2014-04-29 15:46:43

ജീവിതം പ്രാര്‍ത്ഥനയാക്കിയ വിശുദ്ധ പാപ്പ


29 ഏപ്രിൽ 2014, വത്തിക്കാൻ
ജീവിതം തന്നെ പ്രാർത്ഥനയാക്കി മാറ്റിയ മഹാത്മാവാണ് വി.ജോൺ പോൾ രണ്ടാമൻ പാപ്പായെന്ന് നാല് പതിറ്റാണ്ടുകാലം പാപ്പായുടെ സെക്രട്ടറിയായിരുന്ന കർദിനാൾ സ്റ്റാനിസ്ലാവ് ഡിസിവിസ്. വിശുദ്ധപദ പ്രഖ്യാപന ചടങ്ങിനോടനുബന്ധിച്ചുള്ള കൃതജ്ഞതാബലിക്കു ശേഷം വത്തിക്കാൻ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ജന്മനാടായ പോളണ്ടിൽ നിന്നും വിശുദ്ധപദപ്രഖ്യാപനത്തിനെത്തിയ തീർത്ഥാടകർക്കുവേണ്ടി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലും ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ ജന്മസ്ഥലമായ ബെർഗമോയിൽ നിന്നെത്തിയ തീർത്ഥാടകർക്കായി റോമിലെ സാൻ കാർലോ ദേവാലയത്തിലുമാണ് തിങ്കളാഴ്ച രാവിലെ കൃതജ്ഞതാബലികൾ അർപ്പിക്കപ്പെട്ടത്. വി.പത്രോസിന്‍റെ ബസിലിക്കയിലെ മുഖ്യപുരോഹിതൻ കർദിനാൾ ആഞ്ചലോ കൊമാസ്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ വത്തിക്കാനിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ നൂറുകണക്കിന് പോളിഷ് തീർത്ഥാടകർ പങ്കുകൊണ്ടു.
ആഴമാർന്ന ആത്മീയതയും പ്രാർത്ഥനാരൂപിയും വി.ജോൺ പോൾ രണ്ടാമൻ പാപ്പായിൽ താൻ എക്കാലത്തും ശ്രദ്ധിച്ചിട്ടുള്ള പുണ്യമാണെന്ന് നാൽപതു വർഷത്തോളം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന കർദിനാൾ ഡിസിവിസ് പ്രസ്താവിച്ചു. പാപ്പയ്ക്കു നേരെ വധശ്രമം നടന്നപ്പോൾ, വെടിയുതിർത്തത് ആരാണെന്ന് അറിയുന്നതിനുമുൻപേ പാപ്പ ആ വ്യക്തിയോടു ക്ഷമിച്ച്, തന്‍റെ സഹനം സഭയ്ക്കും ലോകത്തിനും വേണ്ടി സമർപ്പിച്ച് പ്രാർത്ഥിച്ചു. സ്വന്തം സുഖപ്രാപ്തിക്കുവേണ്ടി പ്രാർത്ഥിക്കാതെ, അന്യരുടെ രക്ഷയ്ക്കുവേണ്ടി പാപ്പ പ്രാർത്ഥിച്ചത് തന്നെ അമ്പരപ്പിച്ചുവെന്ന് കർദിനാൾ പറഞ്ഞു.
എല്ലാം പ്രാർത്ഥനയിലൂടെയാണ് അദ്ദേഹം ചെയ്തിരുന്നത്. ദിവസവും ദീർഘനേരം പ്രാർത്ഥനയിൽ ചിലവഴിച്ചിരുന്ന പാപ്പായുടെ ജീവിതം മുഴുവൻ ഒരു പ്രാർത്ഥനയായിരുന്നുവെന്ന് കർദിനാള്‍ ഡിസിവിസ് അഭിപ്രായപ്പെട്ടു.
‘കുടുംബങ്ങളുടെ പാപ്പ’, ‘ജീവന്‍റെ സംരക്ഷണത്തിനുവേണ്ടി നിലകൊണ്ട പാപ്പ’ ‘ദരിദ്രർക്കുവേണ്ടി ശബ്ദമുയർത്തിയ പാപ്പ’ ‘മൂന്നാം ലോക രാജ്യങ്ങളുടെ ഉന്നമനം ആഗ്രഹിച്ച പാപ്പ’ എന്നിങ്ങനെ നിരവധിയായ വിശേഷണങ്ങൾ വി.ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്ക് തികച്ചും അനുയോജ്യമാണെന്നും കർദിനാള്‍ ഡിസിവിസ് പ്രസ്താവിച്ചു.All the contents on this site are copyrighted ©.