2014-04-17 19:35:08

പാപ്പാ പങ്കുവച്ച
അഭിഷിക്താനന്ദത്തിന്‍റെ പൊരുള്‍


17 ഏപ്രില്‍ 2014, വത്തിക്കാന്‍
ഏപ്രില്‍ 17-ാം തിയതി പെസഹാവ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ മഹാദേവാലയത്തില്‍ അര്‍പ്പിച്ച പൗരോഹിത്യ കൂട്ടായ്മയുടെ സമൂഹ ദിവ്യബലിമദ്ധ്യേയാണ് അഭിഷിക്തന്‍ പരിപോഷിപ്പിക്കുകയും പാലിക്കുകയും ചെയ്യേണ്ട ആത്മീയാനന്ദത്തെക്കുറിച്ച് വൈദിക സഹോദരങ്ങളെ പാപ്പാ ഉദ്ബോധിപ്പിച്ചത്. ദിവ്യബലിക്ക് ആമുഖമായി അഭിഷേചനത്തിനും, മാമോദീസായ്ക്കും സ്ഥൈര്യലേപനത്തിനുമുള്ള വിശുദ്ധതൈലങ്ങള്‍ പാപ്പാ ആശീര്‍വ്വദിച്ചു. റോമാ രൂപതയിലെ കര്‍ദ്ദിനാളന്മാരും മെത്രാന്മാരും വൈദികരും സന്ന്യസ്തരും മാത്രമല്ല ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള പൗരോഹിത്യ സാന്നിദ്ധ്യം പാപ്പായ്ക്കൊപ്പംമുള്ള ദിവ്യബലിയില്‍ കാണാമായിരുന്നു.

പൗരോഹിത്യാനന്ദത്തില്‍ ത്രിമാനങ്ങള്‍ പാപ്പാ വചനചിന്തയായി പങ്കുവച്ചു. ആദ്യമായി, അഭിഷിക്തനില്‍ ഉണ്ടാകുന്നത് കര്‍ത്താവിന്‍റെ കൃപയുടെ ആനന്ദമാണ്. അതു പുറമേ പൂശുന്ന തൈലത്തിന്‍റെ മേന്മയോ അണിയുന്ന വിശുദ്ധ വസ്ത്രത്തിന്‍റെ പ്രൗഢിയോ അല്ല, മറിച്ച് വ്യക്തിയെ നവീകരിക്കുകയും ബലപ്പെടുത്തുകയും അയാള്‍ക്ക് ഉണര്‍വ്വേകുകയും ചെയ്യുന്ന ദൈവകൃപയുടെ സ്പര്‍ശമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

പൗരോഹിത്യം കര്‍ത്താവിന്‍റെ കൃപയാല്‍ നിറഞ്ഞുകവിയേണ്ട കൃപയുടെ ധാരാളിത്തമാണ്. അത് വ്യക്തിത്വത്തിന്‍റെ ആഴങ്ങളെ നിറച്ച്, അവിടെനിന്ന് മറ്റുള്ളവരിലേയ്ക്കും നിര്‍ഗളിക്കണമെന്നും പാപ്പാ വൈദികരോട് ആഹ്വാനംചെയ്തു. രണ്ടാമതായി അഭിഷേകാനന്ദം ശാശ്വതമാണ്. കാരണം അത് കെട്ടുപോകാത്ത ദൈവികാനന്ദത്തിന്‍റെ ഓഹരിയും സമ്മാനവുമാണ്. ആ സന്തോഷം ആര്‍ക്കും എടുത്തു കളയാനാവില്ല. (യോഹ. 16, 22). പാപത്താല്‍ മന്ദീഭവിക്കുകയോ, ജീവിതവ്യഥകളാല്‍ ക്ലേശിക്കുകയോ ചെയ്താലും, അത് ഉള്ളിന്‍റെ ഉള്ളില്‍ ഒളിഞ്ഞുകിടക്കുന്നതാണ്. അതിനാല്‍ അത് വറ്റിപ്പോകുന്നില്ല, അഭിഷേകത്തില്‍ ലഭിച്ച കൃപ വീണ്ടും ഉജ്ജ്വലിപ്പിക്കാവുന്നതുമാണ് (2തിമോത്തി 1, 6) ഊതി തെളിയിക്കാവുന്നതാണ്.

