2014-04-20 18:06:24

ഗലീലിയിലേയ്ക്കുള്ള മടക്കയാത്ര
ക്രിസ്തുവില്‍ നേടുന്ന നവജീവന്‍


20 ഏപ്രില്‍ 2014, വത്തിക്കാന്‍
വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കപ്പെട്ട ഈസ്റ്റര്‍ ജാഗരകര്‍മ്മത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ വചനചിന്തയുടെ പ്രസക്തഭാഗം:

പുനരുത്ഥാനരംഗം സുവിശേഷങ്ങളില്‍ ആരംഭിക്കുന്നത് സാബത്തു കഴിഞ്ഞുള്ള ഞായറിന്‍റെ ആദ്യയാമത്തില്‍ സ്ത്രീകള്‍ ക്രിസ്തുവിന്‍റെ കല്ലറ സന്ദര്‍ശിക്കുന്നതോടെയാണ്. യഹൂദ പാരമ്പര്യത്തില്‍ മൃതദേഹത്തില്‍ തൈലാഭിഷേകം നടത്തുന്നതിനാണ് സ്ത്രീകള്‍ അവിടേയ്ക്കു പോയത്. എന്നാല്‍ അവര്‍ അവിടുത്തെ ശരീരം അവിടെ കണ്ടില്ല, പകരം ശൂന്യമായ കല്ലറയാണു കണ്ടത്. അപ്പോള്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് അറിയിച്ചു.
“ഭയപ്പെടേണ്ട, ക്രിസ്തു മരിച്ചവരില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റു! (മത്തായി 8, 5).. അവിടുന്ന് നിങ്ങള്‍ക്കു മുന്‍പേ ഗലീലിയയിലേയ്ക്ക് പോയിരിക്കുന്നു. നിങ്ങള്‍ പോയി ഇത് മറ്റു ശിഷ്യന്മാരെയും അറിയിക്കുക!!” (മത്തായി 8, 7-10).

ഗുരുവിന്‍റെ മരണശേഷം ശിഷ്യന്മാര്‍ ഭയവിഹ്വലരായി ചിതറിപ്പോയിരുന്നു. എല്ലാം അവസാനിച്ചതായും, ബോധ്യങ്ങള്‍ നഷ്ടപ്പെട്ട്, പ്രത്യാശ അറ്റവരുമായിരുന്നു അവര്‍. സ്ത്രീകള്‍ ചെന്ന് വിവിരം ശിഷ്യന്മാരെ അറിയിച്ചു. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ആദ്യം അവിശ്വാസ്യമായി തോന്നിയെങ്കിലും, നഷ്ടധൈര്യരായ അവരുടെ ജീവിതത്തിന്‍റെ ഇരുട്ടിലേയ്ക്ക് പ്രത്യാശയുടെ കിരണം വീശുകയായിരുന്നു. മുന്നേ പറഞ്ഞിരുന്നതുപോലെ ‘ക്രിസ്തു ഉത്ഥാനംചെയ്തു’വെന്ന വാര്‍ത്ത പ്രചരിക്കുവാന്‍ തുടങ്ങി. ഒപ്പം ഗലീലിയയിലേയ്ക്ക് പോകുവാനുള്ള ആഹ്വാനവും, അവിടെവച്ച് അവിടുത്തെ കാണാമെന്നുള്ള വാര്‍ത്തയും അവര്‍ക്കു ലഭിച്ചു. ക്രിസ്തു തന്‍റെ ശിഷ്യന്മാരെ ആദ്യം വിളിച്ച ഇടമാണ് ഗലീലി. അവിടെയായിരുന്നു എല്ലാറ്റിന്‍റെയും തുടക്കം! അവിടേയ്ക്ക് പോവുക എന്നു പറഞ്ഞാല്‍, അവിടുന്നു വിളിച്ചിടത്തുനിന്നും വീണ്ടും തുടങ്ങുകയെന്നാണ്. ഗലീലിയ കടലില്‍ അവര്‍ മീന്‍പിടിക്കവെയാണ് ക്രിസ്തു ആ തീരങ്ങള്‍ പരതി വന്നത്. പിന്നെ അവരെ അവിടുന്ന് വിളിച്ചപ്പോള്‍, തങ്ങളുടെ വഞ്ചിയും വലയുമെല്ലാം ഉപേക്ഷിച്ച് അവിടെനിന്നും അവര്‍ ക്രിസ്തുവിന്‍റെകൂടെ ജീവിതത്തിന്‍റെ പുതിയ തീരങ്ങളിലേയ്ക്കു പുറപ്പെട്ടുപോയി (മത്തായി 8, 4-12).

