2014-04-30 19:53:01

ശാലോം വാരിക യൂറോപ്പ് എഡിഷന്‍
ബിഷപ്പ് കളത്തിപ്പറമ്പില്‍ പ്രകാശനംചെയ്തു


1 മെയ് 2014, റോം
‘സണ്ടേ ശാലോമി’ Sunday Shalome-ന്‍റെ യൂറോപ്പ് എഡിഷന്‍ ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ റോമില്‍ പ്രകാശനംചെയ്തു.

‘സണ്ടേ ശാലോം മലയാള വാരിക’യുടെ യൂറോപ്പ് എഡിഷന്‍റെ പ്രകാശനവും ഷാലോം ഫെസ്റ്റിവലും, പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി,
ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ മെയ് 1-ാം തിയതി രാവിലെ 10-മണിക്ക് റോമിലുള്ള
സെന്‍റ് പോള്‍സ് കോളെജ് ഓഡിറ്റോറിയത്തില്‍ നടന്ന ദിവ്യബലിയുടെ സമാപനത്തില്‍ നിര്‍വ്വഹിച്ചു.
റോമിലെ ഡമാഷീന്‍ കോളെജിന്‍റെ റെക്ടര്‍, ഫാദര്‍ വര്‍ഗ്ഗീസ് കുരിശുതറ
ബിഷപ്പ് കളത്തിപ്പറമ്പിലില്‍നിന്നും ആദ്യപ്രതി ഏറ്റുവാങ്ങി.

ഷാലോം ഫെസ്റ്റിവല്‍ പരിപാടികള്‍ ദിവ്യാബലിക്കുശേഷം വചനചിന്തകളും പങ്കുവയ്ക്കലുമായി വൈകുന്നേരം 5 മണിവരെ തുടര്‍ന്നു. റോമിലും സമീപ നഗരങ്ങളിലുമായി ജോലിചെയ്യുന്ന 300-ഓളം കേരളീയര്‍ ശാലോം ഫെസ്റ്റിവലിന്‍റെ യൂറോപ്പിലെ പ്രഥമ ഉദ്യമത്തില്‍ പങ്കെടുത്തു.

കേരളത്തില്‍ ഏറെ പ്രചാരംസിദ്ധിച്ചിട്ടുള്ള ‘സണ്ടേ ശാലോമി’ന്, അമേരിക്ക, യൂ.കെ. എഡിഷനുകള്‍ നിലനില്ക്കെയാണ്, യൂറോപ്പ് എഡിഷന്‍ റോം കേന്ദ്രീകരിച്ച് പുറത്തിറക്കുന്നതെന്ന്, റോമിലെ ശാലോം മീഡിയാ ഡയറക്ടര്‍ ശാന്തിമോന്‍ ജേക്കബ് അറിയിച്ചു.

പാപ്പാ ഫ്രാന്‍സിസിനെയും വത്തിക്കാനെയും കേന്ദ്രീകരിച്ചുള്ള സഭാകാര്യങ്ങളും വാര്‍ത്തകളും ഉള്‍പ്പെടുത്തികൊണ്ടായിരിക്കും, ബെന്നി പുന്നത്തറ മുഖ്യപത്രാധിപരും പ്രസാധകരുമായിട്ടുള്ള ശാലോം വാരികയുടെ ‘Sunday Shalome Europe Edition’ പുറത്തിറങ്ങുന്നത്.

വാരികയുടെ പ്രവര്‍ത്തനങ്ങള്‍ റോമില്‍ ആരംഭിക്കുന്നതോടെ വത്തിക്കാനെ കേന്ദ്രീകരിച്ചുള്ള വാര്‍ത്തകളും സഭാ പരിപാടികളും ശാലോം ടെലിവിഷന്‍ ശൃംഖലയിലും ഇനി സജീവമാക്കത്തക്കവിധത്തില്‍ Shalome TV-യുടെ യൂണിറ്റ് റോമില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചു വരികയാണെന്നും ശാന്തിമോന്‍ റോമില്‍ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു. ജോണ്‍ 23-ാമന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ എന്നീ പുണ്യാത്മാക്കളുടെ വിശുദ്ധപദ പ്രഖ്യാപന കര്‍മ്മവും അതിനോടനുബന്ധിച്ചു നടന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയും ശാലോം ടിവിയുമായി കണ്ണിചേര്‍ത്തുകൊണ്ടാണ് ശാലോമിന്‍റെ ദൃശ്യശ്രാവ്യ വിഭാഗം റോമില്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്നും ശാന്തിമോന്‍ ജേക്കബ് വ്യക്തമാക്കി.
All the contents on this site are copyrighted ©.