2014-04-16 19:02:58

കൊളോസിയത്തിലെ കുരിശിന്‍റെവഴി
രക്ഷാകരമാകുന്ന സഹനത്തെക്കുറിച്ച്


17 ഏപ്രില്‍ 2014, റോം
കുരിശിന്‍റെവഴി ജീവന്‍റെ പ്രത്യാശ പകരുന്നതാണെന്ന് ഇത്തവണ റോമിലെ കൊളോസിയത്തിലെ വിഖ്യാതമായ കുരിശിന്‍റെവഴി രചിച്ച ആര്‍ച്ചുബിഷപ്പ് ജ്യാന്‍ കാര്‍ളോ ബ്രിഗന്തീനി പ്രസ്താവിച്ചു. കുരിശിന്‍റെ വഴിയിലൂടെ, ഓരോ സ്ഥാലത്തും സഹനത്തിന്‍റെ രംഗങ്ങള്‍ ധ്യാനിക്കുമ്പോള്‍, അവ ഉയിര്‍പ്പിന്‍റെ പ്രത്യാശ പകരുന്നതാണെന്ന്
ഏപ്രില്‍ 16-ാം വ്യാഴാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ ആര്‍ച്ചുബിഷപ്പ് ബ്രിഗന്തീനി അഭിപ്രായപ്പെട്ടു.

വേദനയും കണ്ണീരുമാണ് കുരിശിന്‍റെവഴിയുടെ ഓരോ സ്ഥലവും പ്രകടമാക്കുന്നത്. എന്നാല്‍ അതിലൂടെ പ്രശാന്തനായി കടന്നുപോകുന്ന ക്രിസ്തുവിനെ ധ്യാനിക്കുന്നവര്‍ക്ക് പ്രത്യാശയുടെ വെളിച്ചവും ഐക്യദാര്‍ഢ്യത്തിലേയ്ക്കുള്ള ക്ഷണവും ലഭിക്കും, എന്ന് ഈ വര്‍ഷം പാപ്പാ നയിക്കുന്ന റോമിലെ കൊളോസിയത്തിലെ കുരിശിന്‍റെവഴിക്കു വേണ്ട പ്രാര്‍ത്ഥനകള്‍ രചിച്ച ആര്‍ച്ചുബിഷപ്പ് ബ്രിഗന്തീനി വ്യക്തമാക്കി.
പരമ്പരാഗത കുരിശിന്‍റെവഴിയില്‍നിന്നും വ്യത്യസ്ഥമായി 15 സ്റ്റേഷനുകളായിട്ടാണ് ആര്‍ച്ചുബിഷപ്പ് ബ്രിഗന്തീനി ഈവര്‍ഷം കുരിശിന്‍റെവഴി സംവിധാനംചെയ്തിരിക്കുന്നത്.

ഏപ്രില്‍ 18-ാം തിയതി ദുഃഖവെള്ളിയാഴ്ച വൈകുന്നേരം ഇറ്റലിയിലെ സമയം രാത്രം 9.15-ന് മുഖ്യകാര്‍മ്മികത്വത്തില്‍ റോമിലെ കൊളോസിയത്തില്‍ കുരിശിന്‍റെവഴി പാപ്പാ ഫ്രാന്‍സിസ് നയിക്കും.
റോമാ നിവാസികളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തുന്നവരുമായി ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് പരമ്പരാഗതമായ ഈ ദുഃഖവെള്ളിയുടെ കുരിശുയാത്രയില്‍ പങ്കെടുക്കുന്നത്.
..................
വഴിതെറ്റി ജീവിച്ച മകനെ ആശുപത്രിയില്‍ പരിചരിച്ച അമ്മയെക്കുറിച്ച് “എന്‍റെ അമ്മയെ ശരിയായി ഞാന്‍ മനസ്സിലാക്കിയത് ആശുപത്രിയിലായിരുന്നു,” എന്ന് പറഞ്ഞ മകന്‍റെ കുരിശിന്‍റെവഴിയിലെ വാക്കുകള്‍, ജീവിതക്കുരിശുകള്‍ വഹിക്കുന്ന കുടുംബങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും പ്രത്യാശയുടെ വചസ്സുകളാണെന്ന് ബ്രിഗന്തീനി അഭിപ്രായപ്പെട്ടു.

ജീവിതത്തില്‍ സഹനം വ്യര്‍ത്ഥമല്ല, സഹനത്തിന് അര്‍ത്ഥമുണ്ട്, അത് രക്ഷാകരമാണെന്നും കുരിശിന്‍റെവഴി വ്യക്തമാക്കുന്നു. ഈ ലോകത്ത് വേദിനിക്കുന്ന മനുഷ്യരില്‍ ക്രിസ്തുവിന്‍റെ മാനുഷികമുഖമാണ് പ്രതിഫലിപ്പിക്കുന്നതെന്നും, അതുപോലെ ഒറ്റപ്പെട്ടു നില്ക്കുന്നത് എന്ന് തോന്നാവുന്ന കുരിശുയാത്രുയുടെ സംഭവങ്ങളില്‍ ആത്മീയ ഐക്യത്തിന്‍റെയും സമഗ്രതയുടെയും അന്തര്‍ധാരകള്‍ ധ്യാനചിന്തകളിലൂടെ പുറത്തുകൊണ്ടുവരുവാന്‍ പരിശ്രമിച്ചിട്ടുണ്ടെന്നും ആര്‍ച്ചുബിഷപ്പ് ബ്രിഗന്തീനി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.