2014-04-22 09:16:55

സങ്കീര്‍ത്തനങ്ങളിലെ (4)
മാനുഷിക വികാരങ്ങളും വീക്ഷണവും


RealAudioMP3
സങ്കീര്‍ത്തനങ്ങളുടെ പശ്ചാത്തലപഠനം തുടരുകയാണ്. ബൈബിളിലെ എല്ലാ സങ്കീര്‍ത്തനങ്ങളും ദൈവത്തെ കേന്ദ്രീകരിച്ചായിരിക്കുമ്പോഴും അവയെല്ലാം മനുഷ്യബന്ധിയുമാണല്ലോ. ‘മനുഷ്യനെപ്പറ്റിയുടെ സങ്കീര്‍ത്തന വീക്ഷണം’ എന്നതാണ് നമ്മുടെ ഇന്നത്തെ പഠനവിഷയം. മറ്റു വാക്കില്‍ പറഞ്ഞാല്‍ ദൈവസന്നിധിയില്‍ സഹായത്തിനായി കേഴുന്ന മനുഷ്യന്‍ സങ്കീര്‍ത്തനങ്ങില്‍ വളരെ സാധാരണമാണ്.
ഇന്ന് പഠനസഹായിയായിട്ട് നാം ഉപയോഗിക്കുന്നത് ഫാദര്‍ മാത്യു മുളവനയും – ജെറി അമല്‍ദേവും ചേര്‍ന്ന് ഒരുക്കിയിട്ടുള്ള 4-ാമത്തെ സങ്കീര്‍ത്തനമാണ്. സാധാരണക്കാരനായ മനുഷ്യന്‍ നീതി തൃഷ്ണയും, ദൈവത്തിനായുള്ള അതിതീക്ഷ്ണതയും മുളവനയച്ചന്‍റെ വരികളിലും അല്‍ദേവിന്‍റെ ഈണത്തിലും തെളിഞ്ഞുനില്ക്കുന്നു.

Psalm 4
A സകലേശനെന്‍റെ നാഥാ, ഉണര്‍ത്തീടുന്നാത്മതാപം
സഹതാപമാര്‍ന്നു വേഗം ഏകീടണേ കടാക്ഷം
A വിഷമങ്ങളാകെ തീരാ- ദുഃഖങ്ങളായിടുമ്പോള്‍
കരുണാര്‍ദ്രനായി താതാ, തന്നീടണേ സഹായം

സങ്കീര്‍ത്തനത്തില്‍ മനുഷ്യനെപ്പറ്റിയുള്ള വീക്ഷണം നമുക്കിന്ന് വിശദമായി മനസ്സിലാക്കാന്‍ പരിശ്രമിക്കാം. ദരിദ്രനായും anawim yahweh, നീതിമാനായും saaddiquim, ഭക്തനായും hasidim എന്നിങ്ങനെ സങ്കീര്‍ത്തകന്‍ സ്വയവും മറ്റു മനുഷ്യരെപ്പറ്റിയും ഗീതങ്ങളില്‍ വിശേഷിപ്പിക്കുന്നുണ്ട്. ‘യാഹ്വേയുടെ ദരിദ്രര്‍’ anawim yahweh, എന്ന വിശേഷണം പഴയ നിയമത്തിന്‍റെ ഇതര ഭാഗങ്ങളിലെന്നപോലെ സങ്കീര്‍ത്തനങ്ങളില്‍ വളരെ സുലഭമായിക്കാണാം. അത് ആരെയാണ് സൂചിപ്പിക്കുന്നത് എന്നതിനെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്: ആദ്യമായി, യാഹ്വേയോടുള്ള വിശ്വസ്തതയിലും ഭക്തിയിലും ജീവിക്കുന്നവരെയാണ് ഇതു സൂചിപ്പിക്കുന്നത്. അവര്‍ സാമൂഹികമായി ദരിദ്രരാണ്, പാവങ്ങളാണ്. രണ്ടാമത്തെ അഭിപ്രായമനുസരിച്ച്, ദരിദ്രരുടെ ഒരു സമൂഹമാണ് അവര്‍. കൂടാതെ, ജീവിതത്തില്‍ ഭക്തിമാര്‍ഗ്ഗത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ചവരുമാണവര്‍. എന്നാല്‍, സാമൂഹികമായി അവര്‍ ദരിദ്രരല്ല. മൂന്നാമത്തെ അഭിപ്രായപ്രകാരം ദരിദ്രപക്ഷത്തിന്‍റെ ഏറ്റവും നല്ല പ്രതിനിധിയായ സങ്കീര്‍ത്തകന്‍ തന്നെയാണ് ഈ anawim yahweh ‘യാഹ്വേയുടെ ദരിദ്രന്‍’.
അവസാനമായി, ഏതെങ്കിലും തരത്തില്‍ ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുകയും, ജീവിതത്തില്‍ ഏറെ സഹിക്കുകുയം ചെയ്യുന്നവരെയും ‘യാഹ്വേയുടെ ദരിദ്രര്‍’ anawim yahweh, എന്നു വിളിക്കാം.

