2014-04-18 14:10:17

യേശു നൽകുന്ന പൈതൃകം, ‘സ്നേഹ ശുശ്രൂഷ’


18 ഏപ്രിൽ 2014, വത്തിക്കാൻ
ക്രിസ്തു നമുക്കു നൽകുന്ന പൈതൃകം ‘സ്നേഹ ശുശ്രൂഷയുടെ’ മാതൃകയാണെന്ന് ഫ്രാൻസിസ് പാപ്പ. റോമിൽ ഡോൺ ഞ്യോക്കി ഫൗണ്ടേഷൻ നടത്തുന്ന അഗതിമന്ദിരത്തിലെ കപ്പേളയിൽ നടത്തിയ പെസഹാവ്യാഴ തിരുക്കർമ്മങ്ങളിൽ വചന സന്ദേശം നൽകുകയായിരുന്നു പാപ്പ.

ഒരു എളിയ ദാസനെപ്പോലെ തന്‍റെ ശിഷ്യരുടെ പാദങ്ങൾ കഴുകിയ ക്രിസ്തു
പരസ്പരം സ്നേഹിക്കാനും സ്നേഹത്തിന്‍റെ ശുശ്രൂഷകരാകാനുമാണ് തന്‍റെ ശിഷ്യരെ ക്ഷണിക്കുന്നതെന്ന് കാൽ കഴുകൽ ശുശ്രൂഷയ്ക്ക് മുൻപ് നടത്തിയ വചന പ്രഘോഷണത്തിൽ മാർപാപ്പ പ്രസ്താവിച്ചു. യേശുവിന്‍റെ കാലത്ത് ഒരു ഭൃത്യനോ അടിമയോ ചെയ്തിരുന്ന ശുശ്രൂഷയാണ് യേശു ചെയ്തത്. ശുശ്രൂഷകരാകാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് തന്‍റെ ശിഷ്യൻമാർ എന്ന് എളിമയുടെ ഈ മാതൃകയിലൂടെ യേശു നമ്മെ പഠിപ്പിക്കുന്നു. “ഓരോരുത്തരും മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കണം, അവരെ എങ്ങനെ നന്നായി ശുശ്രൂഷിക്കാമെന്ന് ചിന്തിക്കണം,” എന്ന് മാർപാപ്പ ഉത്ബോധിപ്പിച്ചു.

വ്യത്യസ്ത പ്രായക്കാരും ദേശക്കാരുമായ 12 രോഗികളും വികലാംഗരുമാണ് ഇക്കൊല്ലം മാർപാപ്പയുടെ പാദക്ഷാളന ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും, മറ്റു മതസ്ഥരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അവരോരുത്തരുടേയും മുമ്പിൽ മുട്ടുമടക്കി, അവരുടെ പാദങ്ങൾ കഴുകി ചുംബിച്ച പാപ്പ ഒരു പുഞ്ചിരി സമ്മാനിച്ച് നീങ്ങുന്ന കാഴ്ച്ച കണ്ടുനിന്നവരുടെ കണ്ണുകൾകൂടി ഈറനണിയിക്കുന്നതായിരുന്നു.

നിരാലംബരും പരിത്യക്തരുമായ വ്യക്തികളെ പാദക്ഷാളന കർമ്മത്തിനായി തിരഞ്ഞെടുക്കുന്ന, അർജന്‍റീനയിലെ ബ്യൂനസ് എയിരെസ് അതിരൂപതയിൽ ആരംഭിച്ച പതിവാണ് ഫ്രാൻസിസ് പാപ്പ ഇന്നും തുടരുന്നത്. കഴിഞ്ഞവർഷം റോമിലെ ദുർഗുണ പരിഹാര പാഠശാലയിലാണ് മാർപാപ്പ തിരുവത്താഴപൂജയും കാൽ കഴുകൽ ചടങ്ങും നടത്തിയത്.
All the contents on this site are copyrighted ©.