2014-04-18 14:11:17

പാപ്പായ്ക്ക് യഹൂദ റബ്ബിയുടെ ആശംസകൾ


18 ഏപ്രിൽ 2014, റോം
റോമിലെ മുഖ്യ റബ്ബി ഡോ.റിക്കാർഡ് ദി സെഞി മാർപാപ്പയ്ക്ക് ഈസ്റ്റർ ആശംസകൾ നേർന്നു. യഹൂദരുടെ പെസഹാ തിരുന്നാളിനോടനുബന്ധിച്ച് മാർപാപ്പ അയച്ച ആശംസാ സന്ദേശത്തിന് പ്രത്യുത്തരിച്ചുകൊണ്ടാണ് ഡോ. റിക്കാർഡ് ദി സെഞി പാപ്പായ്ക്ക് നന്ദി പറയുകയും ഉയിർപ്പു തിരുന്നാളിന്‍റെ ആശംസകൾ നേരുകയും ചെയ്തത്. യഹൂദരുടെ പെസഹാ തിരുന്നാളും ക്രൈസ്തവരുടെ ഉയിർപ്പു തിരുന്നാളും ഇടകലർന്ന് വരുന്നത് ഇരുമതസ്ഥർക്കും സാഹോദര്യത്തിലും സഹകരണത്തിലും ജീവിക്കാനുള്ള ക്ഷണം നൽകുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുണ്യശ്ലോകരായ ജോൺ ഇരുപത്തി മൂന്നാമൻ പാപ്പായുടേയും ജോൺ പോൾ രണ്ടാമൻ പാപ്പായുടേയും ആസന്നമായ വിശുദ്ധപദ പ്രഖ്യാപനത്തെക്കുറിച്ച് സന്ദേശത്തിൽ പരാമർശിച്ച റബ്ബി ഡോ.റിക്കാർഡ് ദി സെഞി, യഹൂദരുമായുള്ള കത്തോലിക്കാ സഭയുടെ ബന്ധം പൂർവ്വാധികം മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചവരാണ് ഇരുവരുമെന്നും പ്രസ്താവിച്ചു.
മെയ് 24 -26 തിയതികളിൽ ഫ്രാൻസിസ് പാപ്പ വിശുദ്ധനാട്ടിലേക്കു നടത്തുന്ന തീർത്ഥാടനത്തിന് യഹൂദ ജനത്തിന്‍റെ പ്രാർത്ഥനയും പിന്തുണയും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പാപ്പായ്ക്ക് ഉറപ്പുനൽകി.All the contents on this site are copyrighted ©.