2014-04-16 19:51:22

നവസഹസ്രാബ്ദത്തിലെ
ക്രൈസ്തവരുടെ സഹനസമൂഹം


16 ഏപ്രില്‍ 2014, റോം
നവസഹസ്രാബ്ദത്തിലും സഭ സഹന സമൂഹമാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പീറ്റര്‍ പരോളില്‍ പ്രസ്താവിച്ചു. ഏപ്രില്‍ 15-ാം തിയതി വൈകുന്നേരം റോമില്‍ ത്രസ്തേവരെയിലുള്ള പരിശുദ്ധ കന്യകാ നാഥയുടെ മഹാദേവാലയത്തില്‍ സഭയിലെ നവരക്തസാക്ഷികള്‍ക്കുവേണ്ടി അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

വിശ്വാസവും സുവിശേഷമൂല്യങ്ങളും ജീവിക്കുന്നതിന്‍റെ പേരിലും, ക്രിസ്തീയ സ്ഥാപനങ്ങളിലൂടെ സമൂഹത്തില്‍ സാധാരണക്കാരും പാവങ്ങളുമായവര്‍ക്ക് അറിവും നന്മയും പകര്‍ന്നുകൊടുക്കുന്നതിന്‍റെ പേരിലും, ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ വിശിഷ്യാ സിറിയ, പാക്കിസ്ഥാന്‍, ഇന്തൊനേഷ്യാ, ഇറാക്ക്, ഇന്ത്യ, നൈജീരിയ, കേനിയ, മദ്ധ്യാഫ്രിക്കാ മുതലായ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ ഇന്നും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ പരോളില്‍, സാന്‍ എജീഡിയോ അന്തര്‍ദേശീയ സമൂഹ്യസംഘടന സംവിധാനംചെയ്ത സഭയിലെ നവരക്തസാക്ഷികള്‍ക്കുവേണ്ടിയുള്ള ശുശ്രൂഷയില്‍ കര്‍ദ്ദിനാള്‍ പരോളിന്‍ പങ്കുവച്ചു.

ലോകത്ത് ഇന്നും സംഭവിക്കുന്ന ജീവസമര്‍പ്പണങ്ങള്‍ തങ്ങളുടെ വസ്തുവകകള്‍ സംരക്ഷിക്കുവാനോ, ഭൂമി പിടിച്ചെടുക്കുവാനോ, മറ്റു സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കോ വേണ്ടിയല്ല, മറിച്ച് ക്രിസ്തുവിനും അവിടുത്തെ സുവിശേഷമൂല്യങ്ങള്‍ക്കും വേണ്ടിയാണെന്ന വസ്തുത പ്രസ്താവ്യമാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ക്രിസ്തുസാക്ഷൃത്തിനായുള്ള ആദിമക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന്‍റെ പൈതൃകം ഇന്നും ഓര്‍മ്മിക്കുകയും ജീവിക്കുകയും ചെയ്യുന്നതിന്‍റെ തെളിവുകളാണ് നവയുഗത്തിലും ക്രൈസ്തവമക്കള്‍ സുധൈര്യം ഏറ്റെടുക്കുന്ന രക്തസാക്ഷിത്വമെന്ന് കര്‍ദ്ദിനാള്‍ പരോളില്‍ വിശേഷിപ്പിച്ചു.
Photo : the martyrs of Bagdaad
All the contents on this site are copyrighted ©.