2014-04-15 09:29:24

സങ്കീര്‍ത്തനങ്ങള്‍ (3)
ദൈവാനുരാഗത്തിന്‍റെ ഗീതങ്ങള്‍


RealAudioMP3 സങ്കീര്‍ത്തനങ്ങളുടെ പശ്ചാത്തലപഠനം തുടരുകയാണ്.
ബൈബിളിലെ എല്ലാ സങ്കീര്‍ത്തനങ്ങളും ദൈവത്തെ കേന്ദ്രീകരിച്ചാണെന്ന് പറയേണ്ടതില്ലല്ലോ. ദൈവത്തെക്കുറിച്ചുള്ള സങ്കീര്‍ത്തകന്‍റെ കലര്‍പ്പില്ലാത്ത വീക്ഷണമാണ് നമ്മുടെ ഇന്നത്തെ പഠനവിഷയം.

ദൈവത്തെ സ്രഷ്ടാവായി ചിത്രീകരിക്കുകയും പാടി സ്തുതിക്കുകയും ചെയ്യുന്ന 104-ാം സങ്കീര്‍ത്തനത്തിന്‍റെ വളരെ നല്ലൊരു ഗാനാവിഷ്ക്കാരമാണ് പഠനസഹായിയായി ഇന്ന് നാം ഉപയോഗിക്കുന്നത്. പുഴകളും മലകളും സ്രഷ്ടാവായ ദൈവത്തിന്‍റെ മഹത്വം ഏറ്റു പാടുന്ന നല്ലൊരു ഗീതം. ദൈവത്തെ എല്ലാറ്റിന്‍റെയും സ്രഷ്ടാവായി വീക്ഷിക്കുകയാണ് സങ്കീര്‍ത്തകനും ഗാനസംവിധായകരും...
ഫാദര്‍ ജോയി ആലപ്പാട്ട്, പുഴയോരത്തും മലയോരത്തും ജീവിക്കുന്ന വ്യക്തിയാണ്.
104-ാം സങ്കീര്‍ത്തനം പ്രചോദനമായെടുത്തുകൊണ്ടാണ് അദ്ദേഹം ഈ ഗീതം രചിച്ചിരിക്കുന്നത്. വരികളുടെ ഭാവം പണവിട വിട്ടുപോകാതെ കെ. ജെ. യേശുദാസ് ഭാവാര്‍ദ്രമായി ദൈവത്തെ സ്തുതിച്ചു പാടിയിരിക്കുന്നു. വരികള്‍ക്ക് ഈണംപകര്‍ന്നത് പരിചയസമ്പന്നനായ സംഗീതസംവിധായകനും ഗായകനുമായ ജെ. എം. രാജുവാണ്.

Song adapted from Psalm 104

പുഴകളേ, സാദരം മോദമായ് പാടുവിന്‍
മലകളേ, നാഥനിന്‍ മഹിമകള്‍ കീര്‍ത്തിപ്പിന്‍
യഹോവയിന്‍ മഹിമകള്‍ സവിനയം മുഴക്കുവിന്‍
സാന്ത്വനം, മധുരം, സുഖകരം....

