2014-04-25 16:55:35

ഇന്നും പ്രചോദനമായി തുടരുന്ന ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വിശുദ്ധസാക്ഷ്യം


25 ഏപ്രിൽ 2014, വത്തിക്കാൻ
നവവിശുദ്ധൻ ജോൺ പോൾ രണ്ടാമൻ പാപ്പായെ സാർവ്വത്രിക സഭയ്ക്കു സമ്മാനിച്ച പോളണ്ടിന് ഫ്രാൻസിസ് പാപ്പായുടെ ഹൃദയാഞ്ജലി. രണ്ടര പതിറ്റാണ്ടിലേറ കത്തോലിക്കാ സഭയെ നയിച്ച പുണ്യശ്ലോകനായ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വിശുദ്ധപദപ്രഖ്യാപനത്തോടനുബന്ധിച്ച് പോളിഷ് ടെലിവിഷന് നൽകിയ പ്രത്യേക സന്ദേശത്തിലാണ്, പാപ്പായുടെ ജന്മനാടിന് ഫ്രാൻസിസ് പാപ്പ കൃതജ്ഞത രേഖപ്പെടുത്തിയത്. മാർപാപ്പയുടെ വീഡിയോ സന്ദേശം വ്യാഴാഴ്ച വൈകീട്ട് പോളണ്ടിൽ പ്രക്ഷേപണം ചെയ്തു.

മഹാനായ മനുഷ്യനും മാർപാപ്പായുമായിരുന്ന ജോൺ പോൾ രണ്ടാമൻ പാപ്പായെ വിശുദ്ധനായി പ്രഖ്യാപിക്കാൻ ഭാഗ്യം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് പാപ്പാ ഫ്രാൻസിസ് വെളിപ്പെടുത്തി. ജോൺ പോൾ രണ്ടാമൻ പാപ്പായുടേയും ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടേയും വിശുദ്ധപദ പ്രഖ്യാപനം പോളണ്ടിലെ സഭയ്ക്കും സമൂഹത്തിനും പുത്തനുണർവേകട്ടെയെന്ന് പാപ്പ ആശംസിച്ചു. ഏപ്രിൽ 27ന് വത്തിക്കാനിൽ നടക്കുന്ന വിശുദ്ധപദപ്രഖ്യാപനത്തിൽ നേരിട്ടും മാധ്യമങ്ങളിലൂടെയും പങ്കുചേരുന്ന എല്ലാവർക്കും വിശ്വാസത്തിൽ ആഴപ്പെടാനുള്ള അവസരമായിരിക്കട്ടെ അതെന്നും പാപ്പ പറഞ്ഞു.
ലോക യുവജന സംഗമത്തോടനുബന്ധിച്ച് 2016ൽ പോളണ്ട് സന്ദർശിക്കാമെന്ന പ്രത്യാശയും തദവസരത്തിൽ പോളിഷ് ജനത്തോട് പാപ്പാ ഫ്രാൻസിസ് പങ്കുവച്ചു.








All the contents on this site are copyrighted ©.