Psalm 4
B അലിയാത്ത നെഞ്ചിനുള്ളില്‍ അഭിമാനമെന്തു മനുജാ
മറിമായ മിഥ്യ പിമ്പേ ഓടാനിതെന്തു ബന്ധം
B ഭയഭക്തിയാര്‍ന്ന സുതരെ ദൈവം കനിഞ്ഞുതാങ്ങും
വിരവില്‍ വിളിച്ചിടുമ്പോള്‍ കാതോര്‍ത്തു കേള്‍ക്കുമീശന്‍
ഇനി, ഈ ദരിദ്രര്‍ ആരായാലും ദൈവം ഇവരുടെ മനുഷ്യയാചന, പ്രാര്‍ത്ഥന കേള്‍ക്കുന്നു. ഇവരെ അവിടുന്ന് സംരിക്ഷിക്കുന്നു, മോചിക്കുന്നു (149, 4). യാഹ്വേയുടെ സ്നേഹവും കാരുണ്യവും സംരക്ഷണവും സഹായവും നീതിമാന്മാര്‍ക്കും ഭക്തന്മാര്‍ക്കും ലഭിക്കുന്നു (34, 9-16), വിശിഷ്യാ, പാവങ്ങള്‍ക്ക് ആദ്യം ലഭിക്കുന്നു. എന്നാല്‍, എല്ലാ സങ്കീര്‍ത്തകരും മേല്പ്പറഞ്ഞ കൂട്ടത്തില്‍പ്പെടുന്നില്ല. പാപികളായി സ്വയം വിശേഷിപ്പിക്കുന്നവര്‍ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്നു. സങ്കീര്‍ത്തകന്‍റെ വീക്ഷണത്തില‍ ‘പാപം’ ദൈവത്തെ നിരസിക്കലാണ്. അതിനെ നന്ദികേടായും സൗഹൃദമില്ലായ്മയായും അഹങ്കാരമായും അസത്യമായും എതിര്‍പ്പായും ചിത്രീകരിക്കാറുണ്ട്. പാപത്തിന്‍റെ ഫലമായുള്ള ശാരീരിക സഹനത്തെപ്പറ്റിയും പാപാധിക്യത്തെപ്പറ്റിയും പരാമര്‍ശനം ഉണ്ട് (40, 12, 51). എങ്കിലും കാരുണ്യവാനായ ദൈവം പാപങ്ങള്‍ ക്ഷമിക്കുന്നു (78, 38). കൂടാതെ, ശത്രുക്കളെപ്പറ്റിയും തിന്മ പ്രവര്‍ത്തിക്കുന്നവരെപ്പറ്റിയും സങ്കീര്‍ത്തകന്‍ ആവലാതിപ്പെടാറുണ്ട് (54, 7). അവര്‍ വ്യക്തിയുടെയോ സമൂഹത്തിന്‍റെയോ രാജ്യത്തിന്‍റെയോ ശത്രുക്കളാവാം. അവര്‍ പീഡിപ്പിക്കുന്നവരും കള്ളസാക്ഷിപറയുന്നവരും, അഹങ്കാരികളും രക്തദാഹികളും, ദുഷ്ടരും ദൂഷണം പറയുന്നവരുമായിട്ടാണ് സങ്കീര്‍ത്തനങ്ങളില്‍ വിശേഷിപ്പിക്കപ്പെടുന്നത്.

