2014-04-19 20:30:18

ദൈവസ്നേഹത്തിന്‍റെ അപാരത
പ്രകടമാക്കുന്ന കുരിശ്


19 ഏപ്രില്‍ 2014, കൊളോസിയം
ദുഃഖവെള്ളിയാഴ്ച രാത്രി റോമിലെ ചരിത്രപുരാതനമായ കൊളോസിയത്തില്‍ നടത്തപ്പെട്ട കുരിശിന്‍റെവഴിയുടെ സമാപനത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ആത്മസൂക്തമാണ് താഴെ ചേര്‍ക്കുന്നത്:

മനുഷ്യരുടെ പാപഭാരത്തിന്‍റെ കുന്നുകൂടലാണ് ക്രിസ്തുവിന്‍റെ കുരിശ്. സഹോദരനെതിരെ കായേന്‍ ഉയര്‍ത്തിയ അസൂയയുടെ ക്രൂരതയും, ഗുരുവിനെ ഒറ്റുകൊടുക്കുന്ന യൂദാസിന്‍റെ ചുടുചുംബനവും, പത്രോസിന്‍റെ മനസ്സാക്ഷിയില്ലാത്ത തള്ളിപ്പറയലും സഹോദര വഞ്ചനയുടെ പൊയ്മുഖവും, കപടനാട്യക്കാരുടെ ധിക്കാരവും ഇന്നും ക്രിസ്തുവിനെ കുരിശിലേറ്റുന്നു. പരിത്യക്തരുടെ ശോകമൂകമായ രാത്രിപോലെയും, പ്രിയപ്പെട്ടവരുടെ മരണംമൂലം അനുഭവിക്കുന്ന വേദനപോലെയും തിന്മയുടെ അധിക്രമങ്ങള്‍ ജീവിതക്കുരിശിന്‍റെ ഭാരം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍, ക്രിസ്തുവിന്‍റെ കുരിശ് മനുഷ്യന്‍റെ സകല വഞ്ചനയെയും അനീതിയെയും അവിശ്വസ്തതയെയും അതിലംഘിക്കുന്ന ദൈവികകാരുണ്യത്തെ പ്രസരിപ്പിക്കുന്നതാകയാല്‍ രാത്രിയുടെ നീണ്ടയാമം കഴിഞ്ഞെത്തുന്ന പ്രഭാതസൂര്യനെപ്പോലെ അത് ലോകത്തിന് ആത്മീയ ഉണര്‍വ്വും ഉന്മേഷവും പകരുന്നു. തിന്മയ്ക്ക് കീഴ്പ്പെട്ട മനുഷ്യന്‍റെ ബീഭത്സതയും, ഒപ്പം പാപങ്ങള്‍ക്ക് അനുസൃതമായി മനുഷ്യനെ ശിക്ഷിക്കുകയോ പരിത്യജിക്കുകയോ ചെയ്യാത്ത ദൈവത്തിന്‍റെ അപാരമായ സ്നേഹപാരമ്യവും ക്രിസ്തുവിന്‍റെ കുരിശില്‍ പ്രതിഫലിക്കുന്നുണ്ട്.. കുരിശിന്‍റെ മുന്നില്‍നിന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ നാം അനന്തമായ ദൈവസ്നേഹത്താല്‍ സപ്ര്‍ശിക്കപ്പെടുകയാണ്. അവിടെ നാം അന്യരെപ്പോലെയോ, ബന്ധമില്ലാത്ത വസ്തുക്കളെപ്പോലെയോ അല്ല, മറിച്ച് ദൈവമക്കളാണ്.

വിശുദ്ധ ഗ്രിഗരി നിസിയാന്‍സിന്‍റെ ചിന്തകള്‍ ഇവിടെ ഏറെ പ്രസ്തകമാണ്. ‘ക്രിസ്തുവിന്‍റെ സ്ഥാനത്ത് കുരിശില്‍ ഞാന്‍ ആയിരിക്കുകയാണെങ്കില്‍, വെറും പരിമിതികളുടെ ദുര്‍ഭഗനായ മനുഷ്യനും സൃഷ്ടിയുമാണ് ഞാന്‍. കുറവുകളുടെ കൂമ്പാരമായ മനുഷ്യപ്പിറവിയും, അവന്‍റെ നിസ്സാരമായ ആഹരിക്കലും, ഉറക്കവും, ഉല്ലാസവും ജീവിതക്രമവും, കുറെക്കഴിയുമ്പോള്‍ പിന്നെ രോഗാധിക്യത്തിലും, അവസാനം മരണത്തിലും അലിഞ്ഞുതീരുന്ന ക്ഷണികമായ ജീവിതത്തെയാണ് അത് സൂചിപ്പിക്കുന്നത്.’

‘മോഹവലയത്തിന്‍റെ വ്യഥകളില്‍ കുടുങ്ങിപ്പോകാതെ, ഫലമണിയുന്ന ഭൂമിയെപ്പോലെ ഈ ജീവിതത്തില്‍ അങ്ങെ ഉയിര്‍പ്പിന്‍റെ ദിവ്യപ്രഭ ഞാന്‍ ആസ്വദിക്കട്ടെ! ഇല്ലെങ്കില്‍ ഞാന്‍ മരിച്ച് പൂഴിയാകുന്ന മറ്റേതു മൃഗത്തെയുംപോലെയും, പാപിമില്ലെങ്കിലും ഈ പൂഴിയില്‍ അലിഞ്ഞുതീരും. എന്നാല്‍ ഞാന്‍ അവയെക്കാള്‍ വലുതല്ലേ. ദൈവമായ യേശുവേ, അങ്ങേ മുന്നില്‍ ഞാന്‍ സൃഷ്ടിമാത്രമാണ്. കുരിശില്‍നിന്നും അങ്ങേ ഉത്ഥാനത്തിലേയ്ക്ക് എന്നെ നയിക്കണമേ. തിന്മ എന്നെ കീഴ്പ്പെടുത്തും മുന്‍പേ, അങ്ങേ സ്നേഹത്തിലും കരുണയിലും ക്ഷമയിലും ഞാന്‍ ഉയരട്ടെ, ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ. ഇന്നലെ അങ്ങയോടൊപ്പം പാപത്താല്‍ കുരിശ്ശേറിയ ഞാന്‍, മൃതനായി അടക്കംചെയ്യപ്പെട്ടെങ്കിലും ഇന്ന് അങ്ങേ പുനരുത്ഥാനത്തില്‍ പങ്കുചേരാനും എനിക്ക് വരംതരണമേ.’

രോഗങ്ങളാലും മാനുഷിക വ്യഥകളാലും ജീവിതകുരിശിന്‍റെ ഭാരം പേറുന്ന എല്ലാ സഹോദരങ്ങളെയും നമുക്ക് ഈ ദിനങ്ങളില്‍ അനുസ്മരിച്ചു പ്രാര്‍ത്ഥിക്കാം. ക്രിസ്തുവിന്‍റെ പുനരുത്ഥാനം നല്കുന്ന പ്രത്യാശ അവരെ ബലപ്പെടുത്തട്ടെ, നയിക്കട്ടെ!
All the contents on this site are copyrighted ©.