2014-04-22 15:08:52

സിറിയയ്ക്ക് സാന്ത്വനമായി പാപ്പായുടെ പ്രാർത്ഥനാഭ്യർത്ഥന


22 ഏപ്രിൽ 2014, ഡമാസ്ക്കസ്
സിറിയയ്ക്കുവേണ്ടി ഫ്രാൻസിസ് പാപ്പ നടത്തിയ പ്രാർത്ഥനാഭ്യർത്ഥന സിറിയൻ ജനതയ്ക്ക് പ്രത്യാശയുടെ കിരണമെന്ന് സിറിയയിലെ അപ്പസ്തോലിക സ്ഥാനപതി ആർച്ച്ബിഷപ്പ് മാരിയോ സെനാരി. ഉത്ഥാന മഹോത്സവത്തിൽ ഫ്രാൻസിസ് മാർപാപ്പ ‘റോമാ നഗരത്തിനും ലോകത്തിനുമായി നൽകിയ ‘Urbi et Orbi,’ സന്ദേശത്തിൽ സിറിയയ്ക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിച്ചിരുന്നു: “സിറിയയ്ക്കുവേണ്ടി ഞങ്ങൾ പ്രത്യേകമായി പ്രാര്‍ത്ഥിക്കുന്നു. സിറിയൻ സംഘര്‍ഷത്തിന്‍റെ ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും അടിയന്തര സഹായം ലഭിക്കുവാനും, സമാധാനത്തിനുവേണ്ടിയുള്ള സുദീർഘമായ പ്രത്യാശ സാക്ഷാത്കരിക്കുന്നതിനായി എല്ലാ കക്ഷികളും, മാരകായുധങ്ങളുടെ ഉപയോഗത്തിലും നിരായുധരായ പൗരന്മാര്‍ക്കെതിരേയുള്ള ആക്രമണത്തിൽ നിന്നും പിന്തിരിഞ്ഞ്, ധൈര്യപൂർവ്വം സന്ധിസംഭാഷണത്തിലേർപ്പെടുന്നതിനായും ഞങ്ങൾ പ്രാർത്ഥിക്കുന്നു.”
പാപ്പായുടെ പ്രാർത്ഥനയും സമാധാനാഹ്വാനവും സിറിയൻ ജനത നന്ദിയോടെ സ്വീകരിക്കുന്നുവെന്ന് ആർച്ച്ബിഷപ്പ് സെനാരി പ്രസ്താവിച്ചു. ദാരിദ്ര്യവും പട്ടിണിയും കൊണ്ടു വലയുകയാണ് സിറിയൻ ജനം. തലസ്ഥാനമായ ഡമാസ്ക്കസിൽ, അപ്പസ്തോലിക സ്ഥാനപതിയുടെ കാര്യാലയം സ്ഥിതിചെയ്യുന്ന യാർമൗക് ജില്ലയിലും പരിസരത്തുമായി 18000 ലേറെ പേർ മാസങ്ങളായി ദുരിതപൂർണ്ണമായ ജീവിതം നയിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. സഹായവുമായി സന്നദ്ധ പ്രവർത്തകർ സമീപത്തുണ്ടെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ മൂലം അവർക്ക് ഈ മേഖലയിലേക്ക് എത്തിച്ചേരാനാകുന്നില്ല. മറ്റുപലസ്ഥലങ്ങളിലും ഇതേ അവസ്ഥയാണ്. അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാനാകാതെ ജനം വലയുന്നത് അംഗീകരിക്കാനാവില്ല. അന്താരാഷ്ട്ര സമൂഹം അത് അനുവദിച്ചുകൂടാ എന്ന് ആർച്ച്ബിഷപ്പ് സെനാരി പ്രസ്താവിച്ചു.
All the contents on this site are copyrighted ©.