2014-04-29 09:01:58

കീര്‍ത്തനങ്ങള്‍ പാടിയ ക്രിസ്തു (5)
സങ്കീര്‍ത്തനങ്ങള്‍ ക്രിസ്തീയ പ്രാര്‍ത്ഥനയില്‍


RealAudioMP3
മനുഷ്യന‍റെ സാമൂഹ്യ ജീവിത പശ്ചാത്തലത്തില്‍ സങ്കീര്‍ത്തനങ്ങള്‍ക്കുള്ള പ്രസക്തയെക്കുറിച്ചാണ് കഴിഞ്ഞ പ്രക്ഷേപണത്തില്‍ നാം പ്രതിപാദിച്ചത്. ബൈബിളിലെ എല്ലാ സങ്കീര്‍ത്തനങ്ങളും ദൈവത്തെ കേന്ദ്രീകരിച്ചായിരിക്കുമ്പോഴും അവയെല്ലാം മനുഷ്യബന്ധിയാണെന്നും നാം കണ്ടുകഴിഞ്ഞു. ‘ക്രിസ്തുവും സങ്കീര്‍ത്തനങ്ങളും’ എന്ന ചിന്തയ്ക്കായിട്ടാണ് ഇന്നത്തെ പരമ്പര മാറ്റിവച്ചിരിക്കുന്നത്. ക്രിസ്തുവിന്‍റെ കാലഘട്ടത്തില്‍നിന്നും ആദിമ സഭയിലൂടെ കൈമാറിക്കിട്ടയ സങ്കീര്‍ത്തനങ്ങള്‍ സഭയില്‍ ഇന്നും സജീവമാണ്.

പഠനസഹായിയായി ഇന്ന് നാം ഉപയോഗിക്കുന്നത് സീറോമലബാര്‍ സഭയിലെ കൂദാശാകര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കുന്ന രണ്ടു സങ്കീര്‍ത്തനങ്ങളാണ്. ചങ്ങനേശ്ശേരി അതിരൂപതാ മതബോധനകേന്ദ്രം തയ്യാറാക്കിയ ഈ സങ്കീര്‍ത്തനങ്ങള്‍ പൗരസ്ത്യശൈലിയിലും സമൂഹമായി ആലപിക്കാവുന്ന രീതിയിലും ജെറി അല്‍ദേവ് ചിട്ടപ്പെടുത്തിയിരിക്കുന്നു.

Psalm 147, 1
സാമോദം നാം പാടീടാം
ഹല്ലാലൂയാ പാടീടാം
മധുരിതമാശയ മധുവിന്നെന്‍
മാനസ മലരില്‍ നിറയുന്നൂ
പുതിയൊരു കീര്‍ത്തനമായിന്നാ
സുധയൊഴുകട്ടെ തതിരുമുമ്പില്‍
ധന്യതയോലും നാവിപ്പോള്‍ ദൈവികതൂലിക പോലല്ലോ

A ക്രിസ്തു സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചിരുന്നോ ഇല്ലയോ എന്നത് ശ്രദ്ധേയമായ കാര്യമാണ്, പ്രധാനപ്പെട്ട പഠനമാണ്. ‘സങ്കീര്‍ത്തനങ്ങള്‍ പാടിയിരുന്ന ക്രിസ്തു,’ എന്ന് വിശുദ്ധ അഗസ്റ്റിന്‍ തന്‍റെ രചനകളില്‍ പലവട്ടം പ്രതിപാദിക്കുന്നുണ്ട്. അതുപോലെ മറ്റു തെളിവുകളും ഇതിന് കണ്ടെത്താനാകും. യഹൂദ കുടുംബങ്ങളില്‍ ഭക്തിയോടും ആദരവോടുംകൂടെ ഇന്നും പതിവായി ആലപിക്കുന്ന സങ്കീര്‍ത്തനമാണ് Great Hallel ‘വലിയ സ്തുതിപ്പ്’ എന്ന പേരില്‍ അറിയപ്പെടുന്നതും, ‘കര്‍ത്താവിന്‍റെ കാരുണ്യം അനന്തമാണ്,’ എന്നു തുടങ്ങുന്ന വളരെ നീണ്ട 136-ാം സങ്കീര്‍ത്തനമാണിത്. അതുപോലെ, വിവിധ മൂഹൂര്‍ത്തങ്ങളിലായി യഹുദര്‍ പതിവായി മറ്റു സങ്കീര്‍ത്തനങ്ങളും ഉപോയോഗിച്ചിരുന്നത്രേ (113-118). നസ്രത്തിലെ തിരുക്കുടുംബത്തിലും അവ ഉപോയോഗിച്ചിരുന്നിരിക്കണം. യേശു അതില്‍ പങ്കെടുത്തിരിക്കുമെന്നും ന്യായമായി ഊഹിക്കാം. പിന്നെ, യഹൂദര്‍ക്ക് പതിവുള്ളതാണ്, ജരൂസലേം തീര്‍ത്ഥാടനം. തീര്‍ത്ഥാടനങ്ങളില്‍, മാര്‍ഗ്ഗമദ്ധ്യേയും ദേവാലയത്തിലും ധാരാളം സങ്കീര്‍ത്തനങ്ങള്‍ അവര്‍ ആലപിച്ചിരുന്നുവെന്നും കാണാം.
‘തീര്‍ത്ഥാടന സങ്കീര്‍ത്തനങ്ങള്‍’ എന്ന ഒരു പ്രത്യേക ഇനംതന്നെ ഉണ്ടെന്നു നമുക്കു മനസ്സിലാക്കാം (12-134). ‘യേശുവിന്‍റെ മാതാപിതാക്കള്‍ ആണ്ടുതോറും ജരൂസലേമില്‍ പോയിരുന്നു’ (ലൂക്കാ 2, 41) എന്ന് വിശുദ്ധ ലൂക്കാ രേഖപ്പെടുത്തിയിരിക്കുന്നു.

