2014-04-20 14:44:42

സമാധാനാഹ്വാനമായി പാപ്പായുടെ ഈസ്റ്റർ സന്ദേശം


20 ഏപ്രിൽ 2014, വത്തിക്കാൻ
ഉത്ഥാന മഹോത്സവത്തിൽ ഫ്രാൻസിസ് മാർപാപ്പ ‘റോമാ നഗരത്തിനും ലോകത്തിനുമായി നൽകിയ ‘Urbi et Orbi,’ സന്ദേശം:
പ്രിയ സഹോദരീ സഹോദരൻമാരേ, ഉത്ഥാനത്തിരുന്നാളിന്‍റെ വിശുദ്ധമായ ആശംസകൾ!
കര്‍ത്താവിന്‍റെ ദൂതൻ സ്ത്രീകൾക്കു നൽകിയ സന്ദേശം സഭ ഇന്ന് ലോകമെങ്ങും ഉത്ഘോഷിക്കുന്നു: “ഭയപ്പെടേണ്ട, ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവൻ ഇവിടെയില്ല. താൻ അരുളിച്ചെയ്തതുപോലെ അവൻ ഉയിര്‍പ്പിക്കപ്പെട്ടു. അവൻ കിടന്ന സ്ഥലം വന്നു കാണുവിൻ. ”(മത്താ. 28,5-6) ഇത് സുവിശേഷത്തിന്‍റെ പരമകാഷ്ഠയാണ്, പരമോന്നതമായ സദ്വാര്‍ത്ത: ക്രൂശിതനായ ക്രിസ്തു ഉത്ഥാനം ചെയ്തിരിക്കുന്നു! നമ്മുടെ വിശ്വാസത്തിന്‍റേയും പ്രത്യാശയുടേയും അടിസ്ഥാനമാണ് ക്രിസ്തുവിന്‍റെ പുനരുത്ഥാനം.
ക്രിസ്തു ഉയിര്‍ത്തില്ലായിരുന്നെങ്കിൽ ക്രൈസ്തവ വിശ്വാസത്തിന്‍റെ മൂല്യം നഷ്ടമാകുമായിരുന്നു, സഭാ ദൗത്യത്തിന്‍റെ ജീവതാളം അസ്തമിക്കുമായിരുന്നു, കാരണം ഈ കേന്ദ്രബിന്ദുവിലാണ് സഭയുടെ ജീവസ്പന്ദനത്തിന്‍റെ ആരംഭവും പുനരാരംഭവും. ക്രൈസ്തവര്‍ ലോകത്തിനു നൽകുന്ന സന്ദേശമിതാണ്: മനുഷ്യനായി അവതരിച്ച നിത്യസ്നേഹമായ യേശു, നമ്മുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ചു, എന്നാൽ പിതാവായ ദൈവം ജീവന്‍റേയും മരണത്തിന്‍റേയും കര്‍ത്താവായി അവിടുത്തെ ഉയര്‍ത്തി. യേശുവിലൂടെ, സ്നേഹം വിദ്വേഷത്തിനുമേൽ വിജയംനേടി, കാരുണ്യം പാപത്തിനുമേലും, നന്മ തിന്മയ്ക്കുമേലും, സത്യം അസത്യത്തിനുമേലും, ജീവിതം മരണത്തിനുമേലും വിജയം വരിച്ചു.
അക്കാരണത്താൽ, ‘വന്നു കാണുവിൻ’ എന്ന് സകലരോടും നാം ഘോഷിക്കുന്നു. മാനുഷീക ബലഹീനതകളുടേയും, പാപത്തിന്‍റേയും, മരണത്തിന്‍റേയും അടയാളം പേറുന്ന ജീവിത സാഹചര്യങ്ങളിൽ സുവിശേഷം വെറും വാക്കല്ല, നിരുപാധികവും വിശ്വസ്തവുമായ സ്നേഹസാക്ഷ്യമാണ്: സ്വയം പരിത്യജിച്ച് അപരനെ സമീപിക്കുന്ന, ഇല്ലാത്തവനുമായി പങ്കുവയ്ക്കുന്ന, രോഗികളുടേയും, വയോധികരുടേയും, ജീവിത വ്യഥകളാൽ മനസു തകർന്നവരുടേയും ഒപ്പം നിൽക്കുന്ന സ്നേഹ സാക്ഷ്യം.
“വന്നു കാണുവിൻ!” സ്നേഹം അതിശക്തമാണ്. ജീവനേകുന്ന സ്നേഹം, മരുഭൂമിയിൽ പ്രത്യാശയുടെ പുതുപൂക്കൾ വിരിയിക്കുന്നു.