‘ഗലീലിയായിലേയ്ക്കു മടങ്ങുക’ എന്നുവച്ചാല്‍, കുരിശിന്‍റെയും അതിന്‍റെ വിജയത്തിന്‍റെയും അടിസ്ഥാനത്തില്‍ എല്ലാം പുനരാവിഷ്ക്കരിക്കുക, പുനരവലോകനംചെയ്യുക എന്നാണ്. ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍, അത്ഭുതങ്ങള്‍, നവമായ സമൂഹം, അതിന്‍റെ ആവേശപൂര്‍ണ്ണമായ അനുഭങ്ങളും പാളിച്ചകളും, ഒരുമിച്ചുള്ള ജീവിതത്തില്‍ അവര്‍ കണ്ട ഒറ്റുകൊടുക്കലും വഞ്ചനയും, എല്ലാം ആത്യന്ത്യം പുനരവലോകനംചെയ്യുക എന്നു പറയുന്നത് ക്രിസ്തുവിന്‍റെ അപാരമായ സ്നേഹ പാരമ്യത്തില്‍നിന്നും നവമായി തുടങ്ങുക എന്നാണ്. അതിനുള്ള ആഹ്വാനമാണ് ഉത്ഥിതന്‍ നല്കുന്നത്.

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിന്‍റെ ആരംഭം ഗലീലിയില്‍നിന്നും ‘ഗലീലിയനി’ല്‍നിന്നുമാണ്. അപ്പോള്‍ ‘ഗലീലിയയിലേയ്ക്കു പോവുക’ എന്നു പറയുന്നത് വളരെ മനോഹരവും സന്തോഷദായകവുമായ കാര്യമാണ്. അങ്ങനെ ‘ഗലീലിയയിലേയ്ക്കു പോകാം’ എന്നു പറയുന്നത്, ക്രിസ്ത്വാനുഭവത്തിന്‍റെയും വിശ്വാസ ജീവിതത്തിന്‍റെയും ഉറവിടങ്ങളിലേയ്ക്ക് പുനര്‍പ്രയാണം നടത്തുകയെന്നാണ്.

‘ഗലീലിയയിലേയ്ക്കു പോകാം’ എന്നു പറയുന്നത്, വീണ്ടും കൃപാസ്പര്‍ശത്തിന്‍റെ പൊന്‍നാമ്പേറ്റ ക്രിസ്തുവിലുള്ള നവജീവന്‍റെയും, ക്രിസ്തീയ ജീവിതയാത്രയുടെയും ആരംഭത്തിലേയ്ക്കുള്ള തിരിച്ചുപോക്ക്, എന്നാണ്. അവിടെനിന്നും ഒരിക്കല്‍ക്കൂടി ജ്ഞാനസ്നാന ജീവിതത്തിന്‍റെ പൊന്‍നാളം തെളിയിച്ചെടുത്ത്, അതിന്‍റെ ശോഭയും ഊഷ്മളതയും ചുറ്റുമുള്ള സഹോദരങ്ങളുമായി ഇന്നും എന്നും പങ്കുവയ്ക്കുവാനുമുള്ള ആഹ്വാനമാണിത്. ജീവിതദുഃഖങ്ങള്‍ക്കോ സന്താപങ്ങള്‍ക്കോ കെടുത്തുവാനാവാത്ത നന്മയും ശ്രേഷ്ഠതയുമുള്ള ലാളിത്യമാര്‍ന്ന ആനന്ദപ്രഭയാണ് ജീവിതത്തില്‍ ഉത്ഥിതനായ ക്രിസ്തുവിന്‍റെ പ്രഭാപൂരം തെളിയിക്കുന്നത്.

