2014-04-27 14:06:00

ജോണ്‍ ഇരുപത്തിമൂന്നാമനും
ജോണ്‍ പോള്‍ രണ്ടാമനും വിശുദ്ധപദത്തില്‍


27 ഏപ്രില്‍ 2014, വത്തിക്കാന്‍
പുണ്യശ്ലോകരായ ജോണ്‍ 23-ാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നീ വിശുദ്ധപദപ്രഖ്യാപന കര്‍മ്മങ്ങള്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍, വത്തിക്കാനിലെ വിശാലമായ ചത്വരത്തില്‍ നടന്നു. പ്രാദേശിക സമയം രാവിലെ 10 മണിക്ക് ആരംഭിച്ച ചടങ്ങുകള്‍ രണ്ടര മണിക്കൂര്‍ നീണ്ടുനിന്നു. വിശുദ്ധപദപ്രഖ്യാപനം, നവവിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം, ദിവ്യബലി, പാപ്പായുടെ വചനപ്രഘോഷണം, സമാപനാശീര്‍വ്വാദത്തിനു മുന്‍പുള്ള നന്ദിപ്രകടനവും, ത്രികാലപ്രാര്‍ത്ഥനയും ഏറെ ശ്രദ്ധേയമായ ഇനങ്ങളായിരുന്നു.

തിരുക്കര്‍മ്മങ്ങളില്‍ മുന്‍പാപ്പാ ബനഡിക്ട് 16-ാമന്‍റെ സാന്നിദ്ധ്യവും
സമൂഹബലിയര്‍പ്പണത്തിലെ പങ്കാളിത്തവും പരിപാടിക്ക് മാറ്റേകി.
കര്‍ദ്ദിനാളന്മാര്‍, മെത്രാന്മാര്‍, വൈദികര്‍ സന്ന്യസ്തര്‍ എന്നിവര്‍ക്കു പുറമേ, 25 രാഷ്ട്രതലവന്മാര്‍, 90-ല്‍ അധികം രാഷ്ട്രപ്രതിനിധികളുടെ സാന്നിദ്ധ്യം എന്നിവ വിശുദ്ധരായ ജോണ്‍ 23-ാമന്‍റെയും ജോണ്‍ പോള്‍ രണ്ടാമന്‍റെയും വിശ്വമാനവും അവരുടെ പ്രബോധനങ്ങളുടെ ആഗോള പ്രസക്തിയും തെളിയിക്കുന്നതായിരുന്നു. ഇറ്റലിയില്‍നിന്നും ലോകത്തിന്‍റെ ഇതര ഭാഗങ്ങളില്‍നിന്നുമായി 8-ലക്ഷത്തിലേറെ പേര്‍ പരിപാടിയില്‍ പങ്കെടുത്തതായി കണക്കാക്കപ്പെടുന്നു.

നാമകരണനടപടിക്രമത്തോടു ചേര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് നല്കിയ ചിന്തകള്‍ താഴെ ചേര്‍ത്തിരിക്കുന്നു:

ഈസ്റ്ററിന്‍റെ എട്ടാമിടം ഞായറാഴ്ചയെ ക്രിസ്തുവിന്‍റെ മഹത്വമാര്‍ന്ന തിരുമുറിവുകളെ ധ്യാനിക്കുന്ന ‘ദൈവികകാരുണ്യത്തിന്‍റെ ദിന’മായി ആചരിക്കണമെന്നത് പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ആഗ്രഹമായിരുന്നു.