ഉത്ഥിതനായ യേശുനാഥാ, ആനന്ദഭരിതമായ ഹൃദയത്തോടെ ഞങ്ങൾ അങ്ങേ പക്കലണയുന്നു!

അങ്ങയെ അന്വേഷിച്ച് കണ്ടെത്താനും, ഞങ്ങൾ അനാഥരല്ലെന്നും, ഞങ്ങൾക്കൊരു പിതാവുണ്ടെന്ന് തിരിച്ചറിയാനും, അങ്ങയെ സ്നേഹിക്കാനും ആരാധിക്കാനും ഞങ്ങൾക്ക് കൃപയേകണമേ.
ഞങ്ങൾകൂടി ഉത്തരവാദികളായ ധൂര്‍ത്തും, സംഘര്‍ഷങ്ങളും മൂലം വഷളായിക്കൊണ്ടിരിക്കുന്ന ദാരിദ്ര്യദുഃഖം തരണം ചെയ്യാൻ ഞങ്ങളെ സഹായിക്കേണമേ.
നിരാശ്രയരെ, പ്രത്യേകിച്ച്, പലപ്പോഴും ചൂഷണത്തിനിരയാവുകയും, ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന കുട്ടികളേയും, സ്ത്രീകളേയും, പ്രായമായവരേയും കാത്തുപാലിക്കാൻ ഞങ്ങളെ ശക്തരാക്കണമേ,
എബോള പകര്‍ച്ചവ്യാധി മൂലം വലയുന്ന ഗിനിയ കൊനാക്രി, സിയെറ ലിയോണെ, ലിബേരിയ എന്നീ രാജ്യങ്ങളിലെ ഞങ്ങളുടെ സഹോദരീ സഹോദരൻമാരേയും, ദാരിദ്ര്യവും അവഗണനയും മൂലം വ്യാപിക്കുന്ന മറ്റെല്ലാ വ്യാധികളാൽ കഷ്ടപ്പെടുന്നവരേയും ശുശ്രൂഷിക്കാൻ ഞങ്ങൾക്ക് കരുത്തു നൽകണമേ,
ലോകത്തിന്‍റെ നാനാഭാഗത്ത് ബന്ധികളായി പിടിക്കപ്പെട്ടിരിക്കുന്ന വൈദികരും അൽമായരുമടക്കം നിരവധിപേർ തങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം ഈസ്റ്റർ ആഘോഷിക്കാൻ സാധിക്കാതെ വിഷമിക്കുകയാണ്, അവരെ സമാശ്വസിപ്പിക്കണമേ നാഥാ,
മെച്ചപ്പെട്ട ഭാവി തേടിയോ മാന്യമായി ജീവിക്കാനോ, ചിലപ്പോഴെങ്കിലും സ്വന്തം വിശ്വാസം സംരക്ഷിക്കാനോ വേണ്ടി സ്വന്തം നാട്ടിൽനിന്നകന്ന്, വിദൂര ദേശങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്നവര്‍ക്ക്, സാന്ത്വനമേകേണമേ!
കാലപ്പഴക്കമേറിയതും പുതുതായി ആരംഭിച്ചിരിക്കുന്നതുമായ എല്ലാ സംഘര്‍ഷങ്ങൾക്കും യുദ്ധങ്ങൾക്കും അറുതിവരുത്തണമേ എന്ന് ഞങ്ങൾ അങ്ങയോട് പ്രാര്‍ത്ഥിക്കുന്നു.