കവികളെയും കലാകരാന്മാരേയും സങ്കീര്‍ത്തനങ്ങള്‍ എപ്പോഴും ഉത്തേജിപ്പിച്ചിട്ടുണ്ട്. സങ്കീര്‍ത്തനങ്ങളുടെ മൂലംരൂപം വെടിഞ്ഞ്, തങ്ങള്‍ക്ക് പ്രചോദനവും ഉത്തേജനവും
പകരുന്ന ഭാഗങ്ങള്‍ വികസിപ്പിച്ച് ഉപയോഗിക്കുന്ന രീതി സാധാരണമാണ്, പ്രത്യേകിച്ച് സാഹിത്യലോകത്ത്. ഇതുപോലെ മലയാളത്തില്‍ ഒത്തിരി ഭക്തിഗാനങ്ങള്‍ സങ്കീര്‍ത്തനങ്ങളെ ആധാരമാക്കി പിറവിയെടുത്തിട്ടുണ്ട് എന്ന വസ്തുതയും ഇത്തരുണത്തില്‍ അനസ്മരണീയമാണ്.
ദൈവത്തിന്‍റെ അസ്തിത്വം സങ്കീര്‍ത്തകന് ഒരിക്കലും വിവാദവിഷയമല്ല. കാരണം, അത് അയാള്‍ക്ക് അത്ര സുവ്യക്തമാണ്, സ്പഷ്ടമാണ്. ‘ഭോഷന്‍ മാത്രമാണ് ദൈവത്തിന്‍റെ അസ്തിത്വത്തെ സംശയിക്കുകയും ചോദ്യംചെയ്യുകയും ചെയ്യുന്നത്’ എന്നതാണ് സങ്കീര്‍ത്തകന്‍റെ ഭാഷ്യം (14, 1). “ ‘ദൈവമില്ല’ എന്ന് മൂഢന്‍ തന്‍റെ ഹൃദയത്തില്‍ പറയുന്നു,” എന്നു പ്രസ്താവിച്ചുകൊണ്ടാണ് 14-ാം സങ്കീര്‍ത്തനം ആരംഭിക്കുന്നത്.
അങ്ങനെ, ദൈവം ഉണ്ടെന്നുള്ളതിനു തെളിവുകള്‍ സങ്കീര്‍ത്തകന്‍ ഒരിക്കലും തേടുന്നില്ല. മാത്രമല്ല, ദൈവത്തിക്കുറിച്ചുള്ള വിവാദകോലാഹലങ്ങള്‍ ഉയര്‍ത്താനും അയാള്‍ ഒരിടത്തും പരിശ്രമിക്കുന്നുമില്ല. മറിച്ച് ദൈവത്തെ സ്തുതിക്കുക, മഹത്ത്വപ്പെടുത്തുക എന്നതുമാത്രമാണ് അയാള്‍ കരണീയമായി കാണുന്നത്. (29, 1 ... 34, 1). നൂതനമായ കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ട് ദൈവത്തെ സ്തുതിക്കുകയും അത്യുന്നതനു നന്ദിപ്രകാശിപ്പിക്കുകയും വേണം (33, 3ചച 57, 7). അതുകൊണ്ട്, എല്ലാ സ്തുതിയും ബഹുമതിയും മഹിമയും ദൈവത്തിനു മാത്രം, എന്നും സങ്കീര്‍ത്തകന്‍ സമര്‍ത്ഥിക്കുന്നുണ്ട്.

സങ്കീര്‍ത്തകന്‍റെ ഭാഷയില്‍ ദൈവം സര്‍വ്വജ്ഞാനിയും, സര്‍വ്വവ്യാപിയും, നിത്യനും, അമര്‍ത്യനും, സജീവനുമാണ്, ആകയാല്‍ അവിടുന്ന് എല്ലാ സ്തുതിസ്തോത്രങ്ങള്‍ക്കും യോഗ്യനുമാണെന്ന് സങ്കീര്‍ത്തകന്‍ പ്രഖ്യാപിക്കുന്നു. അവിടുത്തെ സാന്നിദ്ധ്യംകൊണ്ട് സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. അതുകൊണ്ട്, ദൈവത്തിന്‍റെ ദൃഷ്ടിയില്‍നിന്ന് ഓടിയൊളിക്കുക സാദ്ധ്യമല്ല, എന്നാണ് അദ്ദേഹം പറയുന്നത്. അവിടുത്തെ സാന്നിദ്ധ്യവും സാമീപ്യവും നേതൃത്വമായും, സംരക്ഷണമായും സങ്കീര്‍ത്തകന് അനുദിനം അനുഭവവേദ്യമാകുന്നതും, ബോധ്യപ്പെടുന്നതും വരികളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നിഴലിക്കുന്നുണ്ട്. (139, 7..). ഉദാഹരണത്തിന്, നൂറ്റാണ്ടുകളായി നിലനല്ക്കുന്ന പര്‍വ്വതങ്ങള്‍ ദൈവത്തിന്‍റെ നിത്യതയുടെയും അചഞ്ചല സ്നേഹത്തിന്‍റെയും പ്രതീകമായി അയാള്‍ മനസ്സിലാക്കുകയും, തന്‍റെ രചനയില്‍ ഉപമിക്കുകയും, പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു (90, 2-6).
കൂടാതെ, മനുഷ്യന്‍റെ അല്പായുസ്സും ദൈവത്തിന്‍റെ അനന്തതയും തമ്മില്‍ തുലനംചെയ്തുകൊണ്ട്, അത്യത്ഭുതത്തോടെ ദൈവത്തെ സ്തുതിച്ച്, ഏറ്റുപാടുന്നു, പ്രകീര്‍ത്തിക്കുന്നു, ‘ദൈവമേ, അങ്ങെത്ര മഹോന്നതനാണ്’ (8, 1).
(102, 12..). സര്‍വ്വവ്യാപിയും നിത്യനുമായ ദൈവം എല്ലാം കാണുന്നു, കേള്‍ക്കുന്നു, അറിയുന്നെന്നും (94, 9), അനുദിനം നമ്മെ കാക്കുകയും, എല്ലാം നമുക്കായി കരുതുകയും ചെയ്യുന്നുവെന്ന് സങ്കീര്‍ത്തകന്‍ പ്രഘോഷിക്കുന്നു.

