2014-04-16 19:43:34

അനുരഞ്ജനപാതയില്‍ ആര്‍ജ്ജിക്കേണ്ട
വിശുദ്ധനാടിന്‍റെ സമാധാനം


16 ഏപ്രില്‍ 2014, ജരൂസലേം
സമാധാനം വളര്‍ത്താന്‍ സമൂഹത്തില്‍ നീതിയും അനുരഞ്ജനവും യാഥാര്‍ത്ഥ്യമാക്കണമെന്ന് വിശുദ്ധനാട്ടിലെ സഭാദ്ധ്യക്ഷന്മാരുടെ സംയുക്ത സന്ദേശം അഭ്യര്‍ത്ഥിച്ചു. ആസന്നമാകുന്ന ഈസ്റ്റര്‍ മഹോത്സവത്തോടനുബന്ധിച്ച് ലത്തീന്‍ പാത്രിയാര്‍ക്കിസ്, ആര്‍ച്ചുബിഷപ്പ് ഫവത് ത്വാല്‍ ഉള്‍പ്പെടെ, വിവിധ ക്രൈസ്തവ സമൂഹങ്ങളിലെ
13 പാത്രിയാര്‍ക്കിസുമാര്‍ സംയുക്തമായി ജരൂസലേമില്‍നിന്നും പുറത്തിറക്കിയ ഈസ്റ്റര്‍ സന്ദേശത്തിലാണ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ക്രിസ്തുവിന്‍റെ പാദസ്പര്‍ശത്താല്‍ പരിപാവനമായതും, അവിടുത്തെ ഉത്ഥാനത്തിന് സാക്ഷിയാവുകയും സുവിശേഷം പ്രഘോഷിക്കപ്പെടുകയും ആദിമ ക്രൈസ്തവസമൂഹത്തിന്‍റെ മാതൃഗേഹമാവുകയുംചെയ്ത ചരിത്രഭൂമിയാണ് ഇന്ന് വംശീയ കലാപത്തിന്‍റെ കലുഷിത മേഖലയായും സമാധാനം നഷ്ടപ്പെട്ട അവസ്ഥയിലും എത്തിയിരിക്കുന്നതെന്ന് സന്ദേശത്തില്‍ പിതാക്കാന്മാര്‍ ചൂണ്ടിക്കാട്ടി. മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ സംഘട്ടനത്തിന്‍റെ സങ്കീര്‍ണ്ണമായ സമകാലീനാന്തരീക്ഷം ക്രിസ്തുവിന്‍റെ ഉത്ഥാന പ്രഭയിലും സുവിശേഷമൂല്യങ്ങളുടെ വെളിച്ചത്തിലും പ്രകാശപൂര്‍ണ്ണമാക്കാനാകുമെന്ന് സന്ദേശം പ്രത്യാശപ്രകടപ്പിച്ചു.

സമാധനം ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാ സഭകളും ക്രൈസ്തവ സമൂഹങ്ങളും, മാത്രമല്ല സന്മനസ്സുള്ള സകലരും വംശീയ വര്‍ഗ്ഗീയ ചിന്തകള്‍ മറന്ന് അര്‍പ്പണത്തോടും ഐക്യത്തോടുംകൂടെ വിശുദ്ധനാടിന്‍റെയും മദ്ധ്യപൂര്‍വ്വദേശത്തിന്‍റെയും അനുരഞ്ജനത്തിനും സമാധാനത്തിനുമായി പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യണമെന്നും സന്ദേശം ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.