2014-04-22 15:09:53

മരിയഭക്തിയിൽ അടിയുറച്ച വിശ്വാസ ധീരത


22 ഏപ്രിൽ 2014, വത്തിക്കാൻ
പ്രതിസന്ധികളിൽ പതറാതെ സാർവ്വത്രിക സഭയെ സുധീരം മുന്നോട്ടു നയിക്കാൻ പുണ്യശ്ലോകനായ ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്ക് കരുത്തേകിയത് അദ്ദേഹത്തിന്‍റെ അഗാധമായ മരിയഭക്തിയാണെന്ന് വി.പത്രോസിന്‍റെ ബസിലിക്കയിലെ മുഖ്യപുരോഹിതൻ കർദിനാൾ ആഞ്ചലോ കൊമാസ്ത്രി. ഏപ്രിൽ 27ന് വാഴ്ത്തപ്പെട്ട ജോൺ പോൾ രണ്ടാമൻ പാപ്പാ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന പശ്ചാത്തലത്തിൽ, വത്തിക്കാൻ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കർദിനാൾ കൊമാസ്ത്രി. വാഴ്ത്തപ്പെട്ട ജോൺ പോൾ രണ്ടാമൻ പാപ്പായെ ആദ്യമായി നേരിൽ കണ്ടപ്പോൾ താൻ അവാച്യമായ ആനന്ദത്താൽ വികാരഭരിതനായതും, സ്തബ്ധനായി നിന്ന തന്നെ സമാധാനിപ്പിച്ചുകൊണ്ട് ചെറുപുഞ്ചിരിയോടെ പാപ്പ സംസാരിച്ചു തുടങ്ങിയതുമെല്ലാം കർദിനാൾ അനുസ്മരിച്ചു. ധൈര്യം വീണ്ടെടുത്ത താൻ പാപ്പായോട് ചോദിച്ചത്, വധശ്രമത്തിനു ശേഷം വത്തിക്കാൻ ചത്വരത്തിലേക്ക് മടങ്ങാൻ പാപ്പായ്ക്ക് ഭയം തോന്നിയില്ലേ എന്നായിരുന്നു. “ഉവ്വ്, തീർച്ചയായും എനിക്ക് ഭയമുണ്ടായിരുന്നു. പക്ഷേ, ഭയമില്ലാത്തതല്ല, ഉള്ളിൽ ഭയമുണ്ടെങ്കിലും സ്വന്തം കർത്തവ്യം വിട്ടുവീഴ്ച്ചകൂടാതെ നിറവേറ്റുന്നതാണ് ധീരത... വധശ്രമത്തിനു ശേഷം, ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിക്കാൻ അവരെന്നോട് നിർദേശിച്ചു, പക്ഷേ അതിന്‍റെ ആവശ്യമുണ്ടെന്ന് എനിക്കു തോന്നിയില്ല. എന്‍റെ ജീവൻ ദൈവകരങ്ങളിലാണ്.” എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

പാപ്പായുടെ മരിയ ഭക്തി തന്നെ ഏറെ ആകർഷിച്ചിരുന്നുവെന്നും കർദിനാൾ കൊമാസ്ത്രി പറഞ്ഞു. പ.മറിയത്തോട് അദ്ദേഹം കൂടുതലടുക്കുന്നത് യൗവ്വനത്തിലാണ്. അതിനുമുൻപ്, അമിതമായ മരിയഭക്തി ക്രിസ്തുവിന്‍റെ പ്രഭാവത്തിനു വിലങ്ങാണെന്ന വ്യർത്ഥചിന്ത അദ്ദേഹത്തിന്‍റെ ഉള്ളിൽ എങ്ങനെയോ കടന്നു കൂടിയിരുന്നു. വിശുദ്ധ ലൂയീജി മരിയ മോൺട്ഫോർട്ടിന്‍റെ ‘യഥാർത്ഥ മരിയ ഭക്തി’ (Trattato della vera devozione a Maria) എന്ന ആത്മീയ ഗ്രന്ഥം ക്രിസ്തീയ ജീവിതത്തിൽ പ.മറിയത്തിന്‍റെ പ്രാധാന്യം തിരിച്ചറിയാൻ അദ്ദേഹത്തെ സഹായിച്ചു. പ.അമ്മ യേശുവിൽ നിന്ന് ഒരിക്കലും നമ്മെ അകറ്റുകയിലെന്നും, യേശുവിലേക്കുള്ള മാർഗ്ഗമാണ് പ.മറിയമെന്നു (മറിയം വഴി യേശുവിലേക്ക്) അദ്ദേഹത്തിന് പൂർണ്ണബോധ്യമായി. ദൈവഹിതത്തിന് പൂർണ്ണവിധേയായ പ.കന്യകാ മറിയത്തോടുള്ള ഗാഢമായ ഭക്തിയും സ്നേഹവുമാണ് ‘പൂർണ്ണമായും നിന്‍റേത്’ (Totus Tuus) എന്ന ആപ്തവാക്യത്തിലേക്ക് പാപ്പായെ നയിച്ചതെന്നും കർദിനാൾ കൊമാസ്ത്രി അഭിപ്രായപ്പെട്ടു.
All the contents on this site are copyrighted ©.