കുരിശുമരണത്തിന്‍റെ സാബത്തു കഴിഞ്ഞുവരുന്ന ഞായര്‍ പ്രഭാതത്തില്‍ ക്രിസ്തു പ്രഭയോടെ പ്രത്യക്ഷപ്പെട്ട് തന്‍റെ തിരുമുറിവുകള്‍ ശിഷ്യന്മാര്‍ക്കു കാണിച്ചുകൊടുത്തു. എന്നാല്‍ 12 ശിഷ്യന്മാരില്‍ ഒരാളായ തോമസ്സ് അപ്പോള്‍ അവരുടെ മദ്ധ്യത്തില്‍ ഉണ്ടായിരുന്നില്ല.
‘തങ്ങള്‍ കര്‍ത്താവിനെ കണ്ടു’വെന്നു മറ്റുള്ളവര്‍ പറഞ്ഞപ്പോഴും, ആ മുറിപ്പാടുകള്‍ നേരിട്ട് കാണുകയും സ്പര്‍ശിക്കുകയും ചെയ്യാതെ താന്‍ വിശ്വസിക്കുകയില്ലെന്ന് തോമസ് തറപ്പിച്ചുപറഞ്ഞു. ഒരാഴ്ച കഴിഞ്ഞ്, വീടിന്‍റെ മേല്‍മുറിയില്‍ കൂടിയിരുന്ന ശിഷ്യന്മാര്‍ക്ക് ക്രിസ്തു വീണ്ടും പ്രത്യക്ഷപ്പെട്ടു. അപ്പോള്‍ തോമസും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ക്രിസ്തു അയാളുടെ നേരെ തിരിഞ്ഞുകൊണ്ട്, തന്‍റെ മുറിവുകള്‍ കാണുവാനും അവ സ്പര്‍ശിച്ചു നോക്കുവാനും ആവശ്യപ്പെട്ടു. കാര്യങ്ങള്‍ നേര്‍ക്കുപറയുവാനും, എല്ലാം തൊട്ടറിഞ്ഞു വിശ്വാസിക്കുവാനും ആഗ്രഹിച്ചിരുന്ന ആ മനുഷ്യന്‍ ഗുരുവിന്‍റെ പാദങ്ങളില്‍ സാഷ്ടാംഗംപ്രണമിച്ചു പറഞ്ഞു, “എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ!” (യോഹ. 20, 28).

ക്രിസ്തുവിന്‍റെ മുറിവുകള്‍ അപമാനവും വിശ്വാസത്തിന് പ്രതിബന്ധവുമാണെന്ന് ചിലപ്പോള്‍ തോന്നാമെങ്കിലും, വിശ്വാസത്തിന്‍റെ മാറ്റുരയ്ക്കുന്ന യാഥാര്‍ത്ഥ്യമാണത്. അതുകൊണ്ടാണ്
ആ മുറിപ്പാടുകള്‍ ക്രിസ്തുവിന്‍റെ ദേഹത്തുനിന്നും ഒരിക്കലും മാഞ്ഞുപോകാതിരുന്നതും,
എന്നും തെളിഞ്ഞുനില്ക്കുന്നതും. കാരണം, മനുഷ്യര്‍ക്ക് അവ ദൈവസ്നേഹത്തിന്‍റെ മായാത്ത മുദ്രയാണ്. ദൈവത്തില്‍ വിശ്വസിക്കുന്നതിന് ഈ അടയാളങ്ങള്‍ മനുഷ്യന് അനിവാര്യവുമാണ്. ഏശയാ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട്, പത്രോശ്ലീഹാ ഇങ്ങനെ പറയുന്നു, “അവിടുത്തെ തിരുമുറിവുകളാണ് നമ്മെ സൗഖ്യപ്പെടുത്തിയത്” (1 പത്രോസ് 2, 24; ഏശ. 53, 5).

ക്രിസ്തുവിന്‍റെ മുറിപ്പാടുകള്‍ ധ്യാനിക്കുവാനോ, അവയെ സ്നേഹിക്കുവാനോ ഭയമില്ലാതിരുന്ന രണ്ടു പുണ്യാത്മാക്കളാണ് ജോണ്‍ 23-ാമനും, ജോണ്‍ പോള്‍ രണ്ടാമനും.
ആ തിരുമുറിവുകളില്‍ അവര്‍ ലജ്ജിതരായിരുന്നില്ല, അവിടുത്തെ പീഡകളാലോ കുരിശിനാലോ അവര്‍ അപമാനിതരുമായിരുന്നില്ല. അവരുടെ സഹോദരങ്ങളുടെ മുറിപ്പെട്ട ശരീരങ്ങളും അവരെ നിന്ദിതരാക്കിയില്ല (ഏശയാ 58, 7), കാരണം വേദനയിലും കഷ്ടതയിലും ഉഴലുന്ന സഹോദരങ്ങളില്‍ അവര്‍ ക്രിസ്തുവിനെ ദര്‍ശിച്ചിരുന്നു.