Psalm 4
A മനുജാ നിറഞ്ഞ ഭക്തി പരമാര്‍ത്ഥ മാക്കിടേണം
എതിരേവരുന്നദോഷം അതിയായ് വെറുത്തിടേണം
A മനനം നടത്തി ശാന്തം ധ്യാനത്തിലാഴ്ന്നിടേണം
കിടന്നീടുമക്ഷണത്തില്‍ പരിചിന്ത്യനായ് ശയിക്കൂ

സങ്കീര്‍ത്തനങ്ങളെക്കുറിച്ചുള്ള പശ്ചാത്തലപഠനത്തില്‍ അവയുടെ സാഹിത്യഘടനയില്‍ പ്രകടമായിക്കാണുന്ന സമാന്തരികതയുടെ Parallelism-ത്തിന്‍റെ നിയമത്തെക്കുറിച്ച് നാം മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്. ആശയങ്ങളുടെ വിന്യാസത്തില്‍ പദപ്രയോഗങ്ങളില്‍ പ്രകടമാകുന്ന പലതരം സമാന്തരികതയാണ് ഇവിടെസമാന്തിരകതയുടെ നിയമംകൊണ്ട് അര്‍ത്ഥമാക്കുന്നത്..

ആദ്യമായി സമാന സമാന്തരികത synonymous parallelism എടുക്കാം.
ഇവിടെ സങ്കീര്‍ത്തന വാക്യമോ അതിന്‍റെ ഭാഗമോ, അടുത്ത ഈരടികളില്‍ത്തന്നെ ആവര്‍ത്തിക്കപ്പെടുന്നു. ഒരേ ആശയം മറ്റു വാക്കുകളില്‍ ആവര്‍ത്തിക്കുന്നതാണ് സാധാരണഗതിയില്‍ കാണുന്നത്. ഉദാഹരണത്തിന്, ആകാശം ദൈവമഹത്ത്വം പ്രകീര്‍ത്തിക്കുന്നു. വാനവിതാനം അവിടുത്തെ കരവേലയെ പ്രഘോഷിക്കുന്നു (19, 1). ഈ സമാന്തരികത parallelism നിരവിധി സങ്കീര്‍ത്തനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നതു ഇനിയും നാം പഠിക്കും. (2, 1-4, 7, 13-14... 15, 1...).
വിപരീത സമാന്തിരകയാണ് രണ്ടാമത്തേത് antithetic parallelism.
ഇവിടെ വിപരീതമോ വിരുദ്ധമോ അന്തരമുള്ളതോ ആയ ആശയങ്ങളാണ് രണ്ടാം പാദത്തില്‍ ഉപയോഗിച്ചു കാണുന്നത്. ഉദാഹരണത്തിന്, ചിലര്‍ കുതിരകളിലും മറ്റുചിലര്‍ രഥങ്ങളിലും അഭിമാനിക്കുന്നു. എന്നാല്‍ ഞങ്ങള്‍ ദൈവമായ കര്‍ത്താവിന്‍റെ നാമത്തില്‍ അഭിമാനിക്കുന്നു. (20, 7).

മൂന്നാമത്തേത്, വിശദീകരണ സമാന്തരികതയാണ് synthetic parallelism. ഇതില്‍ ആദ്യത്തെ പാദത്തിലെ ആശയം അടുത്തുവരുന്ന പാദങ്ങളില്‍ വിശദീകരിക്കുകയോ വ്യക്തമാക്കുകയോ ഉദാഹരണസഹിതം വിവരിക്കുകയോ ചെയ്യുന്നു. ഉദാഹരണത്തിന്, ദുഷ്ടന്‍റെ ഉപദേശത്തില്‍ നടക്കുകയോ പാപികളുടെ വഴിയില്‍ നില്ക്കുകയോ പരിഹാസകരുടെ പീഠങ്ങളില്‍ ഇരിക്കുകോ ചെയ്യാത്തവന്‍ ഭാഗ്യവാന്‍. (1, 1). (14, 2... 17, 11-12...).