മൂന്നാമതായി, അഭിഷിക്താനന്ദം അജപാലനാനന്ദമാണ്. അത് ദൈവത്തിന്‍റെ വിശുദ്ധവും വിശ്വസ്തരുമായ ജനത്തോട് ബന്ധപ്പെട്ടതാണ്. അഭിഷേകാനന്ദം ശ്രേഷ്ഠമായ പ്രേഷിതാനന്ദമാണ്. അതിനാല്‍ ദൈവജനവുമായി അതു പങ്കുവയ്ക്കാന്‍ അഭിഷിക്തന്‍ വിളിക്കപ്പെട്ടിരിക്കുന്നു, കടപ്പെട്ടിരിക്കുന്നു. ഓരോ ജ്ഞാനസ്നാപ്പെടുത്തലിലും സ്ഥൈര്യലേപനത്തിലും, രോഗികളുടെ ലേപനത്തിലും, ആശീര്‍വ്വാദത്തിലും സമാശ്വാസ വാക്കിലും, ചുറ്റും നടത്തുന്ന സുവിശേഷവത്ക്കരണത്തിലും പ്രകടമാക്കേണ്ട അജപാലന ആനന്ദമാണത്.

ആടുകളുടെ മദ്ധ്യേയുള്ള ഇടയന്‍റെ സജീവസാന്നിദ്ധ്യത്തിന്‍റെ ആനന്ദമാണത്. ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും, അത് വ്യക്തിപരമായാലും സമൂഹ്യമായാലും, രഹസ്യമോ പരസ്യമോ ആയാലും പിതാവിനോടു പ്രാര്‍ത്ഥിക്കുമ്പോഴും ഇടയന്‍ ആത്മീയമായി തന്‍റെ അജഗണവുമായി ഒന്നുചേര്‍ന്നിരിക്കുന്നു. അങ്ങനെ അജപാലനാനന്ദം എന്നു പറയുന്നത് തന്‍റെ ആടുകളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്ന സുരക്ഷമായ സന്തോഷമാണ്.
എല്ലാം മങ്ങിമറയുമ്പോഴും, വിഷാദം ജീവിതത്തെ ഗ്രസിക്കുമ്പോഴും, അന്തരാത്മാവില്‍ ലോകത്തിന്‍റെ ഇരുട്ട് ഉരുണ്ടുകൂടുമ്പോഴും, ഒറ്റപ്പെടലിന്‍റെ വേദനയുമെല്ലാം പൗരോഹിത്യത്തെ കീഴ്പ്പെടുത്തുമ്പോള്‍ ചുറ്റും തിങ്ങിനില്ക്കുന്ന അജഗണ സാന്നിദ്ധ്യം സന്തോഷവും ഉണര്‍വ്വും പ്രത്യാശയും പകരും. അത് അഭിഷിക്തനെ സംരക്ഷിക്കും ആശ്ലേഷിക്കുകയും ആലിംഗനംചെയ്യുകയും ചെയ്യും.

പൗരോഹിത്യ അജപാലന ആനന്ദത്തിന്‍റെ ഭാഗമായി സഹോദരിമാരെപ്പോലെ മൂന്നു ഘടകങ്ങളുണ്ട് - ദാരിദ്യം, ബഹ്മചര്യം, (വിശ്വസ്തത) അനുസരണം. ഉള്ളതെല്ലാം മറ്റുള്ളവര്‍ക്കു നല്കുന്നതുവഴി, അല്ലെങ്കില്‍ പങ്കുവയ്ക്കുന്നതിലൂടെ സ്വയം ദരിദ്രനാവുകയും ശൂന്യവത്ക്കരിക്കപ്പെടുകയും ചെയ്യുകയും അഭിഷിക്തന്‍ കര്‍ത്താവില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. സ്വന്തമായൊന്നും വാരിക്കൂട്ടാത്ത അജപാലന സ്നേഹത്തില്‍ എന്നും എവിടെയും തുറവോടെ പങ്കുവയ്ക്കുന്ന രീതിയാണ് (exit sign) പ്രകടമാക്കേണ്ടത്.
ആത്മാക്കളെ തേടുന്ന അജപാലന ആത്മീയതയില്‍ ഒരിക്കലും ഇല്ലായ്മ അഭിഷിക്തനെ ബാധിക്കുന്നില്ല. അങ്ങനെ ജീവിതം സ്വാര്‍പ്പണത്തിന്‍റെയും പരിത്യാഗത്തിന്‍റെയും മാതൃകയായി മാറുന്നു. ‘നല്കുന്നവര്‍ക്കാണ് ലഭിക്കുന്നത്’.

