2014-04-17 19:48:48

ജയില്‍വാസികള്‍ക്ക്
പാപ്പാ ബൈബിള്‍ സമ്മാനിച്ചു


17 ഏപ്രില്‍ 2014, റോം
പാപ്പാ ഫ്രാന്‍സിസിന്‍റെ ഈസ്റ്റര്‍ സമ്മാനമായി പുതിയ നിയമഗ്രന്ഥം റോമിലെ ജയിലില്‍ വിതരണംചെയ്തു.
ഏപ്രില്‍ 16-ാം തിയതി വലിയ ബുധനാഴ്ച പാപ്പായുടെ ദാനവന്‍, ഉപവിപ്രവര്‍ത്തന കാര്യങ്ങള്‍ക്കായുള്ള ആര്‍ച്ചുബിഷപ്പ് കോണ്‍റാഡ് ക്രജേസ്ക്കിയാണ് റോമിലുള്ള Regina Coeli ജയില്‍ സന്ദര്‍ശിച്ച് തടങ്കലില്‍ കഴിയുന്നവര്‍ക്ക് പാപ്പായുടെ പേരില്‍ പുതിയ നിയമത്തിന്‍റെ പോക്കറ്റ് പതിപ്പ് വിതരണംചെയ്തത്.

പാപ്പായുടെ സാന്നിദ്ധ്യവും സ്നേഹസാമീപ്യവും പ്രതീക്ഷിക്കുന്ന ജയില്‍ വാസികളില്‍ പലരും ചെറുസമ്മാനം നിറകണ്ണുകളോടെയും വികാരാധീനരുമായിട്ടാണ് ആര്‍ച്ചുബിഷപ്പ് ക്രജേസ്ക്കിയുടെ കൈകളില്‍നിന്നും സ്വീകരിച്ചത്.

ജയില്‍വാസികളുടെ സഹായിയായ വൈദികന്‍, വിത്തോറിയോ ത്രാനി, മറ്റു സന്നദ്ധസേവകന്‍ എന്നിവരുടെകൂടെ സമ്മാനവിതരണത്തിനെത്തിയ ആര്‍ച്ചുബിഷപ്പ് ക്രജേസ്ക്കി, ദൈവികകാരുണ്യത്തിന്‍റെ ചിന്തകള്‍ അന്തേവാസികളുമായി പങ്കുവയ്ക്കുകയും പാപികളോട് ക്രിസ്തു ക്ഷമിക്കുകയും, അവരെ സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു.

ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന സന്ദേശനത്തിനുശേഷം ആര്‍ച്ചുബിഷപ്പ് ക്രജോസ്കി അവരോട് യാത്രപറയുമ്പോള്‍, മറുപടിയായി ജയില്‍വാസികള്‍ പാപ്പായ്ക്കു നന്ദിയര്‍പ്പിക്കുകയും ആകാംക്ഷയോടെ അവരെ സന്ദര്‍ശിക്കുന്ന ദിനത്തിനായി കാത്തിരിക്കുകയുമാണെന്ന് അറിയിക്കുകയും ചെയ്തു.

വത്തിക്കാനില്‍നിന്നും കല്ലേറുദൂരം മാത്രം അകലെയുള്ള ‘റെജീന ചേളി’ ജയിലില്‍ തങ്ങള്‍ ഇനിയും പാപ്പായെ നേരില്‍ കാണുവാനുള്ള അതിയായ ആഗ്രഹത്തോടെയാണ് കഴിയുന്നതെന്ന് വിവരം അധികംപേരും ആര്‍ച്ചുബിഷപ്പ് ക്രജേസ്ക്കിയെ അറിയിക്കുകയുണ്ടായി.
All the contents on this site are copyrighted ©.