Psalm 84
സൈന്യങ്ങള്‍തന്‍ കര്‍ത്താവേ, എത്രവിശിഷ്ടം നിന്‍ഗേഹം
നിന്‍തിരുസന്നിധി ചേരാനായ് ആത്മാവെന്നും കേഴുന്നു.
ജീവിപ്പവനാം ദൈവത്തിന്‍ അപദാനാമൃത ഗാനങ്ങള്‍
മാമക ചിത്തവുമെന്‍നാവും മോദമൊടേവം പാടുന്നു.
സൈന്യങ്ങള്‍ തന്‍ രാജാവാം ദൈവത്തിന്‍ ബലിപീഠത്തില്‍
കുരുകില്‍ മീവല്‍ പക്ഷികളും സങ്കേതം കണ്ടെത്തുന്നു
അവികലമാകും സ്തുതിപാടി തവഭവനത്തില്‍ വാഴുന്നോര്‍
ഭാഗ്യംചെയ്തോര്‍ കര്‍ത്താവേ, നല്കണമേ നിന്‍കൃപനിരതം.

തന്‍റെ പരസ്യജീവിതകാലത്ത് യേശു സങ്കീര്‍ത്തനങ്ങള്‍ ഉപയോഗിക്കുന്നതായി സുവിശേഷകന്‍ സൂചിപ്പിക്കുന്നുണ്ട്. അന്ത്യത്താഴവേളയില്‍ ‘എന്‍റെകൂടെ അപ്പം ഭക്ഷിക്കുന്നവന്‍ എനിക്കെതിരെ കുതികാലുയര്‍ത്തി’ എന്ന് ഉദ്ധരിക്കുന്നത് 41-ാം സങ്കീര്‍ത്തനമാണ്. (യോഹ. 13, 18). അതുപോലെ, പെസഹാഭക്ഷണത്തിനുശേഷം യേശുവും ശിഷ്യരും സ്തോത്രഗീതം ആലപിക്കുന്നുണ്ട് (മാര്‍ക്കോ. 14, 26, മത്തായി 26, 30). ഫരിസേയരുമായുള്ള വാദത്തിലും യേശു സങ്കീര്‍ത്തനം (110, 1) ഉദ്ധരിക്കുന്നുണ്ട് (മത്തായി 22, 41, 45).
‘കര്‍ത്താവ് എന്‍റെ കര്‍ത്താവിനോടരുള്‍ച്ചെയ്തു. ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്‍റെ വലത്തു ഭാഗത്ത് ഉപവിഷ്ടനാകുക.’ ഇവിടെ സങ്കീര്‍ത്തനങ്ങളുടെ ആധികാരികതതന്നെ ക്രിസ്തു അംഗീകരിച്ചു സ്ഥാപിക്കുകയാണ്. അവസാനമായി, കുരിശില്‍ കിടന്നുകൊണ്ട് സങ്കീര്‍ത്തനങ്ങള്‍ ചൊല്ലി പ്രാര്‍ത്ഥിക്കുന്ന യേശുവിനെയും സുവിശേഷകന്‍ വരച്ചുകാട്ടുന്നു. ‘എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു’ (സങ്കീര്‍ത്തനം 22, 1, മത്തായി 27, 46). മാത്രമല്ല, ഈ സങ്കീര്‍ത്തനത്തിന്‍റെ ഈരടികള്‍ മനസ്സുകൊണ്ടെങ്കിലും ക്രിസ്തു കുരിശില്‍ കിടന്നുകൊണ്ട് തുടര്‍ന്നും ഉരുവിട്ടുകാണുമെന്ന് ഊഹിക്കുന്നതില്‍ തെറ്റില്ല. അതുപോലെ, വിടപറയുംമുമ്പേ... അവസാനവാക്യവും സങ്കീര്‍ത്തനത്തില്‍ നിന്നാണ്. യേശു ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ‘പിതാവേ, അങ്ങയുടെ തൃക്കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു’ (സങ്കീ, 31, 5, ലൂക്കാ 23, 46). അങ്ങനെ ക്രിസ്തു സങ്കീര്‍ത്തനങ്ങള്‍ ധാരാളമായി ഉപയോഗിച്ചു എന്നതിനു മതിയായ തെളിവുകള്‍ സുവിശേഷങ്ങളില്‍ത്തന്നെ നമുക്കു ലഭിക്കുന്നു.