Versification of Ps. 104

ദിനന്തോറും കാക്കുന്നവന്‍
എന്നെ കരതാരില്‍ കരുതുന്നവന്‍
സ്നേഹംനല്കി പുതുജീവന്‍ നല്കി
കനിവോടെ കാത്തിടും എന്‍ നാഥന്‍

ദൈവത്തിന്‍റെ പരിശുദ്ധിയും, മഹത്ത്വവും ഔന്നത്യവും
അത്ഭുതചെയ്തികളും സങ്കീര്‍ത്തനങ്ങളില്‍ ധാരളമായി പരാമര്‍ശിക്കപ്പെടുന്നുണ്ട്. പരിശുദ്ധനും മഹത്ത്വപൂര്‍ണ്ണനുമായ ദൈവത്തിന്‍റെ വലുപ്പം ആകാശ സീമകളെ അതിലംഘിക്കുന്നതാണെന്ന് സങ്കീര്‍ത്തകന്‍ വര്‍ണ്ണിക്കുന്നു, വരച്ചുകാട്ടുന്നു (113, 4).
എല്ലാ ദേവന്മാരെക്കാളും മഹത്ത്വപൂര്‍ണ്ണനും ഉന്നതനുമാണവിടുന്ന് (135, 5). അവിടുന്നാണ് അന്നുമിന്നും അത്ഭുതകരമായി ഈ പ്രപഞ്ചത്തെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് (106, 7).
അതിനാല്‍ ദൈവം സ്രഷ്ടാവും പരിപാലകനും രക്ഷകനുമായി സങ്കീര്‍ത്തനങ്ങളില്‍ പ്രകീര്‍ത്തിക്കപ്പെടുന്നു. പഴയ നിയമത്തിന്‍റെ കാഴ്ചപ്പാടില്‍ സൃഷ്ടികര്‍മ്മംവഴി ദൈവം പ്രപഞ്ചത്തിന്‍റെ ക്രമവും ചിട്ടയും സ്ഥാപിക്കുന്നു. എല്ലാത്തിനും അതിര്‍ത്തികളും ക്രമവും നിയമങ്ങളും അവിടുന്നു നല്കുന്നു. അങ്ങനെ ദൈവത്തിന്‍റെ കല്പനകള്‍ പ്രപഞ്ചശക്തികളെ അനുസ്മരിപ്പിക്കുന്നു (77, 17). കൂടാതെ സൂര്യന്‍റെയും ചന്ദ്രന്‍റെയും നക്ഷത്രങ്ങളുടെയും സൃഷ്ടികര്‍മ്മം അവിടുന്നാണ് നിര്‍വ്വഹിച്ചത് (121, 1). മനുഷ്യന്‍ ചിന്തിക്കാത്ത, ശ്രദ്ധിക്കാത്ത തലങ്ങളിലും തരത്തിലും അവിടുത്തെ അതിസൂക്ഷ്മമായ പരിപാലന നാം അനുഭപ്പെടുന്നത് സങ്കീര്‍ത്തകന്‍ ഏറ്റുപാടുന്നു (139, 2). കൂടാതെ, ദൈവത്തിന്‍റെ രക്ഷാകര ചെയ്തികളും സങ്കീര്‍ത്തനങ്ങളില്‍ പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട് (91, 1... 41, 2).
സാധാരണഗതിയില്‍ നമുക്ക് വലിയ പരിചയമില്ലാത്ത ശൈലിയിലും സങ്കീര്‍ത്തകന്‍ ദൈവത്തെ വര്‍ണ്ണിക്കുന്നുണ്ട്. കര്‍ത്താവ് എന്‍റെ പാറയും കോട്ടയും, മോചകനും പരിചയും, രക്ഷയുടെ കൊമ്പും ശക്തീകേന്ദ്രവുമാണ്, എന്നു പറയുന്നത് സാധാരണ നമ്മുടെ ശൈലിയല്ലെന്നു പറയേണ്ടതില്ല (18, 2). മാറ്റമില്ലാത്ത പരംപൊരുളാകുന്ന ദൈവത്തെയാണ് ഇവിടെ സങ്കീര്‍‍ത്തകന്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. അതുപോലെ, എല്ലാ ആശ്രയവും അഭയവും അവസാനിച്ചാലും ഉറപ്പുള്ള, നിലനില്ക്കുന്ന അഭയകേന്ദ്രമാണ് ദൈവം. ദൈവത്തിന്‍റെ കാരുണ്യവും സ്നേഹവും കോപവും സങ്കീര്‍ത്തകന് പരിചിതമാണ്. അവിടുത്തെ കാരുണ്യം ആകാശംവരെ മുട്ടിനില്ക്കുന്നു, മുറ്റിനില്ക്കുന്നു (36, 6-8). അവിടുന്ന് നീതിമാന്മാരെ സ്നേഹിക്കുന്നു (146, 8). അവിടുത്തെ കോപത്തില്‍ ശിക്ഷിക്കപ്പെടാതിരിക്കാനും അയാള്‍ പ്രാര്‍ത്ഥിക്കുന്നു (6, 2).
അങ്ങനെ മനുഷ്യന്‍റെ ജീവിതയാത്രയില്‍ ദൈവം അവന്, അവര്‍ക്ക് വഴിവിളക്കാണ് വെളിച്ചമാണ്, അവിടുന്ന് ആശ്വാസക്കടലാണ്, അവിടുന്ന് കുളിര്‍ക്കാറ്റാണ്... ഇങ്ങനെ പോകുന്നു, സങ്കീര്‍ത്തനങ്ങളിലെ ദൈവത്തിന്‍റെ ദര്‍ശനം.

