2014-04-24 19:43:40

വാര്‍ത്തകള്‍ ഉദ്വേഗജനകമാക്കാന്‍
മാധ്യമങ്ങള്‍ ധാര്‍മ്മികത വെടിയരുത്


24 ഏപ്രില്‍ 2014, റോം
സഭയുടെ പ്രബോധനപരമായ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുരുതെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. ധാരാളം പേരുമായി ടെലിഫോണിലൂടെയും അല്ലാതെയും പാപ്പാ ഫ്രാന്‍സിസ് ബന്ധപ്പെടുന്നുണ്ട്, എന്നാല്‍ വ്യക്തിപരമായ കാര്യങ്ങള്‍ വത്തിക്കാന്‍ പ്രസ്സ് ഓഫിസിന്‍റെ വ്യാഖ്യാന പരിധിയില്‍പ്പെട്ടതല്ലെന്നും, സഭയുടെ പ്രബോധനാധികാരത്തില്‍പ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങള്‍ അവ്യക്തമായും ആധികാരികത മനസ്സിലാക്കാതെയും വ്യാഖ്യാനിക്കുന്നതും ദുര്‍വ്യാഖ്യാനംചെയ്യുന്നതും ശരിയല്ലെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയിലൂടെ താക്കീതുനല്കി.

വിവാഹമോചിതയായ സ്ത്രീയ്ക്ക് ഇടവക വികാരി ദിവ്യകാരുണ്യം നിഷേധിച്ചുവെന്നും, ഇക്കാര്യം
പാപ്പായെ ടെലിഫോണിലൂടെ അറിയിച്ചപ്പോള്‍ മറ്റ് ഇടവകകളില്‍പ്പോയി ദിവ്യാകാരുണ്യം സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചതായും ആദ്യകക്ഷി മാധ്യമങ്ങള്‍ക്ക് നല്കിയ വാര്‍ത്തയോട് ബന്ധപ്പെട്ടു വന്ന അന്വേഷണങ്ങളോട് പ്രതികരിച്ചുകൊണ്ടാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ പ്രസ്താവിച്ചത്.

കാര്യങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കാതെയും സ്ഥിരീകരിക്കാതെയും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ഉദ്വേഗജനകമായി പുറത്തുവിടുന്നത് മാധ്യമധാര്‍മ്മികതയ്ക്ക് വിരുദ്ധമാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.
വിവാഹമോചിതരുടെ ആത്മീയ അവസ്ഥയെക്കുറിച്ചും, അവരുടെ കൂദാശകളിലുള്ള പങ്കാളിത്തത്തെക്കുറിച്ചും വ്യക്തമായ സഭാപ്രബോധനങ്ങള്‍ നിലനില്ക്കെ അവയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ സ്വതന്ത്രവ്യാഖ്യാനങ്ങളും വിലയിരുത്തലുകളും അപ്രസ്ക്തവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും സാധാരണക്കാരുടെ മനസ്സുകളില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി കൂട്ടിച്ചേര്‍ത്തു.

Photo : Pope leaves the venue of the Church of St. Ignatious in Rome after the Canonization of Jose Anchieta sj


All the contents on this site are copyrighted ©.