Psalm 84
നിന്‍തിരുശക്തിയറിഞ്ഞവരാം നരരില്‍ ഭാഗ്യമുദിക്കുന്നു
ഹൃദയത്തിന്‍റെ വിശാലതയില്‍ സീയോന്‍ വഴികള്‍ തെളിയുന്നു
ബാക്കാത്താഴ്വരതന്‍ വഴികള്‍ തെളിനീര്‍ച്ചാലുകളാക്കുന്നു
ശാരദവര്‍ഷ നിപാതത്തില്‍ ജലവാഹിനിയായ്ത്തീരുന്നു.
ദൈവത്തില്‍ തിരുഭവനത്തില്‍ വാഴുന്നവരോ ദര്‍ശിക്കും
തന്‍മഹിമാവവരാര്‍ജ്ജിക്കും ശക്തിയുമൊട്ടും കുറവെന്യേ
സൈന്യങ്ങള്‍തന്‍ കര്‍ത്താവേ, നീയെന്‍ പ്രാര്‍ത്ഥന കേള്‍ക്കണമേ
പൂര്‍വ്വപിതാവാം യാക്കോബിന്‍, നാഥാ പ്രാര്‍‍ത്ഥന കേള്‍ക്കണമേ.

B സങ്കീര്‍ത്തനങ്ങള്‍ പ്രാര്‍ത്ഥനകളായി ക്രൈസ്തവര്‍ ഉപയോഗിക്കുന്ന പാരമ്പര്യത്തിന് ക്രിസ്തീയതയോളം പഴക്കമുണ്ടെന്നു പറയാം. ക്രൈസ്തവ സമൂഹങ്ങള്‍ സങ്കീര്‍ത്തനങ്ങള്‍ ഉപയോച്ചിരുന്നതിന് പല കാരണങ്ങളുണ്ട്. ആദ്യമായി, അവ ദൈവനിവേശിതമായ പ്രാര്‍ത്ഥനയാണ്, ദൈവവചനമാണ്. അതിനാല്‍ അവ പ്രാര്‍ത്ഥിക്കുമ്പോള്‍ പരിശുദ്ധാത്മാവിന്‍റെ ചൈതന്യം ഉള്ളില്‍ നിറയുന്നുവെന്ന് പൗലോസ് അപ്പസ്തോലന്‍ പ്രസ്താവിക്കുന്നുണ്ട്. (ഗലാ. 4, 6). അതിനാല്‍, ക്രൈസ്തവര്‍ക്ക് ഏറെ സ്വീകാര്യമായ പ്രാര്‍ത്ഥനയായി സങ്കീര്‍ത്തനങ്ങള്‍ മാറി. അതോടൊപ്പം, ക്രിസ്തു അവ ഉപയോഗിച്ചിരുന്നു എന്ന വസ്തുതയും ക്രൈസ്തവജീവിതത്തില്‍ സങ്കീര്‍ത്തനത്തിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. തിരുക്കുടുംബത്തിന്‍റെ പ്രാര്‍ത്ഥനാശൈലിയും മറ്റൊന്നല്ല.
അവ മനുഷ്യഹൃദയങ്ങളുടെ എല്ലാ വികാരവിചാരങ്ങളും പ്രകടമാക്കുന്നുണ്ട്. എല്ലാ മാനുഷികമനുഭവങ്ങളും ചിന്തകളും സങ്കീര്‍ത്തനങ്ങളില്‍ പ്രാര്‍ത്ഥനയായിട്ടുണ്ട്. ‘ഉണ്മയുള്ളതെല്ലാം ഉടയവനിലേയ്ക്ക് മനുഷ്യനെ അടപ്പിക്കുന്ന’തായിട്ടാണ് സങ്കീര്‍ത്തകന്‍ കീര്‍ത്തിക്കുന്നത്.