Adapted version of Ps. 104

ജീവന്‍റെ വിളക്കാണവന്‍
എന്‍റെ ആശ്വാസക്കടലാണവന്‍
എരിതീയിലും കടല്‍ക്കാറ്റിലും
കുളിര്‍ കാറ്റായ് വീശുന്നു നാഥന്‍

ദൈവത്തെ മാത്രം എല്ലാറ്റിന്‍റെയും കേന്ദ്രമാക്കിയിരിക്കുന്ന സങ്കീര്‍ത്തകന്‍റെ
പല വീക്ഷണങ്ങളില്‍ ഒന്നാണ്, അവിടുന്ന് സ്രാഷ്ടാവാണ് എന്നത്. മനുഷ്യന്‍ സൃഷ്ടിയുടെ മകുടമാണെങ്കില്‍, പുഴകളും മലകളും മരങ്ങളും കടലും കരയുമെല്ലാം മനുഷ്യന്‍റെ നന്മയ്ക്കായി ദൈവം നല്കിയിരിക്കുന്ന ദാനങ്ങളാണ്. സങ്കീര്‍ത്തകന്‍ പ്രപഞ്ചത്തെ ഭാവാത്മകമായി വര്‍ണ്ണിച്ചുകൊണ്ട്, അതിന്‍റെ സ്രഷ്ടാവായ ദൈവത്തെത്തന്നെയാണ് പാടിസ്തുതിക്കുന്നത്, മഹത്വപ്പെടുത്തുന്നത്.








All the contents on this site are copyrighted ©.