2014-04-18 09:34:17

മതസ്വാതന്ത്ര്യത്തിന്‍റെ മേഖലയില്‍
സഭകള്‍ കൂട്ടായി പരിശ്രമിക്കണം


17 ഏപ്രില്‍ 2014, പാരീസ്
ക്രൈസ്തവൈക്യ സംരംഭങ്ങള്‍ക്ക് മതസ്വാതന്ത്ര്യത്തിന്‍റെ മേഖലയില്‍ നവമായ പ്രതിബദ്ധത വളര്‍ത്താനാകുമെന്ന്, ലോക ക്രൈസ്തവൈക്യ പ്രസ്ഥാനം World Council of Churches-ന്‍റെ ജനറല്‍ സെക്രട്ടറി, ഒലാവ് ഫിക്സേ പ്രസ്താവിച്ചു. ഈസ്റ്ററിനോട് അനുബന്ധിച്ച് ഏപ്രില്‍ 16-ാം തിയതി ബുധനാഴ്ച പാരീസില്‍ ചേര്‍ന്ന ക്രൈസ്തവൈക്യ സമ്മേളനത്തിലാണ് ഒലാവ് ഫിക്സേ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ക്രൈസ്തവര്‍ ഒരുമിച്ച് ആഘോഷിക്കുന്ന മഹോത്സവമാണ് ഈസ്റ്ററെന്നും, സഭൈക്യസംരംഭത്തിന്‍റെ പ്രഥമ സ്രോതസ്സ് ക്രിസ്തുവിന്‍റെ ശൂന്യമായ കല്ലറയും ഉത്ഥാനവുമാണെന്ന് ദൈവശാസ്ത്ര പണ്ഡിതന്‍കൂടിയായ ഫിക്സേ സമ്മേളനത്തോട് ആഹ്വാനംചെയ്തു. മരണത്തെയും തിന്മയെയും കീഴ്പ്പെടുത്തുന്ന ക്രിസ്തുവിന്‍റെ സ്നേഹം നവസഹസ്രാബ്ദത്തില്‍ പ്രഘോഷിക്കുവാനും വരുവാനിരിക്കുന്ന നല്ലനാളിന്‍റെ പ്രത്യാശയില്‍ ഈ ലോകജീവിതം നന്മയില്‍ ചിലവഴിക്കുവാനും സഭൈക്യകൂട്ടായ്മ പ്രചോദനമാകുമെന്നും ഫിക്സേ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

മനുഷ്യന്‍റെ ആത്മീയവും ഭൗതികവുമായ നന്മയ്ക്ക് ഉതകുംവിധം ക്രൈസ്തവ കൂട്ടായ്മ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വളര്‍ന്നിട്ടുണ്ടെന്നും, കൂട്ടായി നിന്നുകൊണ്ട് ഇനിയും നല്ലകാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കുമെന്ന നിഗമനത്തോടും തീരുമാനത്തോടുംകൂടിയാണ് വിശുദ്ധവാരത്തിലെ സഭൈക്യകൂട്ടായ്മയുടെ ഏകദിന സമ്മേളനം സമാപിച്ചത്.

പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളുടെ ഇടയില്‍, വിശിഷ്യ യുദ്ധവും, ദാരിദ്ര്യവും, പ്രകൃതിക്ഷോഭവും, കാലാവസ്ഥാക്കെടുതികള്‍ മൂലവും ക്ലേശിക്കുന്ന സമൂഹങ്ങളുടെ ഇടയില്‍ ഉത്ഥിതനായ ക്രിസ്തുവിന്‍റെ ചൈതന്യം എത്തിക്കുവാന്‍ സഭൈക്യകൂട്ടായ്മ ഇനിയും ഒത്തുചേരണമെന്ന അഭിപ്രായം പാരീസ് സഭൈക്യ സമ്മേളനത്തിന്‍റെ പ്രത്യേകതയായിരുന്നവെന്ന് നിരീക്ഷിക്കപ്പെട്ടു.
All the contents on this site are copyrighted ©.