2014-04-24 20:39:19

ഉത്ഥാനപ്രഭയെ തമസ്ക്കരിക്കരുതെന്ന്
പാപ്പാ ഫ്രാന്‍സിസ്


27 ഏപ്രില്‍ 2014, വത്തിക്കാന്‍
ഉത്ഥാനപ്രഭയെ ഭയന്ന് ഇരുട്ടില്‍ കഴിയുന്നവര്‍ മൃതരാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
ഏപ്രില്‍ 25-ാം വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് മൃത്യുഞ്ജയാനായ ക്രിസ്തു നല്കുന്ന സന്തോഷത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

ഉത്ഥിതനെ കണ്ട് ഭൂതമാണെന്നു വിചാരിച്ച് ഭയന്നുമാറിയ ശിഷ്യന്മാരെപ്പോലെ, ക്രിസ്തുവിനെയും അവിടുത്തെ ഉത്ഥാനത്തിന്‍റെ പ്രഭയും സന്തോഷവും ഭയക്കുന്ന ക്രിസ്തുശിഷ്യന്മാര്‍, ക്രൈസ്തവര്‍ ഇന്നുമുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ഭക്ഷണം പങ്കുവച്ചും മുറിപ്പെട്ട ശരീരം കാണിച്ചും ശിഷ്യന്മാരെ ധൈര്യപ്പെടുത്തുവാനും, ബോധ്യപ്പെടുത്തുവാനും, അവരെ തന്‍റെ ചാരത്ത് അണയ്ക്കുവാനും ശ്രമിച്ചിട്ടും അവര്‍ ഭയന്നു മാറുകയായിരുന്നെന്ന് സുവിശേഷത്തെ ആധാരമാക്കി (യോഹ. 21, 1-14) പാപ്പാ ഉദ്ബോധിപ്പിച്ചു.

ഉത്ഥാനത്തിന്‍റെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിക്കൊണ്ട് ക്രിസ്തു അങ്ങനെ അവരെ അതിന്‍റെ ആത്മീയ ആനന്ദത്തിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. ഉത്ഥിതന്‍റെ സാമീപ്യത്തില്‍നിന്നും ഭയന്നുമാറിയിട്ട് മൃത്യുദമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ലോകത്ത് ഇന്ന് അധികവും. അവര്‍ ക്രിസ്തുവിന്‍റെ ഉത്ഥാനാനന്ദം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിനു പകരം അതിനെ ഭയക്കുകയും വെറുക്കുയുംചെയ്യുന്നു. എന്നിട്ട് മരണത്തിന്‍റെ ദുഃഖത്തിലും കരിനിഴലിലും ജീവിക്കാന്‍ ആഗ്രഹിക്കുന്നു.

പകല്‍വെട്ടത്തില്‍ പതിയിരിക്കുകയും രാത്രിയുടെ കൂരിരുട്ടില്‍ വിലസുകയും ചെയ്യുന്ന നരിച്ചീറുകളെപ്പോലെ (വവ്വാലുകളെപ്പോലെ) ആവരുത് ക്രൈസ്തവരെന്ന് പാപ്പാ ഉദാരഹണ സഹിതം ഉദ്ബോധിപ്പിച്ചു.

ജീവിതയാത്രയില്‍ ഉത്ഥിതന്‍ നമ്മുടെകൂടെയുണ്ട്. നമ്മോടൊത്തു ചരിക്കുന്ന ക്രിസ്തുവിനോടു ചേര്‍ന്നുള്ള യാത്രയും സംവാദവുമായി ക്രൈസ്തവജീവിതങ്ങള്‍ പരിണമിക്കണം. നമ്മുടെ സന്തോഷങ്ങളിലെന്നപോലെ സന്താപങ്ങളിലും, ഉയര്‍ച്ചകളിലെന്നപോലെ വീഴ്ചകളിലും അവിടുന്ന് നമ്മുടെ ചാരത്തുണ്ട്, എന്ന ബോധ്യവും വിശ്വാസവും ഒരിക്കലും കൈവെടിയരുത്. ഉത്ഥിതനായ ക്രിസ്തു ഇന്നും ജീവിക്കുന്ന യാഥാര്‍ത്ഥ്യമാണെന്ന ബോധ്യത്തോടെ ജീവിക്കുവാനും, ഉത്ഥിതന്‍റെ പ്രകാശപൂര്‍ണ്ണമായ ജീവിതത്തിന്‍റെ ആനന്ദം തള്ളിമാറ്റാതെ അതിന്‍റെ നിറവില്‍ ജീവിക്കുവാനുള്ള കൃപ അനുദിനം നല്കണമേയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.
All the contents on this site are copyrighted ©.