2014-04-25 16:56:10

അജപാലകർ സഭയുടെ ധാർമ്മിക പ്രബോധനങ്ങൾക്ക് ഉറപ്പുള്ള സാക്ഷ്യമേകണമെന്ന് മാർപാപ്പ


25 ഏപ്രിൽ 2014, വത്തിക്കാൻ
പ്രതിസന്ധികളിൽ പതറാതെ, വിശ്വാസത്തിൽ അടിയുറച്ചു ജീവിക്കാൻ സഭാംഗങ്ങൾക്ക് കരുത്തും തുണയുമേകണമെന്ന് ദക്ഷിണാഫ്രിക്കയിലെ കത്തോലിക്കാ മെത്രാൻമാരോട് മാർപാപ്പ. ആദ്- ലിമിന സന്ദർശനത്തിനെത്തിയ ദക്ഷിണാഫ്രിക്കൻ മെത്രാൻമാരുമായി വെള്ളിയാഴ്ച രാവിലെ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പാപ്പ ഈ ആഹ്വാനം നൽകിയത്. കത്തോലിക്കർ ചിതറിപ്പാർക്കുന്നതും, ഇടവകകളുടെ ദൂരവ്യാപ്തിയും, ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിലെ അജപാലന ശുശ്രൂഷയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച പാപ്പ, സ്ഥിരം ഡീക്കൻമാരുടേയും പരിശീലനം ലഭിച്ച അൽമായ ശുശ്രൂഷകരുടേയും സഹായത്തോടെ ഈ പ്രതിസന്ധി തരണം ചെയ്യാൻ അവർക്കു സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ സുവിശേഷവേല ചെയ്യുന്ന വിദേശമിഷനറിമാരെ നന്ദിയോടെ അനുസ്മരിക്കാനും പാപ്പ മറന്നില്ല.
കത്തോലിക്കാ കുടുംബങ്ങളിലെ കുറയുന്ന ജനനനിരക്ക്, ദൈവവിളികളുടെ അഭാവം, കൂടിവരുന്ന വിവാഹമോചനങ്ങൾ, കുടുംബബന്ധങ്ങളിലെ പാളിച്ചകൾ, ആശങ്കാജനകമായ ഭ്രൂണഹത്യാ നിരക്ക്, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള ആക്രമണങ്ങൾ തുടങ്ങി
കത്തോലിക്കാ ജീവിതത്തിന് വെല്ലുവിളി ഉയർത്തുന്ന നിരവധിയായ ഘടകങ്ങൾ സഭ ഉത്കണ്ഠയോടെയാണ് വീക്ഷിക്കുന്നതെന്ന് പാപ്പ പ്രസ്താവിച്ചു. പ്രതിസന്ധികളിൽ പതറാതെ, സുവിശേഷത്തിന്‍റെ ആനന്ദത്താൽ മുദ്രിതമായ, സഭയുടെ ധാർമ്മിക പ്രബോധനങ്ങൾക്ക് ഉറപ്പോടെ സാക്ഷ്യം നൽകണമെന്ന് സഭാ മേലധ്യക്ഷൻമാരോട് പാപ്പ ആവശ്യപ്പെട്ടു. മെത്രാൻമാർക്കുവേണ്ടി പ.കന്യകാമറിയത്തിന്‍റേയും ആഫ്രിക്കൻ വിശുദ്ധരുടേയും മാധ്യസ്ഥം അപേക്ഷിച്ച് പ്രാർത്ഥിച്ച പാപ്പ അവർക്കും അവർ നയിക്കുന്ന വിശ്വാസസമൂഹത്തിനും തന്‍റെ അപ്പസ്തോലിക ആശീർവാദവും നൽകി.All the contents on this site are copyrighted ©.