ജ്ഞാനസ്നാനശേഷമുള്ള ക്രൈസ്തവ ജീവിതത്തിന്‍റെ സമകാലീന ഗാലീലിയിയില്‍നിന്നും ഉറവിങ്ങളിലേയ്ക്കുള്ള തിരിച്ചുപോക്കാണത്: അത് എന്നെ വിളിച്ച ക്രിസ്തുവിനെ അനുധാവനംചെയ്യുവാനും അവിടുത്തെ പ്രേഷിതദൗത്യം വിശ്വസ്തതയോടെ ജീവിക്കുവാനുമുള്ള അഹ്വാനമാണ്. ഒരിക്കല്‍ ക്രിസ്തു എന്‍റെ ചാരത്തണഞ്ഞ്, കണ്ണുകളില്‍ നോക്കി കാരുണ്യത്തോടെ എന്നെ വിളിച്ച്, അവിടുത്തെ അനുഗമിക്കാന്‍ എന്നോട് ആഹ്വാനംചെയ്ത സുന്ദര മുഹൂര്‍ത്തത്തിന്‍റെ സജീവ സ്മരണയും, അവിടുന്ന് എന്നെ സ്നേഹിക്കുന്നുവെന്ന് വെളിപ്പെടുത്തിത്തന്ന നിമിഷത്തിന്‍റെ മങ്ങാത്ത സ്മരണയുടെ അയവിറയ്ക്കലുമാണ് മറ്റൊരര്‍ത്ഥത്തില്‍ ഗലീലിയയിലേയ്ക്കുള്ള തിരിച്ചുപോക്ക്.

ഇന്ന്, ഈ ഈസ്റ്റര്‍നാളില്‍ നമുക്ക് ഓരോരുത്തര്‍ക്കും ചോദിക്കാം, എന്‍റെ ഗലീലി എവിടെയാണ്? എന്താണ് ഗാലീലി എനിക്ക്? ഗലീലിയന്‍ എനിക്കുതന്ന പുതുജീവന്‍റെ ഓര്‍മ്മ നിലനില്ക്കുന്നുണ്ടോ, അല്ലെങ്കില്‍ മറന്നുപോയിട്ടുണ്ടോ? അതു മറന്നുപോകത്തക്കവിധം ജീവിതപാതകള്‍ പതറിയിട്ടുണ്ടോ? എനിക്ക് വഴിതെറ്റിയിട്ടുണ്ടോ? അത്രത്തോളം ഞാന്‍ ക്രിസ്തുവില്‍നിന്നും അകന്നുപോയിട്ടുണ്ടോ? യേശുവേ, ഗലീലി കണ്ടെത്താന്‍ എന്നെ സഹായിക്കണമേ! അതെനിക്ക് വീണ്ടും വെളിപ്പെടുത്തി തരണമേ!! കാരണം, അങ്ങേ കാണുവാനും, അങ്ങേ കാരുണ്യം ആസ്വദിക്കുവാനും ഞാന്‍ അതിയായി ആഗ്രഹിക്കുന്നുവെന്ന് അറിയുന്നുവല്ലോ!!!

ഈസ്റ്ററിന്‍റെ സന്ദേശം സുവ്യക്തമാണ്. നാം തിരിച്ചുപോയി, ഉത്ഥിതനെ കണ്ടെത്തണം, എന്നിട്ട് നാം അവിടുത്തെ പുനരുത്ഥാനത്തിന്‍റെ സാക്ഷികളാകണം. ഇത് കാലത്തിലുള്ള യാഥാര്‍ത്ഥമായ തിരിച്ചുപോക്കല്ല, തിരിച്ചുപോക്കിന്‍റെ ഗൃഹാതുരത്വവുമല്ല. എന്നാല്‍ ഈ ലോകത്തു പ്രകാശിച്ചതും, സകല ജനതകളെയും ലോകത്തിന്‍റെ സകല അതിര്‍ത്തികളെയും ഉജ്ജ്വലിപ്പിച്ചതുമായ ക്രിസ്തുവിന്‍റെ ആദ്യവിളിയിലേയ്ക്കും സ്നേഹത്തിലേയ്ക്കുമുള്ള ആത്മീയയാത്രയാണത്.

ജനങ്ങള്‍ ‘ക്രിസ്തുവിനെ ഇനിയും തിരിച്ചറായത്ത ഗലീലിയുണ്ട്. ജനതകള്‍ അന്ധകാരത്തില്‍ ആണ്ടുപോകുന്ന ഇടങ്ങളുമുണ്ട്’ (മത്തായി 4, 15... ഏശയ്യ് 8, 23). എന്നാല്‍ തീവ്രതയോടെ നാം കണ്ടെത്തേണ്ട ഉത്ഥിതന്‍റെ സ്നേഹചക്രവാളമാണ് ഗലീലി! സഭയുടെ അജപാലന മേഖലയുമാണത്! നമുക്ക് അവിടേയ്ക്ക് പുറപ്പെടാം, ഉത്ഥിതനെ കണ്ടെത്താം!
All the contents on this site are copyrighted ©.