അവസാനമായി, വാക്കുകളുടെയോ വാക്യങ്ങളുടെയോ ആവര്‍ത്തനത്തിലൂടെ ലഭിക്കുന്ന സമാന്തരികതയെ ശബ്ദസൗഭഗ സമാന്തരികത climactic parallelism എന്നു വിളിക്കുന്നു. ഉദാഹരണത്തിന്, കര്‍ത്താവിന്‍റെ ശബ്ദം ശക്തിയോടെ പ്രതിധ്വനിക്കുന്നു. അവിടുത്തെ ശബ്ദം പ്രതാപത്തോടെ മുങ്ങുന്നു (29, 4).
Psalm 4
B പരിചില്‍ പ്രസാദപൂര്‍വ്വം പൂജയ്ക്കൊരുങ്ങവേണം
സകലേശ പാദപത്മേ ബലിയെന്നു മേകിടേണം
B പലരും നിരൂപിച്ചേവം ചോദിച്ചിടുന്നു ചോദ്യം
‘കരുണാസഹായമേകാന്‍ ആരാണു ഭൂവിലീശാ?’

ഹെബ്രായ ഭാഷയുടെ കാവ്യഭംഗിയും ശൈലിയുടെയും ഭാഗമാണ് സമാന്തരികതയുടെ നിയമം. അതുകൊണ്ട് ഒരുപരിധിവരെ ബൈബിള്‍ മുഴുവനിലും ഇതു കാണാം, പ്രത്യേകിച്ച് പ്രവാചകന്മാരിലും വിജ്ഞാനത്തിന്‍റെ പുസ്തകങ്ങളിലും ഇവ കാണുന്നുണ്ട്. എന്നാല്‍ പരിഭാഷകളില്‍ മൂലരൂപത്തിന്‍റെ പ്രാസമോ വൃത്തഭംഗിയോ ലഭിക്കണമെന്നില്ല.

സങ്കീര്‍ത്തനങ്ങള്‍ നന്നായി മനസ്സിലാക്കുന്നതിന് സമാന്തരികതയുടെ നിയമത്തിനു പുറമേ, അവയിലെ ആലങ്കാരികമായ ഭാഷയും, ബൈബിള്‍ സംഭവങ്ങളുടെ ഭൂമിശാസ്ത്രവും, ഇസ്രായേലിന്‍റെ രക്തപങ്കിലമായി യുദ്ധങ്ങളും അവരുടെ അലഞ്ഞുതിരയും സാമൂഹിക നിയമങ്ങളും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ബൈബിള്‍ മുഴുവനുമായുള്ള പരിചയവും തീര്‍ച്ചയായും ഇതിനു സഹായിക്കും. കാരണം, വിശുദ്ധ ഗ്രന്ഥസമാഹാരത്തിന്‍റെ ‘അതിവിശിഷ്ടമായ രത്നചുരുക്ക’മാണ് സങ്കീര്‍ത്തനങ്ങള്‍ എന്നു പറയാം. അവ വിശുദ്ധ ഗ്രന്ഥത്തിന്‍റെ ശാശ്വതമൂല്യങ്ങള്‍ ആവര്‍ത്തിക്കുയും പ്രഘോഷിക്കുകയും ചെയ്യുന്നു.

‘സങ്കീര്‍ത്തനങ്ങളിലെ മാനുഷികവീക്ഷണം’ മനസ്സിലാക്കാന്‍ ദൈവത്തിന്‍റെ മുന്നില്‍ നീതിക്കായി യാചിക്കുന്ന മനുഷ്യനെയാണ് ഇന്നത്തെ പഠനസഹായിയായ 4-ാം സങ്കീര്‍ത്തനത്തില്‍ ശ്രവിക്കുന്നത്.

ജെറി അമല്‍ദേവ് – ഫാദര്‍ മുളവന സംഘമൊരുക്കിയ ഈ സങ്കീര്‍ത്തനം ആലപിച്ചിരിക്കുന്നത് രമേഷ് മുരളിയും സംഘവുമാണ്.All the contents on this site are copyrighted ©.