2014-04-22 15:10:07

വിശുദ്ധപദപ്രഖ്യാപനത്തിന് മുന്നൊരുക്കമായി ജാഗര പ്രാർത്ഥന


22 ഏപ്രിൽ 2014, വത്തിക്കാൻ
ജോൺ ഇരുപത്തിമൂന്നാമന്‍ പാപ്പായുടേയും ജോൺ പോൾ രണ്ടാമന്‍ പാപ്പായുടേയും വിശുദ്ധപദ പ്രഖ്യാപനത്തിന് മുന്നൊരുക്കമായി ലോകവ്യാപകമായി ജാഗര പ്രാർത്ഥനയും ദിവ്യകാരുണ്യ ആരാധനയും നടത്തുന്നു. റോമാ രൂപതയിൽ കത്തോലിക്കാ യുവജന സർഗവേദി (Catholic Action Youth) ജാഗര പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുമെന്ന് റോമാ രൂപതയുടെ വാർത്താക്കുറിപ്പ് അറിയിച്ചു. വിശുദ്ധപദപ്രഖ്യാപനത്തിന് വേദിയാകുന്ന വി.പത്രോസിന്‍റെ ബസിലിക്കാങ്കണത്തിൽ ഏപ്രിൽ 26ന് വൈകീട്ട് നടത്തുന്ന ജാഗര പ്രാർത്ഥനാ സംഗമത്തിനു പുറമേ വത്തിക്കാന് സമീപമുള്ള ദേവാലയങ്ങളിൽ പ്രത്യേക ദിവ്യകാരുണ്യ ആരാധനയും നടത്തുന്നുണ്ട്. 26ാം തിയതി ശനിയാഴ്ച സന്ധ്യയ്ക്ക് ആരംഭിക്കുന്ന ദിവ്യകാരുണ്യാരാധന 27ാം തിയതി ഞായറാഴ്ച പുലർച്ചെ 5 മണിവരെ നീളും. ലോക വ്യാപകമായി നിരവധി കത്തോലിക്കാ രൂപതകളും ഇടവകകളും സന്ന്യസ്ത സമൂഹങ്ങളും ജാഗര പ്രാർത്ഥനയിൽ പങ്കുചേരുന്നുണ്ടെന്ന് വാർത്താക്കുറിപ്പ് വ്യക്തമാക്കി.All the contents on this site are copyrighted ©.