വിശുദ്ധ അഗസ്റ്റിനെപ്പോലുള്ള സഭാപിതാക്കന്മാരും, അസ്സീസിയിലെ ഫ്രാന്‍സീസ് തുടങ്ങിയ വിശുദ്ധരും, തുടര്‍ന്നുള്ള സന്ന്യാസ സഭകളും സഭാ സമൂഹങ്ങളും വിശ്വാസികലും എക്കാലത്തും സങ്കീര്‍ത്തനങ്ങള്‍ ഉപയോഗിച്ച് പ്രാര്‍ത്ഥിച്ചിരുന്നതിന് ചരിത്ര രേഖകളുണ്ട്. സഭയുടെ ആരംഭം മുതല്‍ ഇന്നുവരെ രചിക്കപ്പെട്ടിട്ടുള്ള പ്രാര്‍ത്ഥനകളും ഭക്താഭ്യാസങ്ങളും ഗാനങ്ങളും സങ്കീര്‍ത്തനങ്ങളില്‍ നിന്നാണ്, അവയുടെ ആശയവും ശൈലിയും ഉത്തേജനവും ഉള്‍ക്കൊണ്ടിട്ടുള്ളത്. സഭയുടെ വിവിധ റീത്തുകളിലുള്ള യാമപ്രാര്‍ത്ഥനകള്‍, ആരാധനക്രമം, കൂദാശകളുടെ പരികര്‍മ്മം തുടങ്ങിയവ പരിശോധിച്ചാല്‍, അവ സങ്കീര്‍ത്തനങ്ങളില്‍നിന്ന് ഉരുവംകൊണ്ടിട്ടുള്ളവയാണെന്നും സ്പഷ്ടമാകും. അതിനാല്‍ സങ്കീര്‍ത്തനങ്ങളെ മാറ്റിനിറുത്തിക്കൊണ്ട് സഭയ്ക്ക് ഒരു പ്രാര്‍ത്ഥനാശൈലിയെപ്പറ്റി ചിന്തിക്കുകപോലും സാദ്ധ്യമല്ല.

Psalm 84
പരിപാലിക്കും പരിചയുമായ് കാത്തരുളീടും കര്‍ത്താവേ
തൃക്കൈ നീട്ടിത്തുണയേകി അഭിഷിക്തനെ നീ കാക്കണമേ
അന്യഗൃഹത്തില്‍ നിരവധിനാള്‍ വാഴുവതേക്കാള്‍ അഭികാമ്യം
നിന്‍സന്നിധിയില്‍ ഒരു ദിവസം നിര്‍മ്മലമാകും സൗഭാഗ്യം
ദുഷടത നിറയും കൂടാരം തന്നില്‍ വാഴുവതേക്കാളും
ദൈവികഭവന കവാടത്തില്‍ കാവല്‍ നില്‍ക്കയെനിക്കിഷ്ടം
സൂര്യനുമെന്നുടെ പരിചയുമായ് കര്‍ത്താവെന്നും ശോഭിപ്പൂ
അവിടുന്നെന്നില്‍ ബഹുമതിയും കൃപയും തൂകി നിറയ്ക്കുന്നു.

C ക്രിസ്തുവും സങ്കീര്‍ത്തനങ്ങളും എന്ന വിഷയത്തെക്കുറിച്ച് ഇത്രയും കാര്യങ്ങള്‍ പശ്ചാത്തലമായി പറഞ്ഞശേഷം, സങ്കീര്‍ത്തനങ്ങളുടെ സാഹിത്യരൂപങ്ങളെപ്പറ്റിയാണ് അടുത്ത പ്രക്ഷേപണ ഭാഗത്ത് പ്രതിപാദിക്കുക.
150 സങ്കീര്‍ത്തനങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ചിലതിന് ചില സാമ്യങ്ങളും പ്രത്യേകതകളുമുണ്ട്. അവയെ സങ്കീര്‍ത്തനങ്ങളുടെ സാഹിത്യരൂപങ്ങള്‍ (literary forms or types) എന്നാണ് ബൈബിള്‍ പണ്ഡിതന്മാര്‍ വിശേഷിപ്പിക്കുന്നത്. അങ്ങനെയുള്ള 14 ഗണങ്ങളായി അവയെ തിരിച്ചിരിക്കുന്നു.

