2014-04-15 17:28:42

വത്തിക്കാനിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ


15 ഏപ്രിൽ 2014, വത്തിക്കാൻ

വത്തിക്കാനിൽ ഫ്രാൻസിസ് മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ കാര്യക്രമം.
ഏപ്രില്‍ 17-ാം തിയതി പെസഹാ വ്യാഴാഴ്ച
ഇറ്റലിയിലെ സമയം രാവിലെ 9.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍വച്ച് തൈലാശീര്‍വ്വാദ കര്‍മ്മവും, തുടര്‍ന്ന് പൗരോഹിത്യത്തിന്‍റെ കൂട്ടായ്മ പ്രഘോഷിക്കുന്ന ദിവ്യബലിയും മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടും. പാപ്പ അദ്ധ്യക്ഷനായിരിക്കുന്ന റോമാ രൂപതയിലെ കര്‍ദ്ദിനാളന്മാരും മെത്രാന്മാരും വൈദികരും സന്ന്യസ്തരുമാണ് ഈ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യമായും പങ്കെടുക്കുന്നത്.

പെസഹാ വ്യാഴാഴ്ചയിലെ പ്രധാന ഇനമായ പാദക്ഷാളന കര്‍മ്മത്തിനും തിരുവത്താഴ പൂജയ്ക്കും വേദിയാകുന്നത്, പാവപ്പെട്ട രോഗികളെയും അംഗവൈകല്യമുള്ളവരെയും പരിചരിക്കുന്ന ഒരു അഗതിമന്ദിരമാണ്. ‘മറിയത്തിന്‍റെ ദൈവപരിപാലനയുടെ ഭവനം’ എന്ന പേരില്‍ അറിയപ്പെടുന്ന, 200 ഓളം അഗതികളും വികലാംഗരുമായ അന്തേവാസികളുള്ള സ്ഥാപനമാണ് ഡോണ്‍ കാര്‍ളോ ഞ്യോക്കി ഫൗണ്‍ഡേഷന്‍ നടത്തുന്ന ഈ അഗതി മന്ദിരം. സ്ഥാപനത്തോടു ചേര്‍ന്നുള്ള കപ്പേളയില്‍ പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന പെസഹാ ശുശ്രൂഷയിൽ അന്തേവാസികൾക്കൊപ്പം അവരുടെ ബന്ധുമിത്രാദികളും, സമീപവാസികളും പങ്കെടുക്കും.

ഏപ്രില്‍ 18-ാം തിയതി ദുഃഖവെള്ളി,
വൈകുന്നേരം 5 മണിക്കായിരിക്കും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ പീഡാനുഭവ വചനശുശ്രൂഷ, വചനപ്രഘോഷണം, കുരിശാരാധന, ദിവ്യകാരുണ്യസ്വീകരണം എന്നീ തിരുകർമ്മങ്ങൾ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുക.

പ്രാദേശിക സമയം രാത്രി 9.15ന് കൊളോസിയത്തില്‍ മാര്‍പാപ്പ നയിക്കുന്ന കുരിശിന്‍റെവഴി ആരംഭിക്കും. ഇറ്റലിയിലെ കാംപോബാസോ – ബൊയിയാനോ അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ജ്യാൻകാർലോ മരിയ ബ്രെഗാൻതിനിയാണ്, വിശുദ്ധവാരത്തില്‍ ഏറ്റവുമധികം ജനപങ്കാളിത്തമുള്ള പീഡാനുഭവയാത്രയുടെ ഈ വര്‍ഷത്തെ പ്രാര്‍ത്ഥകള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഏപ്രില്‍ 19-ാം തിയതി വലിയ ശനിയാഴ്ച
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ മാര്‍പാപ്പ നയിക്കുന്ന പെസഹാ ജാഗര ശുശ്രൂഷകള്‍ പ്രാദേശിക സമയം രാത്രി 8.30ന് ആരംഭിക്കും. പുത്തന്‍ തീയുടെയും ജലത്തിന്‍റേയും ആശിര്‍വ്വാദം, പെസഹാ പ്രഘോഷണം, ജ്ഞാനസ്നാന വ്രതവാഗ്ദാനം എന്നിവ ഉള്‍പ്പെടുന്ന സാഘോഷമായ ദിവ്യബലിയാണ് ക്രിസ്തുവിന്‍റെ തിരുവുത്ഥാനം പ്രഘോഷിക്കുന്ന പെസഹാ ജാഗര ശുശ്രൂഷയിലെ മുഖ്യഇനങ്ങള്‍. തിരുന്നാൾ ദിവ്യബലിമദ്ധ്യേ പാപ്പ വചനപ്രഘോഷണവും നടത്തും.

ഏപ്രില്‍ 20-ാം തിയതി ഈസ്റ്റര്‍ ഞായറാഴ്ച
പ്രാദേശിക സമയം രാവിലെ 10.15 (ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 1.45ന്) വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ താല്ക്കാലിക ബലിവേദിയില്‍ പാപ്പ ഈസ്റ്റര്‍ ദിവ്യബലി അര്‍പ്പിക്കുകയും വചനപ്രഘോഷണം നടത്തുകയും ചെയ്യും.
തുടര്‍ന്ന് ‘റോമാ നഗരത്തിനും ലോകത്തിനുമായി,’ (urbi et orbi) എന്ന സന്ദേശം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പ്രധാന മട്ടുപ്പാവില്‍നിന്നും മാർപാപ്പ നൽകും.
ലോകമാധ്യമ ശ്രദ്ധ ആകർഷിക്കുന്നതും വിശുദ്ധ വാരാഘോഷങ്ങളുടെ ഉച്ചസ്ഥായിയുമായ പരിപാടിയാണ് പാപ്പായുടെ ഊര്‍ബി ഏത് ഓര്‍ബി സന്ദേശത്തോടെ വത്തിക്കാനിലെ വിശുദ്ധവാര പരിപാടികള്‍ സമാപിക്കും.
All the contents on this site are copyrighted ©.