപ്പായുടെ ഇനിയും തുടരുന്ന
നവീകരണപദ്ധതികള്‍


2 മെയ് 2014, വത്തിക്കാന്‍
എട്ടംഗ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ മൂന്നാം സമ്മേളനം സമാപിച്ചു. നവീകരണത്തിനുള്ള മറ്റു കമ്മിഷനുകള്‍ ചര്‍ച്ചകള്‍ തുടരുന്നു. വത്തിക്കാന്‍റെ ഭരണകാര്യങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്ന പ്രത്യേക 8 അംഗ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ മൂന്നു ദിവസം നീണ്ടുനിന്ന സമ്മേളനമാണ് ഏപ്രില്‍ 30-ാം ബുധനാഴ്ച സമാപിച്ചത്. സഭാഭരണത്തിന്‍റെയും അജപാലനശുശ്രൂഷയുടെയും വിവിധ മേഖലകളുടെ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്ന പൊന്തിഫിക്കല്‍ കൗണ്‍സിലുകളെക്കുറിച്ചുള്ള പഠനവും ചര്‍ച്ചകളുമാണ് ഇക്കുറി കര്‍ദ്ദിനാള്‍ സംഘം പൂര്‍ത്തിയാക്കിയതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

ദിവസം മുഴുവന്‍ നീണ്ടുനില്ക്കുന്ന ചര്‍ച്ചകളിലും പഠനങ്ങളിലും, ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിനായി പോയത് ഒഴിച്ചാല്‍, പാപ്പാ ഫ്രാന്‍സിസ് സന്നിഹിതനായിരുന്നുവെന്നും പ്രസ്താവ വ്യക്തമാക്കി.

തന്‍റെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സഭാകാര്യങ്ങളില്‍ തന്‍റെ ഉപദേശകരായിട്ടും വത്തിക്കാന്‍റെ ഭരണസംവിധാനത്തെ മെച്ചപ്പെടുത്തുവാന്‍ കൂടിയാണ് പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാളന്മാരെ നിയോഗിച്ചത്. എട്ട് അംഗ സംഘത്തിന്‍റെ അടുത്ത സമ്മേളനം വരുന്ന ജൂലൈ മാസത്തിന്‍റെ ആദ്യത്തില്‍ നടക്കുമെന്നും പ്രസ്താവന വ്യക്തമാക്കി.

കൂടാതെ കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച കമ്മിഷന്‍ മെയ് 1-ാാം തിയതി വ്യാഴാഴ്ച മുതല്‍ 3-ാം തിയതി ശനിയാഴ്ചവരെയും സംഗമിക്കും. വിവിധ സംസ്ക്കാരങ്ങള്‍ക്കിണങ്ങുന്ന വിധത്തില്‍ അവരുടെ ഭാവിപ്രവര്‍ത്തന ശൈലിയും പദ്ധതികളും വ്യക്തമായി ക്രമപ്പെടുത്തുകയാണ് ഇക്കുറി അവരുടെ കര്‍മ്മപദ്ധതി.

വത്തിക്കാന്‍റെ സാമ്പത്തിക കാര്യങ്ങള്‍ ക്രമീകരിക്കുന്നതിന് പാപ്പാ ഫ്രാന്‍സിസ് രൂപംനല്കിയ പുതിയ കമ്മിഷന്‍ മെയ് 2-ാം തിയതി വെള്ളിയാഴ്ച വത്തിക്കാനില്‍ സമ്മേളിക്കുമെന്നും പ്രസ്താവന വ്യക്തമാക്കി.








All the contents on this site are copyrighted ©.