2014-04-25 16:55:10

വിശുദ്ധനായ പാപ്പാ ജോൺ, സഭയ്ക്കു ലഭിച്ച മഹാദാനം


25 ഏപ്രിൽ 2014, വത്തിക്കാൻ
ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ വിശുദ്ധ ജീവിതം സഭയ്ക്കു ലഭിച്ച മഹാദാനമെന്ന് ഫ്രാൻസിസ് പാപ്പ. ഉത്തര ഇറ്റലിയിലെ ബെർഗമോ സ്വദേശിയായ ആഞ്ചലോ റൊങ്കാളിയെന്ന ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ വിശുദ്ധപദ പ്രഖ്യാപനത്തോടനുബന്ധിച്ച് ബെർഗമോയിലെ ലെക്കോ (L’Eco) എന്ന പത്രത്തിനു നൽകിയ സന്ദേശത്തിലാണ് പാപ്പാ ഫ്രാൻസിസ് ഇപ്രകാരം പ്രസ്താവിച്ചത്. യുവ വൈദികനായിരിക്കെ, ഫാ.റൊങ്കാളി ഈ പത്രത്തിൽ സേവനം ചെയ്തിരുന്നു.
പാപ്പാ ജോണിനോട് അതിരറ്റ സ്നേഹമുള്ളവരാണ് ബെർഗമോ നിവാസികളെന്ന് തനിക്ക് നന്നായി അറിയാമെന്ന് വെളിപ്പെടുത്തിയ പാപ്പ, ജോൺപാപ്പായ്ക്കും ബെർഗമോയോട് ഒരു ആത്മബന്ധമുണ്ടായിരുന്നുവെന്നും അത് ഇന്നും തുടരുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.
പാപ്പാ ജോൺ നൽകിയ ആത്മീയ പൈതൃകം, കാലത്തിന്‍റെ വെല്ലുവിളികളെ മറികടന്ന് വിശ്വാസ ജീവിതത്തിൽ അഭിവൃദ്ധിപ്രാപിക്കാൻ അവർക്ക് തുണയാകട്ടെയെന്നും ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു.
സഭയിൽ മാറ്റങ്ങൾക്കു തുടക്കമിട്ട രണ്ടാം വത്തിക്കാൻ സൂന്നഹദോസ് വിളിച്ചുകൂട്ടിയ ജോൺ പാപ്പായേയും രണ്ടാം വത്തിക്കാൻ സൂന്നഹദോസിന്‍റെ ഫലങ്ങൾ നടപ്പിലാക്കിയ ജോൺ പോൾ രണ്ടാമൻപാപ്പായുടേയും വിശുദ്ധപദ പ്രഖ്യാപനം ഒരുമിച്ചു നടത്താൻ സാധിക്കുന്നതിൽ താൻ കൃതാർത്ഥനാണെന്നും പാപ്പ പറഞ്ഞു.

All the contents on this site are copyrighted ©.