അഭിഷിക്തരെങ്കിലും നാം ബലഹീനരും പാപികളുമാണ്. അമലോത്ഭവരല്ല. ക്രിസ്തുവിനോടും അവിടുത്തെ സഭയോടും അനുദിനം നവീകരിക്കപ്പെടുന്ന വിശ്വാസവും, ആ വിശ്വസ്തയില്‍നിന്നും ഉയരുന്ന ഫലദായകത്വവുമാണ് പൗരോഹിത്യത്തിന്‍റെ വിജയം. ജ്ഞാനസ്നാനത്തിലും, വിവാഹത്തിലും, മതബോധനത്തിലും വൈദികരുടെ സഹായത്തിന് അര്‍ഹരായവരൊക്കെ അഭിഷിക്തന്‍റെ ആത്മീയ മക്കളാണ്. പ്രേഷിതഫലദായകത്വം നല്കുന്ന ആനന്ദവുമാണ് അവര്‍.

സഭയുടെ അധികാരക്രമത്തോടുള്ള വിധേയത്വവും കീഴ്പ്പെടലുമാണ് അഭിഷിക്തന്‍റെ അനുസരണം. പ്രേഷിതദൗത്യത്തിനായി അയക്കപ്പെടുവാനും, പോകുവാനും സന്നദ്ധമാകുന്ന സമര്‍പ്പണ ചൈതന്യമാണത്. സഭയുടെ സേവനപദ്ധതിയോടുള്ള വിധേയത്വമാര്‍ന്ന സന്നദ്ധതയാണത്. തന്‍റെ ചാര്‍ച്ചക്കാരിയെ സഹായിക്കാന്‍ നസ്രത്തില്‍നിന്നും മറിയം തിടുക്കത്തില്‍ പുറപ്പെട്ടു (ലൂക്കാ 1, 39) എന്ന് സുവിശേഷകന്‍ സൂചിപ്പിക്കുന്ന സേനവനത്തിന്‍റെയും ശുശ്രൂഷയുടെയും ഊര്‍ജ്ജസ്വലതയുടെയും സേവനസന്നദ്ധത
പൗരോഹിത്യ സമര്‍പ്പണത്തില്‍ വളര്‍ന്നുവരട്ടെ.

ആനന്ദത്തിന്‍റെ പൂര്‍ണ്ണിമയുള്ളവരല്ല നമ്മളാരും. ദൈവികകാരുണ്യത്തില്‍ ആശ്രയിച്ചു മുന്നേറാം. ഈ ലോകത്ത്, വിശിഷ്യാ പരിത്യക്തരും നിരാലംബരുമായവര്‍ക്ക് നല്ലിടയാനായ ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും പങ്കുവയ്ക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കാം.

ഈ പെസഹാനാളില്‍ ദൈവവിളിക്കായി നമുക്ക് പ്രത്യേകമായി പ്രാര്‍ത്ഥിക്കാം. ധാരാളം യുവജനങ്ങള്‍ ഹൃദയത്തില്‍ ആത്മീയാന്ദം തെളിയിക്കുന്ന തീക്ഷ്ണതയോടെ ക്രിസ്തുവിന്‍റെ വിളിയോട് പ്രത്യുത്തരിക്കട്ടെ. അതുപോലെ തിളങ്ങുന്ന പ്രേഷിതതീക്ഷ്ണതയുമായി ഈ ലോകത്ത് പതറാതെ പ്രവര്‍ത്തിക്കുവാനുള്ള ഓജസ്സ് യുവവൈദികര്‍ക്ക് ലഭിക്കട്ടെ. സുവിശേഷത്തിന്‍റെ അമൂല്യനിധി സന്തോഷത്തോടെ പങ്കുവയ്ക്കുവാനും അവര്‍ക്കു സാധിക്കട്ടെ.

അവസാനമായി വര്‍ഷങ്ങളോളം അജപാലനമേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വൈദികര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കാം, നവോന്മേഷത്തോടെ അവരുടെ പ്രേഷിതവേലയുടെ ഫലപ്രാപ്തി വരുംതലമുറയ്ക്ക് സന്തോഷത്തോടെ പകര്‍ന്നുകൊടുത്തുകൊണ്ട് നിത്യതയെ ലക്ഷൃമാക്കി ചരിക്കുവാനും, നിരാശയും തളര്‍ച്ചയുമകറ്റി പ്രത്യാശയോടെ മുന്നേറുവാനും അവര്‍ക്കു സാധിക്കട്ടെ. ഈ ആശംസയോടെയാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.
All the contents on this site are copyrighted ©.