2014-04-25 16:54:31

വിശുദ്ധപദപ്രഖ്യാപന ചടങ്ങിന്‍റെ ക്രമീകരണങ്ങൾ


25 ഏപ്രിൽ 2014, വത്തിക്കാൻ
വാഴ്ത്തപ്പെട്ട ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടേയും ജോൺ പോൾ രണ്ടാമൻ പാപ്പായുടേയും വിശുദ്ധപദപ്രഖ്യാപന ചടങ്ങിനായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് വത്തിക്കാൻ. ഏപ്രിൽ 27ന് രാവിലെ 10 മണിക്ക് വി.പത്രോസിന്‍റെ ചത്വരത്തിൽ ആരംഭിക്കുന്ന വിശുദ്ധപദ പ്രഖ്യാപന ചടങ്ങിന്‍റെ ക്രമീകരണങ്ങൾ വത്തിക്കാൻ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദി മാധ്യമ പ്രവർത്തകരെ അറിയിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന തിരുക്കർമ്മങ്ങളിൽ 150 ഓളം കർദിനാൾമാരും 1000ഓളം മെത്രാൻമാരും സഹകാർമ്മികരായിരിക്കും. റോമാ രൂപതയുടെ വികാരി ജനറൽ കർദിനാൾ അഗസ്തീനോ വല്ലീനി, ജോൺ പോൾ രണ്ടാമൻ പാപ്പായുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന കർദിനാൾ സ്റ്റാനിസ്ലാവ് ഡിസിവിസ്, ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ ജന്മനാടായ ബെർഗമോ രൂപതാധ്യക്ഷൻ ബിഷപ്പ് ഫ്രാൻസിസ് ബെസ്ക്കി എന്നിവരാണ് പ്രധാന സഹകാർമ്മികർ.
ആറായിരത്തിലധികം വൈദികരും പ.കുർബ്ബാനയിൽ സംബന്ധിക്കും.
പ.കുർബ്ബാന നൽകാൻ 600 വൈദികരേയും 70 ഡീക്കൻമാരേയും നിയോഗിച്ചിട്ടുണ്ട്.
25ഓളം രാജ്യങ്ങളുടെ പ്രഥമ പൗരൻമാരുൾപ്പെടെ 90 രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തും.

വിശുദ്ധപദ പ്രഖ്യാപന ചടങ്ങിനു ശേഷം ഫ്രാൻസിസ് മാർപാപ്പ വിശ്വാസ സമൂഹത്തെ അഭിവാദ്യം ചെയ്തുകൊണ്ട് ജനമധ്യത്തിലൂടെ കടന്നുപോകുമെന്നും വത്തിക്കാൻ വക്താവ് ഫാ.ലൊംബാർദി അറിയിച്ചു.







All the contents on this site are copyrighted ©.