സിറിയയ്ക്കുവേണ്ടി ഞങ്ങൾ പ്രത്യേകമായി പ്രാര്‍ത്ഥിക്കുന്നു. സിറിയൻ സംഘര്‍ഷത്തിന്‍റെ ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും അടിയന്തര സഹായം ലഭിക്കുവാനും, സമാധാനത്തിനുവേണ്ടിയുള്ള സുദീർഘമായ പ്രത്യാശ സാക്ഷാത്കരിക്കുന്നതിനായി എല്ലാ കക്ഷികളും, മാരകായുധങ്ങളുടെ ഉപയോഗത്തിലും നിരായുധരായ പൗരന്മാര്‍ക്കെതിരേയുള്ള ആക്രമണത്തിൽ നിന്നും പിന്തിരിഞ്ഞ്, ധൈര്യപൂർവ്വം സന്ധിസംഭാഷണത്തിലേർപ്പെടുന്നതിനായും ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ഇറാക്കില്‍ സ്വസഹോദരങ്ങളുടെ അക്രമത്തിന് ഇരയാകുന്നവർക്കുവേണ്ടിയും, പുനരാരംഭിച്ച ഇസ്രയേല്‍ - പലസ്തീൻ ചര്‍ച്ചകൾ ഫലപ്രദമാകുന്നതിനുവേണ്ടിയും ഞങ്ങൾ പ്രാര്‍ത്ഥിക്കുന്നു.
മധ്യാഫ്രിക്കയിലെ സംഘര്‍ഷങ്ങൾ അവസാനിക്കുന്നതിനും, നൈജീരിയയിലെ കിരാതമായ ഭീകരാക്രമണങ്ങൾക്കും, ദക്ഷിണസുഡാനിലെ അക്രമസംഭവങ്ങൾക്കും അന്ത്യം കുറിക്കുന്നതിനുവേണ്ടിയും ഞങ്ങൾ പ്രാര്‍ത്ഥിക്കുന്നു.
വെനസ്വേലൻ ജനത അനുരജ്ഞനത്തിലേക്കും സാഹോദര്യത്തിലേക്കും തിരിയുന്നതിനുവേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
ജൂലിയന്‍ പഞ്ചാംഗം തുടരുന്ന ക്രൈസ്തവ സഭകളോടൊപ്പം ഇക്കൊല്ലം ഉത്ഥാനത്തിരുന്നാള്‍ ആഘോഷിക്കുമ്പോള്‍, ഉക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങൾക്കും പ്രകാശവും പ്രചോദനവും ഏകി അനുഗ്രഹിക്കേണമേ, അങ്ങനെ അക്രമം തടയുന്നതിനുവേണ്ടിയും, ഈ പ്രശ്നത്തിൽ പങ്കാളികളായിരിക്കുന്ന ഏവരും അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണയോടെ ഐക്യത്തിന്‍റേയും അനുരജ്ഞനത്തിന്‍റേയും അരൂപിയിൽ, രാജ്യത്തിന്‍റെ ഭാവി നിര്‍ണ്ണയിക്കുവാനും ഇടയാകട്ടെ!

കര്‍ത്താവായ ദൈവമേ, ഈ ഭൂമുഖത്തെ സകല ജനതകൾക്കുംവേണ്ടി ഞങ്ങൾ പ്രാര്‍ത്ഥിക്കുന്നു,
മരണത്തിനുമേൽ വിജയശ്രീലാളിതനായ അങ്ങ് നൽകുന്ന ജീവനും സമാധാനവും ഞങ്ങൾ എല്ലാവരുടേയുംമേൽ പരിലസിക്കുമാറാകട്ടെ........
“ക്രിസ്തു ഉത്ഥാനം ചെയ്തിരിക്കുന്നു. വന്നു കാണുവിൻ!”
«Christus surrexit, venite et videte!».All the contents on this site are copyrighted ©.