2014-04-22 15:09:40

ദൈവഹിതം നിറവേറ്റാൻ ആത്മാർപ്പണം നടത്തിയ വിശുദ്ധ വ്യക്തിത്വം, പാപ്പാ റൊങ്കാളി


22 ഏപ്രിൽ 2014, വത്തിക്കാൻ

ദൈവഹിതം നിറവേറ്റാൻ തന്നത്തനെ പൂർണ്ണമായി അർപ്പിച്ച വിശുദ്ധ വ്യക്തിത്വമാണ് വാഴ്ത്തപ്പെട്ട ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായെന്ന്, റൊങ്കാളി കുടുംബത്തിലെ പിൻതലമുറക്കാരനും, ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ ജീവചരിത്രകാരനുമായ മാർക്കോ റൊങ്കാളി. ഏപ്രിൽ 27ന് ഔദ്യോഗികമായി വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്ന ജോൺ പാപ്പായുടെ ജീവിത വിശുദ്ധിയെക്കുറിച്ച് വത്തിക്കാൻ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധീകരണത്തിന്‍റേയും ആത്മപരിത്യാഗത്തിന്‍റേയും സഹനപാതയിലൂടെ ക്രിസ്തുവിനോട് ഒന്നായ പുണ്യശ്ലോകന്‍റെ ജീവിത വിശുദ്ധി സഭ ഔദ്യോഗികമായി അംഗീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മാർക്കോ റൊങ്കാളി പ്രസ്താവിച്ചു. ദൈവത്തിന് തന്നത്തന്നെ പൂർണ്ണമായും വിട്ടുകൊടുത്ത്, ആത്മപരിത്യാഗത്തിന്‍റെ പാതപുൽകിയ നല്ല പാപ്പായുടെ (Papa Bouno) വിശുദ്ധ ജീവിതം ഇതൾ വിരിയുന്നത് ‘ആത്മാവിന്‍റെ നാൾവഴികൾ’ എന്ന ആത്മകഥാപരമായ ഡയറിക്കുറിപ്പുകളിൽ തെളിഞ്ഞുകാണാം. വാഴ്ത്തപ്പെട്ട ജോൺ പോൾ രണ്ടാമൻ പാപ്പായോടൊപ്പം ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായേയും വിശുദ്ധപദത്തിലേക്കുയർത്താനുള്ള പാപ്പാ ഫ്രാൻസിസിന്‍റെ തീരുമാനം, 2000-ാം ആണ്ടിൽ പതിനൊന്നാം പീയൂസ് പാപ്പായ്ക്കൊപ്പം ജോൺ 23ാം പാപ്പായേയും വാഴ്ത്തപ്പെട്ട പദത്തിലേക്കുയർത്തിയ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ നടപടിക്ക് സദൃശ്യമാണ്. സുവിശേഷത്തോടുള്ള പരിപൂർണ്ണ വിശ്വസ്തതയാണ് വിശുദ്ധിയുടെ പടവുകൾ കയറിയ ഈ രണ്ട് വ്യത്യസ്ത ജീവിതങ്ങളെ ഒന്നിപ്പിക്കുന്നതെന്നും മാർക്കോ റൊങ്കാളി അഭിപ്രായപ്പെട്ടു.







All the contents on this site are copyrighted ©.