2014-04-16 18:04:58

അഗതിമന്ദിരത്തിലെ കാലുകഴുകല്‍ ശുശ്രൂഷ
വേദനിക്കുന്നവര്‍ക്ക് പാപ്പായുടെ സാന്ത്വനസ്പര്‍ശം


16 ഏപ്രില്‍ 2014, വത്തിക്കാന്‍
ഏപ്രില്‍ 17 പെസഹാവ്യാഴം രാവിലെ 9.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലക്കിയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള തൈലാശിര്‍വ്വാദകര്‍മ്മവും പൗരോഹിത്യകൂട്ടായ്മയുടെ സമൂഹബലിയര്‍പ്പണവും നടക്കും. പാപ്പാ വചനം പങ്കുവയ്ക്കും. വൈകുന്നേരം 5 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പെസഹാ ബലിയര്‍പ്പണം നടക്കുമെങ്കിലും, പാപ്പായുടെ പരിപാടി വത്തിക്കാനു പുറത്ത്, ഏകദേശം 8 കിലോമീറ്റര്‍ അകലെയുള്ള റോമിലെ ഡോണ്‍ നോക്കി ഫൗണ്ടേഷന്‍റെ അഗതിമന്ദിരത്തിലെ അംഗവൈകല്യമുള്ളവരുടെ മദ്ധ്യേയായിരിക്കും. അവരില്‍ 12 പേരുടെ കാലുകഴുകല്‍ ശുശ്രൂഷ നടത്തുന്ന പാപ്പാ തുടര്‍ന്ന് തിരുവത്താഴപൂജ അര്‍പ്പിക്കുകയും വചനം പങ്കുവയ്ക്കുകയും ചെയ്യുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

അഗതിമന്ദിരത്തില്‍ കാലുകഴുകല്‍ ശുശ്രൂഷ നടത്തുന്നത് വേദനിക്കുന്ന ലോകത്തിന് പാപ്പാ നല്കുന്ന സാന്ത്വനസ്പര്‍ശമാണെന്ന് പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ആഞ്ചെലോ ബസ്സാരി പ്രസ്താവിച്ചു.
ഏപ്രില്‍ 15-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് ബസ്സാരി ഇങ്ങനെ പ്രസ്താവിച്ചത്.

ഇക്കുറി ഏപ്രില്‍ 17-ാം തിയതി പെസഹാവ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് കാലുകഴുകള്‍ ശുശ്രൂഷയും തിരുവത്താഴപൂജയും റോമിലുള്ള ഡോണ്‍ നോക്കി ഫൗണ്ടേഷന്‍റെ ‘പ്രോവിഡന്‍സ് ഹോമി’ലെ അംഗവൈകല്യമുള്ള അന്തേവാസികള്‍ക്കൊപ്പം ആചരിക്കുമ്പോള്‍, ലോകത്തു പാവങ്ങളായവരോടുള്ള സുവിശേഷ കാരുണ്യവും സ്നേഹവുമാണ് പാപ്പാ ഫ്രാന്‍സിസ് പ്രകടമാക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ബസ്സാരി വെളിപ്പെടുത്തി.

വാഴ്ത്തപ്പെട്ട ഡോണ്‍ നോക്കി (1902–1956) സ്ഥാപിച്ച ഇതുപോലുള്ള 29 അഗതിമന്ദിരങ്ങളും ആതരാലയങ്ങലും ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെന്നും കുടുംബങ്ങളില്‍ പരിചരിക്കാന്‍ സാധിക്കാത്തത്ര തീവ്രമായ ആംഗവൈകല്യങ്ങളും ബുദ്ധിവൈകല്യങ്ങലുമുള്ള 3000-ല്‍പ്പരം പാവങ്ങളെ ഈ സ്ഥാപനങ്ങളുടെ പരിചരണത്തില്‍ കഴിയുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് ബസ്സാരി വ്യക്തമാക്കി. പാപ്പാ സന്ദര്‍ശിക്കുന്ന റോമിലെ കേന്ദ്രത്തില്‍ പരാശ്രയംവേണ്ടുന്ന അഗതികളായ 60 അംഗവൈകല്യമുള്ളവരും അത്രത്തോളെതന്നെ ബുദ്ധിവൈകല്യങ്ങള്‍ ഉള്ളവരും ഉണ്ടെന്നും അഭിമുഖത്തില്‍ ആര്‍ച്ചുബിഷപ്പ് ബസ്സാരി അറിയിച്ചു.
Photo : Pope Francis washing the feet of the juvenile prisoners of Casal del Marmo in Rome on 28 March, 2013.








All the contents on this site are copyrighted ©.