അങ്ങനെ പരിശുദ്ധാത്മാവിന്‍റെ കരുത്തുനിറഞ്ഞ ഈ രണ്ടു പുണ്യാത്മാക്കളും സഭയ്ക്കും ലോകത്തിനും ദൈവികനന്മയുടെയും കാരുണ്യത്തിന്‍റെയും മഹനീയ സാക്ഷികളായി മാറി.
20-ാം നൂറ്റാണ്ടിന്‍റെ പുരോഹിതരും മെത്രാന്മാരും പത്രോസിന്‍റെ പിന്‍ഗാമികളുമായിരുന്നു അവര്‍. ആ നൂറ്റാണ്ടിന്‍റെ ദുരന്തസംഭവങ്ങളിലൂടെ ജീവിച്ചവരാണവര്‍, എന്നാല്‍ അവയ്ക്ക് അവരെ ഒരിക്കലും കീഴ്പ്പെടുത്താനായില്ല. ദൈവം മറ്റെല്ലാറ്റിനെക്കാളും ശക്തനാണെന്ന് അവര്‍ വിശ്വസിച്ചു; മാനവകുലത്തിന്‍റെ രക്ഷകനും ചരിത്രത്തിന്‍റെ അതിനാഥനുമായ ക്രിസ്തുവിനെയും, അവിടുത്തെ പഞ്ചക്ഷതങ്ങള്‍ വെളിപ്പെടുത്തിയ ദൈവികകാരുണ്യത്തിനെയും, അവിടുത്തെ അമ്മയായ കന്യകാനാഥയോടുള്ള വാത്സല്യംനിറഞ്ഞ വിശ്വാസത്തെയും ഭക്തിയെയും മറ്റെന്തിനെക്കാളും അവര്‍ക്ക് വിലപ്പെട്ടതായിരുന്നു.

ക്രിസ്തുവിന്‍റെ മുറിവുകളെ നോക്കി ദൈവികകാരുണ്യത്തിനു സാക്ഷൃംവഹിച്ച ഈ രണ്ടു പുണ്യാത്മാക്കളില്‍ ‘സജീവമായ പ്രത്യാശയും അവര്‍ണ്ണനീയവും മഹത്വപൂര്‍ണ്ണവുമായ സന്തോഷവും നിറഞ്ഞുനിന്നിരുന്നു’ (1 പത്രോസ് 1, 3-8). ഉത്ഥിതനായ ക്രിസ്തു തന്‍റെ ശിഷ്യരില്‍ വര്‍ഷിച്ച പ്രത്യാശയും സന്തോഷവും, മറ്റൊന്നിനും നശിപ്പിക്കുവാനോ എടുത്തുമാറ്റുവാനോ സാധിക്കുന്നതല്ല.
ശൂന്യവത്ക്കരണവും പരിത്യാഗവും, പാപികളോടും വിനീതരോടുമുള്ള സാരൂപ്യപ്പെടലും, അവസാനം ജീവിതത്തില്‍ പാനംചെയ്ത കയ്പ്പേറിയ പാനപാത്രത്തിലും ഉത്ഥാനത്തിന്‍റെ സന്തോഷവും പ്രത്യാശയുമാണ് അവര്‍ കണ്ടത്. ഉത്ഥിനായ ക്രിസ്തുവില്‍നിന്നും സ്വീകരിച്ച സഹനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും പ്രതിസമ്മാനമായ പ്രത്യാശയും സന്തോഷവും ദൈവജനത്തിന് നിര്‍ലോഭമായി പകര്‍ന്നുനല്കിയ ഈ വിശുദ്ധാത്മക്കാളോട് നാം എന്നും കടപ്പെട്ടിരിക്കുന്നു.

ഈ പ്രത്യാശയും ആനന്ദവും ജരൂസലേമിലെ ആദിമ ക്രൈസ്തവ സമൂഹത്തില്‍ തിളങ്ങിനിന്നിരുന്നുവെന്ന് അപ്പസ്തോല നടപടി പുസ്തകത്തില്‍ വായിക്കുന്നു (നടപടി 2, 42-47). സുവിശേഷത്തിന്‍റെ കാതലായ കാരുണ്യവും സ്നേഹവും സാഹോദര്യത്തിലും ലാളിത്യത്തിലും വിശ്വസ്തതയോടെ ജീവിച്ച സമൂഹമാണത്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസ് അതിന്‍റെ പ്രബോധനങ്ങളിലൂടെ നമ്മുടെ മുന്നില്‍ വരച്ചുകാട്ടിയത് കൂട്ടായ്മയുടെയും സാഹോദര്യത്തിന്‍റെയും രൂപരേഖതന്നെയാണ്. ആദിമ സഭയുടെ മൂലഘടകങ്ങള്‍ പരിശുദ്ധിയോടെ പാലിച്ചുകൊണ്ട് സഭയെ നവീകരിക്കുന്നതിനും സമസ്വരപ്പെടുത്തുന്നതിനും പരിശുദ്ധാത്മാവിന്‍റെ പ്രചോദനങ്ങളോട് ഈ പുണ്യാത്മാക്കള്‍ ഏറെ സഹകരിച്ചുവെന്നു കാണാം. ഒരു നൂറ്റാണ്ടുകാലം സമകാലീന ലോകത്തിന് നവീകരണത്തിന്‍റെ ആത്മീയ ചൈതന്യം പകര്‍ന്നുതന്നത് ഈ വിശുദ്ധാത്മക്കളാണ് - ജോണ്‍ 23-ാമനും ജോണ്‍ പോള്‍ രണ്ടാമനും. സഭയ്ക്ക് കാലികമായ ദിശാബോധവും വളര്‍ച്ചയ്ക്കുള്ള ഓജസ്സും പകരുന്നത് വിശുദ്ധരാണെന്ന് മറക്കരുത്.