അതിനാല്‍ 150 സങ്കീര്‍ത്തനങ്ങളെയുംകുറിച്ച് വിശദമായി പഠിക്കാതെതന്നെ ഈ സാഹിത്യ രൂപങ്ങളുടെ ഉദാഹരണങ്ങളിലൂടെ എല്ലാ സങ്കീര്‍ത്തനങ്ങളെയും പരിചയപ്പെടാന്‍ സാധിക്കുമെന്നാണ് ബൈബിള്‍ പണ്ഡിതന്മാരായ ജോസഫ് തുരുത്തിമാലി അച്ചനും, അഗസ്റ്റിന്‍ മുള്ളൂരച്ചനും അഭിപ്രായപ്പെടുന്നത്.

ഇന്നത്തെ പരമ്പരയിലെ സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചത് എലിസബത്ത് രാജുവും സംഘവുമാണ്. സംഗീതാവിഷ്ക്കാരം ജെറി അമല്‍ദേവ്.

Psalm 84
സൈന്യങ്ങള്‍തന്‍ കര്‍ത്താവേ, എത്രവിശിഷ്ടം നിന്‍ഗേഹം
നിന്‍തിരുസന്നിധി ചേരാനായ് ആത്മാവെന്നും കേഴുന്നു.
ജീവിപ്പവനാം ദൈവത്തിന്‍ അപദാനാമൃത ഗാനങ്ങള്‍
മാമക ചിത്തവുമെന്‍നാവും മോദമൊടേവം പാടുന്നു.
സൈന്യങ്ങള്‍ തന്‍ രാജാവാം ദൈവത്തിന്‍ ബലിപീഠത്തില്‍
കുരുകില്‍ മീവല്‍ പക്ഷികളും സങ്കേതം കണ്ടെത്തുന്നു
അവികലമാകും സ്തുതിപാടി തവഭവനത്തില്‍ വാഴുന്നോര്‍
ഭാഗ്യംചെയ്തോര്‍ കര്‍ത്താവേ, നല്കണമേ നിന്‍കൃപനിരതം.

നിന്‍തിരുശക്തിയറിഞ്ഞവരാം നരരില്‍ ഭാഗ്യമുദിക്കുന്നു
ഹൃദയത്തിന്‍റെ വിശാലതയില്‍ സീയോന്‍ വഴികള്‍ തെളിയുന്നു
ബാക്കാത്താഴ്വരതന്‍ വഴികള്‍ തെളിനീര്‍ച്ചാലുകളാക്കുന്നു
ശാരദവര്‍ഷ നിപാതത്തില്‍ ജലവാഹിനിയായ്ത്തീരുന്നു.
ദൈവത്തില്‍ തിരുഭവനത്തില്‍ വാഴുന്നവരോ ദര്‍ശിക്കും
തന്‍മഹിമാവവരാര്‍ജ്ജിക്കും ശക്തിയുമൊട്ടും കുറവെന്യേ
സൈന്യങ്ങള്‍തന്‍ കര്‍ത്താവേ, നീയെന്‍ പ്രാര്‍ത്ഥന കേള്‍ക്കണമേ
പൂര്‍വ്വപിതാവാം യാക്കോബിന്‍, നാഥാ പ്രാര്‍‍ത്ഥന കേള്‍ക്കണമേ.

പരിപാലിക്കും പരിചയുമായ് കാത്തരുളീടും കര്‍ത്താവേ
തൃക്കൈ നീട്ടിത്തുണയേകി അഭിഷിക്തനെ നീ കാക്കണമേ
അന്യഗൃഹത്തില്‍ നിരവധിനാള്‍ വാഴുവതേക്കാള്‍ അഭികാമ്യം
നിന്‍സന്നിധിയില്‍ ഒരു ദിവസം നിര്‍മ്മലമാകും സൗഭാഗ്യം
ദുഷടത നിറയും കൂടാരം തന്നില്‍ വാഴുവതേക്കാളും
ദൈവികഭവന കവാടത്തില്‍ കാവല്‍ നില്‍ക്കയെനിക്കിഷ്ടം
സൂര്യനുമെന്നുടെ പരിചയുമായ് കര്‍ത്താവെന്നും ശോഭിപ്പൂ
അവിടുന്നെന്നില്‍ ബഹുമതിയും കൃപയും തൂകി നിറയ്ക്കുന്നു.
End








All the contents on this site are copyrighted ©.