2014-04-30 20:02:53

ക്രൈസ്തവൈക്യത്തിന്‍റെ
സ്വര്‍ഗ്ഗീയമദ്ധ്യസ്ഥന്‍


30 ഏപ്രില്‍ 2014, വെനീസ്
വിശുദ്ധ ജോണ്‍ 23-ാമന്‍ പാപ്പാ സഭൈക്യസംരഭത്തിന്‍റെ
സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണെന്ന്, ഇറ്റലിയുടെയും മോള്‍ട്ടയുടെയും ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ജെന്നീദിയോസ് പ്രസ്താവിച്ചു.

ആധുനികയുഗത്തിലെ പുണ്യാത്മാക്കളായ രണ്ടു പാപ്പാമാരുടെ വിശുദ്ധപദപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വെനീസില്‍ ഇറക്കിയ പ്രസ്താവനയിലാണ് മെത്രാപ്പോലീത്തന്‍ ജെന്നാദിയോസ് ഇങ്ങനെ ഉദ്ധരിച്ചത്.

വത്തിക്കാന്‍റെ നയതന്ത്ര പ്രധിനിധിയായി ഗ്രീസിലും, തുര്‍ക്കിയിലും, ബള്‍ഗേറിയയിലും നീണ്ടകാലം പ്രവര്‍ത്തിച്ചിട്ടുള്ള വിശുദ്ധനായ ജോണ്‍ 23-ാമന്‍ പാപ്പാ പൗരസ്ത്യ-പാശ്ചാത്യസഭകളുടെ സ്പന്ദനം ഒരുപോലെ മനസ്സിലാക്കിയ മഹാനുഭാവനാണെന്ന് ആര്‍ച്ചുബിഷപ്പ് ജനീദിയോസ് പ്രസ്താവിച്ചു.

‘എല്ലാവരും ഒന്നായിരിക്കണ’മെന്ന (യോഹ. 17, 21) ദൈവഹിതത്തിന് അനുസൃതമായ സഭയുടെ ഗതിവിഗതികളെ രണ്ടാം വത്തിക്കാന്‍ സൂനഹദോസിലൂടെ ക്രൈസ്തവൈക്യത്തിന്‍റെ പാതയിലേയ്ക്ക് തിരിച്ചുവിട്ട ക്രാന്തദര്‍ശിയാണ് വിശുദ്ധ ജോണ്‍ 23-ാമന്‍ പാപ്പായെന്നും അദ്ദേഹം പ്രസ്താവനിയില്‍ കൂട്ടിച്ചേര്‍ത്തു.

ജീവിതനന്മയും, വാക്കുകളില്‍ മാധുര്യവും, സ്നേഹമസൃണമായ പെരുമാറ്റ രീതിയുംകൊണ്ട് അദ്ദേഹത്തിലെ പിതൃഭാവം അടുത്തറിഞ്ഞ ജനങ്ങളാണ് ‘മഹാനായ പാപ്പാ’യെന്നും മനുഷ്യസ്നേഹിയെന്നും അദ്ദേഹത്തെ വിളിച്ചതെന്ന് ആര്‍ച്ചുബിഷപ്പ് ജെന്നാദിയോസ് പ്രസ്താവിച്ചു.

വ്യക്തിപരമായി സഭാസേവനത്തില്‍ ഏറെ പ്രശാന്തതയും ആത്മീയാനന്ദവും ആസ്വദിച്ച വ്യക്തിത്വമായിരുന്നു വിശുദ്ധനായ പാപ്പായുടേതെന്നും, റോമന്‍ കാത്തോലിക്കാ സഭയ്ക്ക് അദ്ദേഹം എന്നും ക്രൈസ്തവൈക്യ പരിശ്രമങ്ങളുടെ മേഖലയില്‍ മദ്ധ്യസ്ഥനായിരിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് മെത്രാപ്പോലീത്തന്‍ ജെന്നാദിയോസ് പ്രസ്താവന ഉപസംഹരിച്ചത്.
All the contents on this site are copyrighted ©.