2014-04-22 15:13:48

നവ വിശുദ്ധൻ ഫാ.ഹോസെ ദെ അഞ്ചേത്തയ്ക്കുവേണ്ടി കൃതജ്ഞതാ ദിവ്യബലി, ഏപ്രിൽ 24ന്


22 ഏപ്രിൽ 2014, വത്തിക്കാൻ
ബ്രസീലിന്‍റെ അപ്പസ്തോലൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്പാനിഷ് ജസ്യൂട്ട് മിഷനറി വൈദികൻ ഫാ.ഹോസെ ദെ അഞ്ചേത്ത വിശുദ്ധപദത്തിലേക്ക് ഉയർത്തപ്പെട്ടതിന്‍റെ നന്ദി സൂചകമായി ഫ്രാൻസിസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ ഏപ്രിൽ 24ാം തിയതി വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് റോമിലെ സെന്‍റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ പരിശുദ്ധ കുർബ്ബാന അർപ്പിക്കപ്പെടും. റോമിലെ ബ്രസീലിയൻ, സ്പാനിഷ് കത്തോലിക്കരുടെ വൻപ്രതിനിധി സംഘം ദിവ്യബലിയിൽ സംബന്ധിക്കാനെത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഏപ്രിൽ 3നാണ് പാപ്പാ ഫ്രാൻസിസ് ഈശോസഭാംഗമായ ഫാ.ഹോസെ ദെ അഞ്ചേത്തയെ ഔദ്യോഗികമായി വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയത്.

സ്പെയിനിലെ തെനരിഫേ സ്വദേശിയാണ് നവവിശുദ്ധൻ. 1550ൽ അദ്ദേഹം ഈശോസഭയിൽ അംഗമായി. 1553ൽ സുവിശേഷ സന്ദേശവുമായി ബ്രസീലിലെത്തിയ അദ്ദേഹം ബ്രസീലിയൻ മണ്ണിൽ കത്തോലിക്കാവിശ്വാസം നട്ടുനനച്ചു വളർത്തിയ തീക്ഷ്ണമതിയായ പ്രേഷിത വര്യൻ മാത്രമല്ല, ഗോത്രവർഗക്കാരുടേയും ആദിവാസികളുടേയും ആത്മാർത്ഥ സുഹൃത്തും വഴികാട്ടിയുമായിരുന്നു. തദ്ദേശീയ ജനതയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി അദ്ദേഹം നടത്തിയ സന്ധിയില്ലാ സമരം ‘ബ്രസീലിന്‍റെ അപ്പസ്തോലൻ’ എന്ന പേര് അദ്ദേഹത്തിനു സമ്മാനിച്ചു. 1980ൽ വാഴ്ത്തപ്പെട്ട പദത്തിലേക്കുയർത്തപ്പെട്ട ഫാ.അഞ്ചേത്തയുടെ മാധ്യസ്ഥത്തിൽ രണ്ടാമതൊരത്ഭുതം കൂടി സ്ഥിരീകരിക്കാൻ കാത്തു നിൽക്കാതെ, തതുല്യ നാമകരണ നടപടിയിലൂടെ ("equivalent canonization") ഫ്രാൻസിസ് പാപ്പ അദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിൽ ഉൾപ്പെടുത്തുകയായിരുന്നു.

വാഴ്ത്തപ്പെട്ട ഫാ.ഹോസെ ദെ അഞ്ചേത്തയ്ക്കൊപ്പം, ക്യാനഡയിലെ ക്യുബെക്ക് രൂപതയുടെ പ്രഥമ മെത്രാൻ ഫ്രാൻസ്വാ ദെ ലാവെൽ, ജീവകാരുണ്യ പ്രവർത്തനങ്ങളിലുടെ കനേഡിയൻ ജനതയോട് സുവിശേഷ സന്ദേശം പങ്കുവയ്ച്ച, ‘കനേഡിയൻ സഭയുടെ അമ്മ’ എന്ന അപരനാമധാരിണിയായ, ഫ്രഞ്ച് ഊർസുലൈൻ സന്ന്യാസിനി മദർ മരിയ ദെ ഇൻകാർനേഷൻ എന്നിവരേയും മാർപാപ്പ തതുല്യ നാമകരണ നടപടിയിലൂടെ ("equivalent canonization") ഏപ്രിൽ 3ാം തിയതി വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയിരുന്നു.All the contents on this site are copyrighted ©.