വാഴ്ത്തപ്പെട്ട ജോണ്‍ 23-ാമന്‍ പാപ്പാ പരിശുദ്ധാരൂപിയോട് കാണിച്ച കലവറയില്ലാത്ത തുറവാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് വഴിയൊരുക്കിയത്. അരൂപിയാല്‍ നയിക്കപ്പെട്ട സഭയുടെ നല്ലിടയനും ലാളിത്യമാര്‍ന്ന സേവകനുമായി ജീവിച്ച വിശുദ്ധാത്മാവാണ് ജോണ്‍
23-ാമന്‍. അദ്ദേഹം കൊളുത്തിയ സഭയുടെ അജപാലനദൗത്യത്തിന്‍റെയും നവീകരണത്തിന്‍റെയും കെടാവിളക്കാണ് ആധുനികയുഗത്തിലെ രണ്ടാം വത്തിക്കാന്‍ സൂനഹദോസ്. ദൈവാരൂപിയോടു അതിരില്ലാതെ തുറവുകാണിച്ച പുണ്യാത്മാവാണ് ജോണ്‍ 23-ാമന്‍ പാപ്പാ!

ദൈവജനത്തിന്‍റെ ഐതിഹാസികവും അതിരുകളില്ലാത്തതുമായ സേവനപന്ഥാവിലൂടെ കുടുംബങ്ങളുടെ പ്രബോധകനും പ്രായോക്താവുമായ പാപ്പായാണ് ജോണ്‍ പോള്‍ രണ്ടാമന്‍! ‘കുടുംബങ്ങളുടെ പാപ്പാ’യെന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. കുടുംബങ്ങളെക്കുറിച്ചുള്ള സിനഡിന് ഒരുങ്ങുന്ന കാലഘട്ടത്തില്‍ ഇക്കാര്യം സൂചിപ്പിക്കുന്നതിലും അതിയായ സന്തോഷവുമുണ്ട്. സഭയുടെ ഉദ്യമത്തെ സ്വര്‍ഗ്ഗീയ മഹത്വത്തില്‍നിന്നും ഈ പുണ്യശ്ലോകന്‍ അനുഗ്രഹംവര്‍ഷംകൊണ്ട് നയിക്കുകയും ഫലപ്രാപ്തമാക്കുകയും ചെയ്യുമെന്ന് ഉറപ്പുണ്ട്.

കുടുംബങ്ങളുടെ അജപാലനശുശ്രൂഷയെ അധികരിച്ചുള്ള രണ്ടു സിനഡുസമ്മേളനങ്ങള്‍ക്ക്
സഭ ഒരുങ്ങുന്ന ഇക്കാലഘട്ടത്തില്‍ പരിശുദ്ധാത്മാവിന്‍റെ പ്രചോദനങ്ങളോട് തുറവോടെ പ്രവര്‍ത്തിക്കുവാന്‍ ദൈവജനത്തിന്‍റെ ഇടയന്മാരായിരുന്ന നവവിശുദ്ധര്‍ മാദ്ധ്യസ്ഥ്യംവഹിക്കട്ടെ. ഉത്ഥിതന്‍റെ മുറിപ്പാടുകളെ ഭയക്കാതെ, അവ പ്രകടമാക്കുന്ന ദൈവികകാരുണ്യത്തിന്‍റെയും ദിവ്യരഹസ്യങ്ങളുടെയും പൊരുള്‍ മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളുവാനും സഹായിക്കണമേ എന്ന് ഈ പുണ്യാത്മക്കളോടു നമുക്കു പ്രാര്‍ത്ഥിക്കാം. ഉത്ഥിതനില്‍ പ്രത്യാശയര്‍പ്പിക്കാം, അവിടുന്ന് ക്ഷമാശീലനാണ്, അവിടുന്ന് നമ്മെ എപ്പോഴും സ്നേഹിക്കുന്നു!

All the contents on this site are copyrighted ©.